നാലു നൂറ്റാണ്ടിനു ശേഷം ‘മഹാസംഗമം’; അപൂർവദൃശ്യത്തിന് സാക്ഷികളാകാൻ ആയിരങ്ങൾ
Mail This Article
കോഴിക്കോട്∙ ‘‘തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി..’’ എന്നു മൂളിപ്പാട്ടും പാടി അവർ തൊട്ടടുത്തു വന്നിരുന്നു; നാലു നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ആ കാഴ്ച കാണാൻ ഓടിയെത്തിയത് മൂവായിരത്തോളം ആളുകളാണ്.
വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂർവ സംഗമമായ ഗ്രേറ്റ് കൺജംക്‌ഷനാണ് തിങ്കളാഴ്ച വൈകിട്ട് നടന്നത്. ഓരോ 19.6 കൊല്ലങ്ങളിലും ശനി ഗ്രഹത്തെ വ്യാഴം കടന്നുപോവാറുണ്ട്. എന്നാൽ 1623 ജൂലൈ 16നു ശേഷം ഇത്രയുമടുത്ത് ഇരുഗ്രഹങ്ങളും വരുന്നത് ഇതാദ്യമാണ്. ഭൂമിയിൽനിന്ന് ഇരുഗ്രഹങ്ങളും ഏറ്റവുമടുത്ത് കാണാൻ കഴിയുന്ന അപൂർവ സമാഗമം വീക്ഷിക്കാൻ കോഴിക്കോട് കടപ്പുറത്ത് കോർപറേഷന് എതിർവശത്ത് മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
വൈകിട്ട് ആറരയോടെയാണ് ഗ്രഹസംഗമം ദൃശ്യമായിത്തുടങ്ങിയത്. അഞ്ചു ടെലസ്കോപ്പുകളാണ് ഇതു കാണാനായി സജ്ജീകരിച്ചത്. ഇതിൽ നാലെണ്ണമാണ് പൊതുജനങ്ങൾക്ക് നിരീക്ഷണത്തിനായി ഒരുക്കിയത്. ഒരു ടെലസ്കോപ്പ് ഉപയോഗിച്ച് യൂട്യൂബിൽ തൽസമയ സംപ്രേഷണവും നടത്തി. മൂവായിരത്തോളം പേരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴം–ശനി സംഗമം കാണാനെത്തിയത്. രാത്രി എട്ടുമണി വരെ ഗ്രഹസംഗമം ദൃശ്യമായിരുന്നു.
മേഖല ശാസ്ത്രകേന്ദ്രം പ്രോജക്റ്റ് കോഓർഡിനറ്റർ മാനസ് ബാക്ഷി, ടെക്നിക്കൽ ഓഫിസർ ജയന്ത് ഗാംഗുലി, എജ്യൂക്കേഷൻ ഓഫിസർ കെ.എം.സുനിൽ, ബിനോജ്, ജസ്റ്റിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്.
English Summary: Jupiter Saturn Conjunction in Kozhikode