ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലണ്ടൻ∙ കോവിഡ് രോഗം ഭേദമായവരുടെ രക്തം കോവിഡ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കാൻ യുകെയുടെ ശ്രമം. കോവിഡ് രോഗം ഭേദമായവർ പരീക്ഷണങ്ങൾക്കായി അവരുടെ രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് എൻഎച്ച്എസ് ബ്ല‍ഡ് ആൻഡ് ട്രാൻസ്പ്ലാന്റ് (എൻഎച്ച്എസ്ബിടി) അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ.

യുഎസിൽ 1,500 ആശുപത്രികളെ ഉള്‍പ്പെടുത്തി ഈ വിഷയത്തിൽ വലിയ പദ്ധതികൾ തന്നെ പുരോഗമിക്കുന്നുണ്ട്. ഒരാൾക്ക് കോവിഡ് 19 രോഗം ബാധിച്ചാൽ വൈറസിനെ ചെറുക്കാനായി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികൾ നിർമിക്കും. രക്തത്തിലെ പ്ലാസ്മയിൽ ഇതിന്റെ സാന്നിധ്യം ഉണ്ടാകും. രോഗം മാറിയവരിൽനിന്ന് പ്ലാസ്മയെടുത്ത് രോഗത്തോടു പോരാടുന്നവർ‌ക്കു നൽകുന്നതിനാണു നീക്കം.

ഇങ്ങനെ ലഭിക്കുന്ന പ്ലാസ്മ പരീക്ഷണങ്ങൾക്കു വിധേയമാക്കി കോവിഡ് ചികിത്സയ്ക്ക് സാധ്യമാണോയെന്നു പരിശോധിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. പൂർണ അനുമതി ലഭിച്ചാലാണ് ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുക. അനുമതിക്കായി സർക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ അറിയിച്ചു. രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് പ്രതിരോധം സാധ്യമാക്കാൻ യുകെയിലെ മറ്റു പല സംഘങ്ങളും ശ്രമിക്കുന്നുണ്ട്.

സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രസിഡന്റും ലണ്ടനിലെ മൂന്ന് ആശുപത്രികളുടെ എക്സിക്യൂട്ടിവ് ‍ഡയറക്ടറുമായ പ്രഫസർ സർ റോബർട്ട് ലെച്ച്‍ലെറും പ്ലാസ്മ പരിശോധന ചെറിയ രീതിയിൽ നടത്താമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മറ്റു ചികിത്സാ മാർഗങ്ങളൊന്നും ഇല്ലാത്ത രോഗം ഗുരുതരമായി ബാധിച്ച രോഗികളില്‍ പ്ലാസ്മ ഉപയോഗിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

പ്ലാസ്മ ചികിത്സയിൽ പ്രതീക്ഷ വച്ചു നിരവധി പരീക്ഷണങ്ങളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. മൂന്ന് ആഴ്ചകൊണ്ടു യുഎസിൽ രാജ്യവ്യാപകമായ പദ്ധതിയാണു നടത്തുന്നത്. ഇതിനകം 600 രോഗികളെ പരിശോധനയ്ക്കു വിധേയമാക്കി. ലോകപ്രശസ്തമായ മയോ ക്ലിനിക്കിലെ പ്രഫസർ മൈക്കേൽ ജോയ്നറാണു യുഎസിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. പ്ലാസ്മയെക്കുറിച്ച് ഇനിയും ഏറെ മനസ്സിലാക്കാനുണ്ടെന്ന് മൈക്കേൽ‌ ജോയ്നർ പറഞ്ഞു. അതിലെ ഘടകങ്ങൾ, ആന്റിബോഡിയുടെ അളവുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം മാറിയ ആളിൽനിന്ന് രക്തം ശേഖരിച്ച് ഉപയോഗിക്കുന്നതു വൈദ്യ ശാസ്ത്രത്തില്‍ പുതിയ സംഭവമല്ല. നൂറ് വർഷം മുൻപ് സ്പാനിഷ് ഫ്ലൂ പടർന്നപ്പോൾ ഈ രീതി ഉപയോഗിച്ചിരുന്നു. കൂടാതെ എബോള, സാർസ് എന്നിവ വന്നപ്പോഴും ഇതു പരീക്ഷിച്ചു. എന്നാല്‍ രക്തം ഉപയോഗിച്ചുള്ള ചികിത്സ കൊറോണയ്ക്കെതിരെ എത്രത്തോളം ഗുണകരമാകുമെന്നതിനു വലിയ ഗവേഷണങ്ങൾ തന്നെ വേണ്ടിവരും.

പരിശോധനയ്ക്കായി നൂറുകണക്കിന് പേർ താൽപര്യം അറിയിച്ചു മുന്നോട്ടുവരുന്നതായി യുഎസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പേരാണു രക്തം നൽകാൻ താൽപര്യപ്പെടുന്നത്. 1000 യൂണിറ്റിനു മുകളില്‍ ഇതിനകം ശേഖരിച്ചു. എന്നാൽ പ്ലാസ്മ അതിവേഗം രോഗം മാറ്റാനുള്ള വഴിയല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ കൊറോണയ്ക്കെതിരെ കാര്യമായ ചികിത്സകളൊന്നും ഇല്ലാത്തതിനാൽ വാക്സിൻ കണ്ടെത്തുന്നതു വരെയെങ്കിലും പ്ലാസ്മ ചികിത്സയിലും പ്രതീക്ഷ വയ്ക്കണം.

കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി

കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേർതിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും. കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്‌സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും. 

എന്താണ് ജീനോം സീക്വൻസിങ്?

എന്താണ് ജീനോം?

തുടരെത്തുടരെ ‘ജനിതക സ്വഭാവം’ മാറ്റുന്നുവെന്നതാണ് കൊറോണ പോലുള്ള ആർഎന്‍എ വൈറസുകളുടെ പ്രശ്നം. ഒരു ജനിതക സ്വഭാവം പഠിച്ച് ഗവേഷകർ മരുന്ന് തയാറാക്കുമ്പോഴേക്കും അതു മാറിയിട്ടുണ്ടാകും. പുതിയ കൊറോണ വൈറസിലും പല തവണ ജനിതക തിരുത്തലുകൾ (മ്യൂട്ടേഷൻ) സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ ജീനോം സീക്വൻസിങ് ഗവേഷകർക്കു മുന്നിലുള്ള വലിയ വെല്ലുവിളിയാകുന്നത്.

ഒരു വൈറസിനെ രൂപപ്പെടുത്തുന്ന എല്ലാ ജീനുകളും ചേർന്നതാണ് ഒരു ജീനോം. ഈ ജീനോമിനോ അതിന്റെ ഭാഗങ്ങൾക്കോ സംഭവിക്കുന്ന മാറ്റങ്ങളാണു ഗവേഷകർ പുതിയ വാക്സിൻ കണ്ടെത്തുന്നതിനു മുൻപു തിരിച്ചറിയേണ്ടത്. ഒരു ജീനിലെ ന്യൂക്ലിയോടൈഡുകളുടെ സീക്വൻസ് തയാറാക്കുന്നതിനെയാണ് ജീനോം സീക്വൻസിങ് എന്നുവിളിക്കുന്നത്. എ, ബി,സി,ഡി...അക്ഷരങ്ങൾ പോലെയാണത്. ആർഎൻഎയുടെയോ ഡിഎൻഎയുടേയോ അടിസ്ഥാന ഘടകമാണ് ന്യൂക്ലിയോടൈഡുകൾ.

കയറു പിരിച്ചതു പോലെ രണ്ടു നാരുകളായാണ് (strand) ഡിഎൻഎയുടെ രൂപം. എന്നാൽ ഒരൊറ്റ നാരിനാലാണ് ആർഎൻഎ രൂപപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഗവേഷകർ ഇപ്പോഴും ജീനോം സീക്വൻസിങ് നടത്തിക്കൊണ്ടിരിക്കുന്ന ആർഎൻഎ വൈറസായ ഇൻഫ്ലുവൻസ വൈറസിന്റെ കാര്യമെടുക്കാം. പരസ്പരം ചേർന്നിരിക്കുന്ന ന്യൂക്ലിയോടൈഡ് ചെയിനുകളാലാണ് ഇവയുടെ ആർഎൻഎ രൂപപ്പെട്ടിരിക്കുന്നത്. ഇവയെ കോഡ് ചെയ്തിരിക്കുന്നതാകട്ടെ എ, സി, ജി, യുഎന്നീ അക്ഷരങ്ങളാലും. അഡനിൻ, സൈറ്റസീൻ, ഗ്വാനീൻ, യുറേസിൽ എന്നീ നൈട്രജൻ ബേസുകളെയാണ് ഈ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ അഡനിൻ, ഗ്വാനിൻ, സൈറ്റോസിൻ, തൈമീൻ എന്നിവയാണ് ഡിഎൻഎയിൽ കാണപ്പെടുന്നത്. ആർഎൻഎയിൽ തൈമീനു പകരം കാണപ്പെടുന്നതാണ് യുറേസിൽ.

ഇങ്ങനെ ഓരോ വൈറസ് ജീനിലെയും ന്യൂക്ലിയോടൈഡുകളുടെ കൂടിച്ചേരൽ (composition) പ്രത്യേകതരത്തിലായിരിക്കും. ഇതിനെ മറ്റു വൈറസുകളുടേതുമായി താരതമ്യം ചെയ്താണ് അവ തമ്മിലുള്ള ജനിതക വ്യത്യാസം മനസ്സിലാക്കുന്നത്. ഇവിടെയാണ് ജീനോം സീക്വൻസിങ്ങിന്റെ പ്രസക്തിയും. വൈറസുകളുടെ ജീനോമിലെ ഓരോ ജീനിലും ന്യൂക്ലിയോടൈഡുകൾ എങ്ങനെ കൂടിച്ചേർന്നിരിക്കുന്നു എന്നു കണ്ടെത്തുന്നതാണ് ജീനോം സീക്വൻസിങ്. അഡനിൻ, ഗ്വാനിൻ, സൈറ്റോസിൻ, യുറേസിൽ തുടങ്ങിയവയുടെ ശ്രേണീകരണം എന്നു പറയാം.

എന്താണ് ഫുൾ ജീനോം സീക്വൻസിങ്?

വൈറസിന്റെ ജീനോമിലെ മൊത്തം ജീനുകളുടെ ശ്രേണീകരണം നടത്തുന്നതാണ് ഫുൾ ജീനോം സീക്വൻസിങ്. ഏകദേശം 13,500 വാക്കുകൾ ചേർന്നതാണ് ഈ സീക്വന്‍സിങ്. ഈ സീക്വൻസിലെ മാറ്റം നോക്കിയാണ് വൈറസുകൾക്ക് തിരുത്തൽ (മ്യൂട്ടേഷൻ) സംഭവിച്ചോയെന്നു മനസ്സിലാക്കുന്നത്. വൈറസുകളിലെ ജനിതക തിരുത്തൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വൈറസുകളുടെ പുറത്തുള്ള പ്രോട്ടീനുകളുടെ രൂപമാറ്റവും ഈ തിരുത്തലിലൂടെ സംഭവിക്കും. അങ്ങനെയാണ് പുതിയ ജീവികളിലെ കോശങ്ങളിലെ പ്രോട്ടീനുകളുമായി ബന്ധം സ്ഥാപിക്കാന്‍ വൈറസ് പ്രോട്ടീനുകൾക്കു സാധിക്കുന്നത്.

അമിനോആസിഡുകളുടെ ശ്രേണിയാലാണ് ഈ പ്രോട്ടിനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഈ അമിനോ ആസിഡുകളിലുണ്ടാകുന്ന മാറ്റമാണ് എത്രമാത്രം ശക്തമായി ഇവ മറ്റുള്ളവയിലേക്കു പടരും എന്നു നിശ്ചയിക്കുന്നത്. പൊതുവായുള്ള ഇൻഫ്ലുവൻസ എ, ബി വൈറസുകളിൽ എട്ട് ജീൻ സെഗ്മെന്റുകളാണുള്ളത്. ഇവയ്ക്കുള്ളിലാണ് ഒരു മനുഷ്യ ശരീര കോശത്തെ ആക്രമിക്കേണ്ടത് എങ്ങനെയാണെന്നും പുതിയ വൈറസുകളെ ഉൽപാദിപ്പിക്കേണ്ടതിനെക്കുറിച്ചുമുള്ള ‘നിർദേശങ്ങൾ’ ഉളളത്.

ഒട്ടകങ്ങളെ മാത്രം ആക്രമിച്ചിരുന്ന കൊറോണ വൈറസുകൾക്കു ജനിതക തിരുത്തൽ സംഭവിച്ച് അവ മനുഷ്യരിലേക്കും പടർന്നതാണ് മെർസ്. വെരുകുകളെ മാത്രം ആക്രമിച്ചിരുന്നവയ്ക്ക് തിരുത്തൽ സംഭവിച്ചതാണ് സാർസ് കോവ് 1 വൈറസ്. ഇതെല്ലാം വൈറസുകളുടെ പുറത്തുള്ള പ്രോട്ടീനുകൾക്ക് ജനിതക തിരുത്തൽ സംഭവിച്ചപ്പോൾ സാധ്യമായതാണ്. സാർസ് കോവ് 2 വൈറസ് എവിടെനിന്നാണു വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസിന്റെ ജീനോം സീക്വൻസ് കണ്ടെത്തിയാൽ അവയ്ക്കു സമാനമായ വൈറസുകൾ ഏതെല്ലാം ജീവികളിലുണ്ടെന്നു കണ്ടെത്താനാകും. അതുവഴി ഏതു ജീവിയിൽനിന്നാണു പുതിയ കൊറോണ വൈറസ് പടർന്നതെന്നും തിരിച്ചറിയാം. ഒപ്പം വാക്സിൻ നിർമാണത്തിലും നിർണായക കണ്ടെത്തലാകും അത്.

വൈറസ് ബാധയുള്ള ഒരാള്‍ക്ക് രോഗം ഭേദമാകുന്നതോടെ വീണ്ടും വൈറസ് എത്തിയാല്‍ പ്രതിരോധിക്കാനായി ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍  അതിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും. കൂടുതല്‍ ശരീരകോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയാനും ഇതിലൂടെ കഴിയും. ഒരാളുടെ പ്ലാസ്മയില്‍നിന്ന് രണ്ടു പേര്‍ക്ക് നല്‍കാനുള്ള ഡോസ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയില്‍ 34 സ്ഥാപനങ്ങളാണ് നാഷനല്‍ കോവിഡ് 19 കോണ്‍വലസെന്റ് പ്ലാസ്‌മ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

English Summary: Coronavirus: Plasma treatment to be trialled

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com