മകന് ഉറക്കമെന്ന് കരുതി; ദുരന്തം അറിഞ്ഞത് പൊലീസ് പറഞ്ഞ്: നടുങ്ങി അനീഷിന്റെ വീട്

Mail This Article
തിരുവനന്തപുരം∙ രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്തകേട്ടതിന്റെ ആഘാതത്തിൽ ഒരു കുടുംബം. തിരുവനന്തപുരം പേട്ടയിൽ ഗൃഹനാഥന്റെ കുത്തേറ്റ് മരിച്ച 19 വയസ്സുകാരന്റെ കുടുംബമാണ് അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിയത്. പേട്ട സ്വദേശി അനീഷ് ജോർജാണ് ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ പരിസരത്തുള്ള മറ്റൊരു വീടിന്റെ രണ്ടാം നിലയിൽവച്ച് കുത്തേറ്റു മരിച്ചത്. ഗൃഹനാഥൻ ലാലുവാണ് അനീഷിനെ കുത്തിയത്.
അനീഷ് രാത്രി സ്വന്തം വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കു പോയത് വീട്ടുകാർ അറിഞ്ഞില്ല. പുലർച്ചെ നാലു മണിക്ക് പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ മനസ്സിലാക്കിയത്. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ ഐശ്വര്യയെന്ന വീട്.
അപകടം നടന്നെന്നു മാത്രമാണ് പൊലീസ് ഫോണിലൂടെ പറഞ്ഞത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനു മുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി അനീഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ജീപ്പിൽ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം അറിഞ്ഞത്. പൊലീസ് ജീപ്പിൽതന്നെ പിതാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. പിതാവിനെ കാണിച്ചശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്നു അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു.

പ്രതിയായ ലാലു തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി കുത്തിയ കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാൾ വീട്ടിൽ കിടക്കുന്നതായും പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
അനീഷ് ജോർജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവച്ച് പരിചയം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. രണ്ടാം വർഷ ബികോം വിദ്യാർഥിയാണ് അനീഷ്.
Content Highlights: Pettah Murder, Anish George Murder, Crime, Crime News