ADVERTISEMENT

തിരുവനന്തപുരം∙ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ഡെബിറ്റ് കാർഡുകൾ പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്ത അഞ്ചു വർഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാർഡുകൾ ആയിരിക്കും നൽകുകയെന്ന് കെഎഫ്സി സിഎംഡി ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കാർഡുകളുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇത് പ്രാവർത്തികമാക്കുക.

കെഎഫ്സി കാർഡുകൾ ഉപയോഗിച്ച്  എടിഎം, പിഒഎസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങി സാധാരണ ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇതുകൂടാതെ കാർഡുകൾ കെഎഫ്സിയുടെ മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. ഇനി മുതൽ കെഎഫ്സി സംരംഭകർക്കുള്ള വായ്പ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും. കാർഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോൾ വായ്പ വിനിയോഗം കൃത്യമായി കെഎഫ്സി ക്ക് നേരിട്ട് നിരീക്ഷിക്കാനാകുമെന്നും സിഎംഡി  പറഞ്ഞു.

മുൻകാലങ്ങളിൽ കെഎഫ്സി വായ്പകളിലേക്കുള്ള തിരിച്ചടവ് മാസം തോറും ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രധാന വായ്പകളിലേക്കുള്ള തിരിച്ചടവ് ആഴ്ചതോറും  അല്ലെങ്കിൽ ദിനംതോറും എന്ന രീതിയിൽ മാറ്റിയിട്ടുണ്ട്. ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. കാർഡ് സംവിധാനം നിലവിൽ വന്നാൽ ഇത്തരം തിരിച്ചടവ് കുറച്ചുകൂടി ലളിതമാകും. കറൻസി ഇടപാടുകൾ നിർത്തലാക്കി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഒരു പ്രധാന പടിയാണിത്.

ഇതിനു പുറമേ കോർപറേഷൻ ജീവനക്കാർക്കും ഡെബിറ്റ് കാർഡ് നൽകും. അവരുടെ ശമ്പളവും മറ്റ് അലവൻസുകളും ഈ രീതിയിൽ നൽകുന്നതാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാർഡുകൾ വിപണിയിലിറക്കുന്നതെന്ന് തച്ചങ്കരി അറിയിച്ചു.

English Summary: KFC to issue debit cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com