ക്രമസമാധാന പ്രശ്നം; വസന്തയെ കസ്റ്റഡിയിലെടുത്തു, വീട്ടിൽനിന്നു മാറ്റി
![1200-vasantha-1 1200-vasantha-1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/12/29/1200-vasantha-1.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികിൽസയ്ക്കിടെ ദമ്പതികൾ മരിച്ച സംഭവത്തിൽ അയൽവാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നങ്ങളുള്ളതിനാൽ വീട്ടിൽനിന്നു മാറ്റാനാണ് കസ്റ്റഡിയിലെടുത്തതെന്ന് ഡിവൈഎസ്പി പറഞ്ഞു.
മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങിൽ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. 2 മാസം മുൻപ് കോടതിയിൽനിന്ന് ഒഴിപ്പിക്കാൻ ആളെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജൻ തലയിലൂടെ പെട്രോൾ ഒഴിച്ചതും, അപകടമുണ്ടായതും.
ക്രമസമാധാന പ്രശ്നമുള്ളതിനാൽ വസന്തയെ സ്ഥലത്തുനിന്നു മാറ്റാൻ സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍ദേശിച്ചിരുന്നു. വസന്തയെ വീട്ടിൽനിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നു നാട്ടുകാരിൽ ചിലർ നിലപാടെടുത്തു. വസന്തയെ മാറ്റാൻ വൈകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ചോറുകഴിക്കാന്‍ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയർന്നു. കോടതി ഒഴിപ്പിക്കണമെന്നു പറഞ്ഞ സ്ഥലത്താണ് രാജനെ സംസ്കരിച്ചത്. അമ്പിളിയെയും ഇവിടെ സംസ്കരിക്കും.
തർക്കത്തിലുള്ള ഭൂമി വിട്ടു നൽകില്ലെന്നു വസന്ത പറഞ്ഞു. ഭൂമി തന്റേതാണെന്നു നിയമപരമായി തെളിയിക്കും. കഷ്ടപ്പെട്ടു വാങ്ങിയ ഭൂമിയാണ്. ഗുണ്ടായിസം കാണിച്ചതിനാൽ ഭൂമി വിട്ടു നൽകില്ല. താൻ ക്ഷമിച്ചില്ലായിരുന്നെങ്കിൽ ആ ഭൂമിയിൽ അവരെ അടക്കാൻ സമ്മതിക്കില്ലായിരുന്നു. മറ്റാർക്കെങ്കിലും ഭൂമി നൽകുമെന്നും വസന്ത പറഞ്ഞു. ആദ്യം ഭൂമി വിട്ടു നൽകുമെന്ന് പറഞ്ഞ വസന്ത പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
English Summary : Neyyatinkara Self Immolation case: Vasantha in police custody