ദാഹമകറ്റാൻ ഉൾവനം വിട്ട് വന്യമൃഗങ്ങൾ; എത്തുന്നത് സമീപത്തെ ജലസംഭരണികളിൽ

Mail This Article
സീതത്തോട്∙ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ ഗവി മേഖലയിൽ കൊടുംചൂട്. വെള്ളത്തിനായി വന്യമൃഗങ്ങൾ നെട്ടോട്ടത്തിലാണ്. വന്യമൃഗങ്ങൾ ഉൾവനങ്ങൾ വിട്ട് വെള്ളം തേടി സമീപത്തെ ജലസംഭരണികളിലേക്കു എത്തി തുടങ്ങി. സന്ധ്യ കഴിഞ്ഞാൽ സംഭരണിയുടെ തീരപ്രദേശങ്ങളിൽ വെള്ളം കുടിക്കാൻ എത്തുന്ന മൃഗങ്ങളെ കാണാം.

ഗവി റൂട്ടിൽ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ ജല സംഭരണികളാണ് ഉള്ളത്. ഈ ജല സംഭരണികളാണ് നിലവിൽ വന്യമൃഗങ്ങളുടെ ഏക ആശ്രയം.

വനത്തിലെ മിക്ക നീർച്ചാലുകളും വറ്റി വരണ്ട അവസ്ഥയിലാണ്. വന്യമൃഗങ്ങൾക്കു വെള്ളം കുടിക്കാൻ വനത്തിൽ വിവിധ ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ കുളങ്ങൾ നിർമിച്ചിട്ടുണ്ട്. വനത്തിലെ നീർച്ചാലുകളും സ്വാഭാവീകമായ കുളങ്ങളും പൂർണമായും വറ്റി വരണ്ടു. നിലവിൽ ഒറ്റപ്പെട്ട സ്ഥലത്ത് മാത്രമാണ് വെള്ളം ഉള്ളത്.

ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ തുടങ്ങിയ മൃഗങ്ങളെ വൈകുന്നേരം സംഭരണിയുടെ തീരത്ത് കാണാം. രാത്രി ഏറെ വൈകിയ ശേഷമാകും ഇവ കാടു കയറുക. പുൽമേടുകൾ ഉണങ്ങി കരിഞ്ഞ് തുടങ്ങി. വേനലിനൊപ്പം കാട്ടുതീ ഭീഷണി കൂടി ഉയർന്നതോടെ വനം വകുപ്പ് കടുത്ത ജാഗ്രതയിലാണ്. കാട്ടു തീ പടരുന്നത് ഒഴിവാക്കാൻ വനപാലകരുടെ നേതൃത്വത്തിൽ റോന്ത് ചുറ്റൽ ശക്തമാക്കി.
English Summary: Wild animals arrives at nearby reservoirs in Gavi