'കൊലയ്ക്ക് തൊട്ടുമുമ്പ് പെൺകുട്ടിയുടെ അമ്മ വിളിച്ചു'; വാദങ്ങൾ ശരിവച്ച് ഫോൺ രേഖകൾ

Mail This Article
തിരുവനന്തപുരം∙ പേട്ടയിൽ വീടിനുള്ളിൽ സമീപവാസിയായ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവത്തിൽ ഫോൺ കോളുകൾ പരിശോധിക്കാൻ പൊലീസ്. അനീഷ് കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ തെളിവുകൾ മനോരമ ന്യൂസിന് ലഭിച്ചു. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.
പേട്ട ചായക്കൂടി റോഡിലെ പെൺസുഹൃത്തിന്റെ വീട്ടിൽ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. ഇതിനു തൊട്ടു മുൻപ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയും പ്രതി സൈമൺ ലാലന്റെ ഭാര്യയുമായ ആശ വിളിച്ചതിന്റെ തെളിവ് മനോരമ ന്യൂസ് ശേഖരിച്ചു. ഉറക്കത്തിലായിരുന്ന ഡോളി കോൾ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പൊലീസിൽ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നൽകിയതെന്ന് ഡോളി പറയുന്നു.
ആശയും മകളും അനീഷും ചേർന്ന് തലേന്ന് നഗരത്തിലെ മാളിൽ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തിൽ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകൾ കൊല നടന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും കുടുംബം പറയുന്നു. ഈ വാദം കാര്യമായി എടുക്കുന്നില്ലെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല നടക്കുന്നതിനു മുൻപും പിൻപും കേസുമായി ബന്ധപ്പെട്ടവർ നടത്തിയ മുഴുവൻ ഫോൺ കോളുകളും ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
English Summary : Pettah youth stabbed to death updates