ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇരിട്ടി ∙ കാട്ടാനകൾക്കു മുന്നിലേക്ക് നിരാലംബരായ ആദിവാസികളെ വലിച്ചെറിഞ്ഞുകൊടുത്ത പുനരധിവാസ പദ്ധതിക്ക് വീണ്ടുമൊരു രക്തസാക്ഷി. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം ഏഴാം ബ്ലോക്കിലെ താമസക്കാരനായ പുതുശേരി പി.ഐ.ദാമു(46)വാണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്കണ് സംഭവം. മറ്റു 4 പേർക്കൊപ്പം വിറകു ശേഖരിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ടു അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ ചവിട്ടിയ നിലയിലാണ്. ഒപ്പമുണ്ടായിരുന്നവർ പ്രാണരക്ഷാർഥം ഓടി. നിലവിളി കേട്ട് സമീപത്ത് മേസ്തിരി പണി ചെയ്യുകയായിരുന്ന കോട്ടി കൃഷ്ണനും കൂട്ടത്തിലുണ്ടായിരുന്ന ബന്ധു സിബിയും വീണ്ടും സ്ഥലത്ത് എത്തിയപ്പോഴേക്കും ദാമു മരിച്ചിരുന്നു.

വനം വകുപ്പിന്റെ അനാസ്ഥയാണു മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി രോക്ഷകുലരായ പ്രദേശവാസികൾ 8 മണിക്കൂറോളം മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധിച്ചു. ആറു വർഷത്തിനിടെ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പത്താമത്തെ ആളാണ് ദാമു. കല്ലുവയൽ മാങ്കുഴി സ്വാദേശിയായ ദാമു ആറളം ഫാമിൽ കെട്ടിട നിർമാണത്തിനാണ് എത്തിയത്. ഏഴാം ബ്ലോക്കിൽ അമ്മ നാരായണിക്കൊപ്പമാണ് 4 വർഷമായി താമസിക്കുന്നത്. ഭാര്യയും മക്കളും മാങ്കുഴിയിലാണ്. ദാമുവിനെ ആക്രമിച്ച ശേഷം സമീപത്തു തന്നെ നിലയുറപ്പിച്ച ആന 5 മിനിറ്റിനു ശേഷമാണു പിന്തിരിഞ്ഞത്. അതുവരെ ദാമുവിന് അടുത്തെത്താൻ പോലും പോകാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു ഒപ്പമുള്ളവർ.

അപകട സ്ഥലത്തു നിന്ന് മൃതദേഹം വീടിനു സമീപത്തേക്ക് നാട്ടുകാർ തന്നെ മാറ്റി. അവിടെ പോളിത്തീൻ ഷീറ്റ് വലിച്ചു കെട്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധം തീർത്തു. മന്ത്രിയോ കലക്ടറോ എത്തിയാൽ മാത്രമേ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വീട്ടുനൽകുകയുള്ളൂ എന്നായിരുന്നു നിലപാട്. ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തി നാട്ടുകാരമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. പ്രശ്‌ന പരിഹാരത്തിന് കലക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് 12 ഫാം ബ്ലോക്ക് 7 ലെ പ്രീമെട്രിക് ഹോസ്റ്റലിൽ ചർച്ച നടത്താമെന്നും കാട് വെട്ടിതെളിക്കാമെന്നും ഫാമിൽ തമ്പടിച്ച കാട്ടാനകളെ ഓടിക്കാമെന്നുമുള്ള ഉറപ്പിൽ 6.15 ഓടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുകൊടുത്തത്.

ശാന്തയാണ് ദാമുവിന്റെ ഭാര്യ. മക്കൾ: ദിവ്യ, ദീപേഷ്. മരുമകൻ: അജേഷ്. സഹോദരങ്ങൾ: രവി, കുഞ്ഞിക്കണ്ണൻ, ബാലൻ, ഷൈല, ബിന്ദു, ബിജു, പരേതനായ രാജൻ.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഫാമിൽ കാട്ടാനകളുടെ വിളയാട്ടമാണ്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഒൻപതാം ബ്ലോക്കിലെ ദേവി പൊന്നപ്പന്റെ കുടിൽ കാട്ടാനക്കൂട്ടം തകർത്തിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് കുടിലിൽ ഉണ്ടായിരുന്ന പൊന്നപ്പന്റെ ഭാര്യ ദേവിയും പേരമകൻ അവിനേഷും രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഫാം ഗേറ്റിനു സമീപത്തെത്തിയ കാട്ടാന സുരക്ഷാ ജീവനക്കാരൻ സതീഷ് നാരായണന്റെ ഇരുചക്ര വാഹനം തകർത്തിരുന്നു.

∙ കണ്ണീരും കലിയും അടങ്ങാതെ ഫാം

ആനയുടെ ആക്രമണത്തിൽ ദാമു കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഓടിയെത്തിയ ഫാം നിവാസികളും നാട്ടുകാരും കണ്ണീരും കലിയും അടങ്ങാതെ മൃതദേഹവുമായി പ്രതിഷേധിച്ചത് എട്ടു മണിക്കൂർ. വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ മനുഷ്യമതിലായി ആദിവാസി സമൂഹത്തെ വിന്യസിച്ച അധികൃതരുടെ നിലപാടിനെതിരെ അണപൊട്ടിയ ദേഷ്യം പലപ്പോഴും ഉദ്യോഗസ്ഥരോട് നിയന്ത്രണംവിട്ട് കയർക്കുന്നതിലേക്കുവരെ നീണ്ടു.

പരിഹാരമുണ്ടാക്കിയാൽ മാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു എല്ലാവരും. കാട്ടനയുടെ ആക്രമണ വിവരം അറിഞ്ഞ് അവിടേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെയും റാപിഡ് റെസ്പോൺസ് സംഘത്തിനു നേരെയും കടുത്ത ജനരോക്ഷം ഉയർന്നു. ഇവരെ ആദ്യം തടഞ്ഞു.

വൈകിട്ട് മൂന്നോടെ കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക്ക് സ്ഥലത്തെത്തി. അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ കേൾക്കാൻ തയാറായില്ല. ഡിവൈഎസ്പിമാരായ സജേഷ് വാഴാളപ്പിൽ (ഇരിട്ടി), എ.വി.ജോൺ (പേരാവൂർ) എന്നിവർ നടത്തിയ ശ്രമവും പരാജയപ്പെട്ടു. 4 മണിയോടെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്ഥലത്ത് എത്തിയെങ്കിലും കലക്ടർ എത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചു നിന്നു.

അഞ്ചരയോടെ എഡിഎം കെ.കെ.ദിവാകരൻ, തലശ്ശേരി സബ് കലക്ടർ അനുകുമാരി എന്നിവരും സ്ഥലത്തെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് എന്നിവർക്കൊപ്പം പ്രതിഷേധക്കാരുമായും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തി. കലക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് 12ന് ഫാം ബ്ലോക്ക് 7 ലെ പ്രീമെട്രിക് ഹോസ്റ്റലിൽ ചർച്ച നടത്താമെന്നും കാട് വെട്ടിത്തെളിക്കാമെന്നും ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താമെന്നുമുള്ള ഉറപ്പിൽ വൈകിട്ട് ആറേകാലോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുകൊടുത്തത്.

ഫാമിലെ ചെത്തുതൊഴിലാളിയായ റിജേഷ് ജനുവരി 31ന് കൊല്ലപ്പെട്ടപ്പോഴും ഫാമിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധമായിരുന്നു. അന്നും ഉറപ്പുകൾ നൽകി പിരിഞ്ഞ ഉദ്യോഗസ്ഥരും പിന്നാലെ എത്തിയ മന്ത്രിമാരുമെല്ലാം ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നാണ് ഫാം നിവാസികൾ പറയുന്നത്.

∙ ആനമതിൽ ഇന്നും കടലാസിൽ

ആറളം വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാട്ടാനകൾ ആറളം ഫാമിലും പരിസരപ്രദേശങ്ങളിലും ആക്രമണം നടത്തുന്നതു തടയാൻ ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ കോൺക്രീറ്റ് – കരിങ്കൽ മതിൽ പണിയാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാൽ വനംവകുപ്പും ഉദ്യോഗസ്ഥ ലോബിയും നിരന്തരം പാരപണിതാണ് ഇത് നീട്ടിക്കൊണ്ടുപോയത്. 2019 ജനുവരി 6 ന് അന്നത്തെ മന്ത്രി എ.കെ.ബാലനായിരുന്നു വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ ആന മതിൽ നിർമിക്കുമെന്നു പ്രഖ്യാപിച്ചത്. ടിആർഡിഎം ഫണ്ടിൽ നിന്ന് 22 കോടി രൂപയും ഇതിനായി അനുവദിച്ചു. 10.5 കിലോമീറ്റർ നീളത്തിലുള്ള ആനമതിലും 3 കിലോമീറ്ററിൽ റെയിൽ വേലിയും പണിയാനുള്ള പദ്ധതിക്കു തുടക്കം മുതൽ തടസ്സങ്ങൾ ഉയർന്നിരുന്നു.

ജനുവരി 31 ന് ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ചെത്ത് തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 7 ന് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, എംഎൽഎമാരായ സണ്ണി ജോസഫ്, കെ.കെ.ശൈലജ എന്നിവരുടെ നേതൃത്വത്തിൽ വകുപ്പ് മേധാവികൾ അടക്കം യോഗം ചേർന്നിരുന്നു. ആന മതിൽ പ്രായോഗികമല്ലെന്ന, ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി നിർദേശം തള്ളിയാണ് ശാശ്വത പരിഹാരമെന്ന നിലയിൽ ആന മതിൽ തന്നെ വേണമെന്നു മന്ത്രിമാർ ശക്തമായ നിലപാടെടുത്തത്.

നിർമാണ ചുമതല മരാമത്ത് കെട്ടിട നിർമാണ വിഭാഗത്തിനും നൽകി. പദ്ധതിക്കായി അനുവദിച്ച 22 കോടി രൂപയിൽ പകുതി മുൻകൂറായി ടിആർഡിഎം മരാമത്തിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ ഈ തുക ഉപയോഗിച്ച് 2.5 കിലോമീറ്റർ ദൂരത്തിലേ പണി നടത്താൻ കഴിയൂ എന്ന ന്യായം ഉയർത്തി മരാമത്ത് സ്വന്തം നിലയ്ക്ക് പദ്ധതി 2.5 കിലോമീറ്ററിൽ ചുരുക്കി. 4 വർഷം മുൻപ് 10.5 കിലോമീറ്ററിൽ കോൺക്രീറ്റ് കരിങ്കൽ മതിലും 3 കിലോമീറ്ററിൽ വൈദ്യുതി വേലിയും പണിയുന്നതിനു ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് 22 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. തുടക്കം മുതൽ സാങ്കേതികത്വം ഉയർത്താൻ‍ ബന്ധപ്പെട്ടവർ മത്സരിച്ചപ്പോൾ ഊരാളുങ്കലിനെ കൊണ്ട് പ്രവൃത്തി നടത്തിക്കാനായില്ല. കേളകം അടയ്ക്കാത്തോട് മേഖലയിൽ കരിയംകാപ്പ് മുതൽ രാമച്ചി വരെ 13 കിലോമീറ്ററിൽ ഊരാളുങ്കൽ പണിത മതിൽ ഭേദിച്ച് 7 വർഷമായി ആനകൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും ഊരാളുങ്കലിനെക്കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ചത്.

ഇതേ ആന മതിൽ പണിയാൻ മന്ത്രിതല സംഘം ഈ ജനുവരിയിൽ മരാമത്ത് കെട്ടിട വിഭാഗത്തിനു ചുമതല നൽകി. ടെൻഡർ വിളിക്കാൻ മരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 1 കിലോമീറ്റർ മതിൽ പണിയാൻ 4.4 കോടി രൂപയാണ് ചെലവ്. 10.5 കിലോമീറ്ററിന് 46.2 കോടി രൂപ ആകും. 3 കിലോമീറ്റർ റെയിൽ വേലി പണിയാനുള്ള തുക ഇതിനു പുറമേ വരും !
ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഇതിനു ശേഷം മേയ് അവസാനം ഹൈക്കോടതി വിധി വന്നതോടെ കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. ഫാം – ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ മതിൽ വേണ്ട, സൗരോർജ തൂക്കുവേലി മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി.

ഒന്നര വർഷത്തിനകം ആന മതിൽ നിർമിക്കണമെന്ന് കഴിഞ്ഞ 2021 ഓഗസ്റ്റ് 5 ന് ഇതേ ബെഞ്ച് വിധിച്ചിരുന്നു. ആറളം ഫാം ആദിവാസി കോളനിയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള നിഷ്ക്രിയത്വവും കാട്ടാനശല്യവും ചൂണ്ടിക്കാട്ടി താമസക്കാരായ ചന്ദ്രൻ, ശശി, തമ്പാൻ, ഷാജി എന്നിവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്. ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറി സാഹചര്യങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്.

ആനമതിൽ അപ്രായോഗികമാണെന്നും സൗരോർജ തൂക്കുവേലിയാണ് ഫലപ്രദമെന്നും ചൂണ്ടിക്കാട്ടി സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവ് നൽകിയത്. ഒരു വർഷത്തിനകം തൂക്കുവേലി പൂർത്തിയാക്കണമെന്നാണ് മേയ് അവസാനം കോടതി നിർദേശിച്ചിരിക്കുന്നത്. തുടർ നടപടികൾ ആലോചിക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചെങ്കിലും ഇപ്പോഴും കാര്യങ്ങൾ തുടങ്ങിയ അതേ സ്ഥലത്തു തന്നെ നിൽക്കുകയാണ്.

∙ 8 വർഷത്തിനിടെ കണ്ണൂരിൽ വന്യജീവികളെടുത്തത് 17 ജീവൻ

എട്ടു വർഷത്തിനിടെ ജില്ലയിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ കവർന്നത് 17 മനുഷ്യജീവനുകളാണ്. ശാശ്വത പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ഉണ്ടാകാതായതോടെ ഓരോ വർഷവും അപകടങ്ങളും കൃഷിനാശവും വർധിക്കുകയാണ്. കാട്ടാനകൾ 14 പേരുടെ ജീവനെടുത്തപ്പോൾ 3 പേർ കൊല്ലപ്പെട്ടത് കാട്ടുപന്നികളുടെ ആക്രമണത്തിലാണ്. ആറു വർഷത്തിനിടെ ആറളം ഫാമിൽ മാത്രം 10 പേരെ കാട്ടാനകൾ കൊന്നു. വന്യജീവികളുടെ ആക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായവരും അംഗഭംഗം സംഭവിച്ചവരും വർഷങ്ങളായി ചികിത്സയിൽ തുടരുന്നവരും ഒട്ടേറെ.

2014 ഏപ്രിൽ 20 ന് ബ്ലോക്ക് 13 ൽ ചോമാനിയിൽ മാധവിയെയാണ് ആറളം ഫാമിൽ ആദ്യം ആന കൊലപ്പെടുത്തുന്നത്. വീട് തകർത്തായിരുന്നു ആക്രമണം. ബ്ലോക്ക് 7 ൽ 2015 ഏപ്രിൽ 6 ന് ബാലനെയും 2017 മാർച്ച് 7 ന് ബ്ലോക്ക് 10 ൽ അമ്മിണിയെയും അതേ വർഷം ഏപ്രിലിൽ 5 ന് ബ്ലോക്ക് 3 ൽ പൈനാപ്പിൾ കൃഷി സൂപ്പർവൈസറായിരുന്ന വാളത്തോടെ റജിയെയും കാട്ടാന കൊലപ്പെടുത്തി. 2018 ഒക്ടോബർ 30 ന് ബ്ലോക്ക് 13 ൽ ദേവു കരിയാത്തനെയും അതേ വർഷം ഡിസംബർ 8 ന് ബ്ലോക്ക് 10 ൽ പുലിക്കരി ചപ്പിലി കൃഷ്ണനെയും 2020 ഓക്ടോബർ 31 ന് ബ്ലോക്ക് 7 ൽ ബബീഷിനെയും 2021 ഏപ്രിൽ 26 ന് ഫാമിലെ തൊഴിലാളി ബന്ദപ്പാലൻ നാരായണനെയും കാട്ടാന കൊലപ്പെടുത്തി. ഈ വർഷം ജനുവരി 31നാണ് ഫാമിലെ ചെത്തുതൊഴിലാളിയായ മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയപുരയിൽ പി.പി.റിജേഷ് കൊല്ലപ്പെട്ടത്. അവസാനത്തെ ഇരയാണ് എഴാം ബ്ലോക്കിലെ പി.എ.ദാമു.

2009 ൽ ഫാമിൽ തന്നെ ചീര എന്ന സ്ത്രീയെ കാട്ടുപന്നി കുത്തിക്കൊന്നിരുന്നു. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റവരും ഒട്ടേറെയുണ്ട് ഫാമിലും പുറത്തും. ആറളം ഫാമിൽ 3 വർഷത്തിനിടെ 27.93 കോടിയിലേറെ രൂപയുടെ വിളനാശവും ഉണ്ടായി.

ആറളം ‌‌‌വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്ക് പോയ പൊയ്യ ഗോപാലനെ കാട്ടാന കൊന്നത് 2017 ഫെബ്രുവരി രണ്ടിനായിരുന്നു. ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് 2017 ജനുവരിയിൽ അടക്കാത്തോട് നരിക്കടവ് സ്വദേശി ബിജു കൊല്ലപ്പെട്ടത്. 2018 ഓഗസ്റ്റ് 11 ന് എടക്കാനത്ത് തോട്ടത്തിൽ വർഗീസിനെ കുത്തിക്കൊന്നത് കാട്ടുപന്നിയായിരുന്നു. 2020 മാർച്ച് ഒന്നിന് വീടിനു മുന്നിലെ നടവഴിയിലാണ് കൊട്ടിയൂരിലെ ആഗസ്തിയെ ആന ആക്രമിച്ചത്. 2021 ഫെബ്രുവരി 9 ന് പടിയൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മീനോത്ത് നിഖിൽ അപകടത്തിൽപ്പെട്ടു മരിക്കാൻ കാരണം കാട്ടുപന്നി കുറുകെച്ചാടിയതായിരുന്നു. 2019 ഓഗസ്റ്റിൽ ചെറുപുഴ ആറാട്ടുകടവ് ആദിവാസി കോളനിയിലെ പുതിയവീട്ടിൽ പത്മനാഭൻ, 2021 സെപ്റ്റംബർ 26ന് വള്ളിത്തോട് പെരിങ്കരിയിൽ ജസ്റ്റിൻ എന്നിവരാണ് മേഖലയ്ക്കു പുറത്ത് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ.‌

English Summary: Farmer trampled to death by elephant at Aralam farm

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com