‘എങ്ങനെയാണ് ഇതൊക്കെ പറയുന്നത്?’; ജലീലിനെ തള്ളി, രോഷത്തോടെ ഗവർണർ
Mail This Article
തിരുവനന്തപുരം ∙ കെ.ടി.ജലീൽ എംഎൽഎയുടെ വിവാദ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ജലീലിന്റെ കശ്മീർ പരാമർശത്തെപ്പറ്റി രോഷാകുലനായാണു ഗവർണർ സംസാരിച്ചത്.
‘ജലീലിന്റെ കശ്മീർ പരാമർശം കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്?’– ഗവർണർ ചോദിച്ചു.
അതേസമയം, കശ്മീർ യാത്ര അവസാനിപ്പിച്ച് ഡൽഹിയിലായിരുന്ന ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി പുലർച്ചെ കോഴിക്കോട്ടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ‘ആസാദ് കശ്മീർ’ എന്നടക്കം പരാമർശിക്കുന്ന വിവാദ ഫെയ്സ്ബുക് പോസ്റ്റ് കഴിഞ്ഞദിവസം തിരുത്തിയിരുന്നു.
English Summary: Kerala Governor Arif Mohammed Khan slams KT Jaleel over Kashmir remark