കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
Mail This Article
തിരുവനന്തപുരം∙ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് രോഗബാധിതനായിരുന്നു.
കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായി ജനിച്ച അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. ടികെഎംഎം കോളജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം.
എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്’ എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയത്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനിൽ പനച്ചൂരാനാണ്.
വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.
അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ഭഗവാൻ, പരുന്ത്, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു.
ഭാര്യ: മായ. മക്കൾ: മൈത്രേയി, അരുൾ
English Summary: Anil Panachooran Passes Away