ആകാശ് തില്ലങ്കേരിക്കു നേരിട്ട് ഹാജരാവാൻ പൊലീസ് ഒത്തുകളിച്ചു; ആരോപണവുമായി കോണ്ഗ്രസ്

Mail This Article
കണ്ണൂർ ∙ സ്ത്രീത്വത്തെ ഫെയ്സ്ബുക്കിൽ അപമാനിച്ചുവെന്ന കേസിൽ, മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ പിടികൂടാതെ കോടതിയിൽ നേരിട്ട് ഹാജരാവാൻ പൊലീസ് ഒത്തുകളിച്ചെന്ന ആരോപണം ഉയർത്തി കോൺഗ്രസ്. ആകാശ് തില്ലങ്കേരി ഒളിവിലാണെന്ന് പറഞ്ഞ പൊലീസിന്, പ്രതി മൂക്കിൻതുമ്പത്ത് ഉണ്ടായിട്ടു പോലും പിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ കൂട്ടാളികളായ ജിജോക്കും ജയപ്രകാശിനും ജാമ്യം കിട്ടിയതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരി നാടകീയമായി മട്ടന്നൂർ കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് ആകാശിനും കോടതി ജാമ്യം അനുവദിച്ചു.
താൻ ഒളിവിലാണെന്നു പ്രചരിപ്പിച്ച പൊലീസിനെ കബളിപ്പിച്ചാണ് ആകാശ് തില്ലങ്കേരി കീഴടങ്ങിയത്. ജാമ്യം കിട്ടാതെ പോകുമോയെന്ന ആശങ്കയുള്ളതിനാൽ കൂട്ടുപ്രതികളെ വച്ച് ചൂതാട്ടം നടത്തുകയായിരുന്നു ആകാശ്. മറ്റു പ്രതികളായ ജിജോയും ജയപ്രകാശും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായെന്നാണു പൊലീസ് പറയുന്നതെങ്കിലും, ഇരുവരും പിടികൊടുത്തതാണെന്നാണ് സൂചന. ഇരുവർക്കും മട്ടന്നൂർ കോടതി ജാമ്യം നൽകിയ വിവരം അറിഞ്ഞയുടൻ ആകാശും കോടതിയിലെത്തി.
മന്ത്രി എം.ബി.രാജേഷിന്റെ ഡ്രൈവർ അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് ജിജോ തില്ലങ്കേരി (31), ജയപ്രകാശ് തില്ലങ്കേരി (44) എന്നിവരെ അറസ്റ്റ് ചെയ്ത് മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയത്. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. 2 പ്രതികളുടെ അറസ്റ്റും ചോദ്യംചെയ്യലും വൈദ്യപരിശോധനയുമൊക്കെയായി തിരക്കിലായതോടെ, ആകാശിനെ നിരീക്ഷിക്കാൻ പൊലീസിനു സാവകാശം കിട്ടിയില്ല. ഇതു മുതലാക്കിയാണ് ആകാശ് കോടതിയിൽ കീഴടങ്ങിയത്.
ഇതോടെ, ആകാശിനെ അറസ്റ്റിനു മുൻപു ചോദ്യം ചെയ്യാൻ പോലും പൊലീസിനു സാധിച്ചില്ല. ജിജോ, ജയപ്രകാശ് എന്നിവരെ ഇന്നലെ ഉച്ചയോടെയാണു മുഴക്കുന്ന് ഇൻസ്പെക്ടർ രാജേഷ് തെരുവത്തുപീടികയിലിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരെ വീണ്ടും ‘കാപ്പ’ (ഗുണ്ടാ ആക്ട്) ചുമത്താൻ റൂറൽ പൊലീസ് നീക്കം തുടങ്ങി. ഷുഹൈബ് വധക്കേസിനു പുറമെ, 2 കേസുകൾ കൂടി ആകാശിനെതിരെയുണ്ട്.
Content Highlights: Akash Thillenkeri, CPM, Kerala Police