മാനസയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു; രഖിലിന്റെ സുഹൃത്ത് ആദിത്യൻ രണ്ടാം പ്രതി
Mail This Article
കൊച്ചി∙ കോതമംഗലത്ത് കണ്ണൂർ സ്വദേശിനായ ഡെന്റൽ കോളജ് വിദ്യാർഥിനി മാനസ മാധവനെ വെടിവച്ചു കൊന്ന കേസിൽ കൊലയാളിക്കു കൂട്ടു നിന്ന സുഹൃത്ത് കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപി (27)നെ രണ്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തോക്കു കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ (22) ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനീഷ് കുമാർ വർമ (21) നാലാം പ്രതിയുമാണ്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റ പത്രം സമർപ്പിച്ചത്. ഇരുന്നൂറോളം പേജുള്ളതാണ് കുറ്റപത്രം. ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും കൂട്ടു നിന്നതിനാണ് ആദിത്യനെ പ്രതിയാക്കിയത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രഖിൽ (32)ആണ് കേസിലെ ഒന്നാം പ്രതി.
കഴിഞ്ഞ ജൂലൈ 30നാണ് മാനസ പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രഖിൽ, മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്നു കണ്ടെത്തിയിരുന്നു. പൊലീസ് സംഘം ബിഹാർ, വാരണാസി, പാറ്റ്ന, മുംഗീർ, സങ്കരാപൂർ, ജത്യാ ബന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ബിഹാറിൽ നിന്നാണ് കേസിലെ രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്.
സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് പൊലീസിനു നേട്ടമായി. എസ്പി കെ. കാർത്തിക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ വി.എസ്.വിപിൻ, എസ്ഐമാരായ മാഹിൻ സലിം, ഷാജി കുര്യാക്കോസ്, മാർട്ടിൻ ജോസഫ്, കെ.വി. ബെന്നി, എഎസ്ഐമാരായ വി.എം. രഘുനാഥ്, ടി.എം. മുഹമ്മദ്, സിപിഒമാരായ അനൂപ്, ഷിയാസ്, ബേസിൽ, ബഷീറ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
English Summary: Manasa murder case: chargesheet submitted