ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സംഘപരിവാർ അനുകൂല സാഹിത്യകാരൻമാർക്ക് നേട്ടമായി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം. ഔദ്യോഗിക പാനലിൽ മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പരാജയപ്പെട്ടു. സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ഡൽഹി സർവകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ.കുമുദ് ശർമയാണ് രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുമുദ് ശർമയുടെ വിജയം.

അതേസമയം, ഔദ്യോഗിക പാനലില്‍ അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ച മാധവ് കൗശിക്ക് ജയിച്ചുകയറി. സംഘപരിവാര്‍ അനുകൂല പാനലിലെ മെല്ലെപുരം ജി.വെങ്കിടേശ പരാജയപ്പെട്ടു. കര്‍ണാടക സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാൻസലറാണ് വെങ്കിടേശ. സംവിത് റിസർച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഇദ്ദേഹം 2 തവണ കന്നഡ സാഹിത്യ അക്കാദമി അവാർഡിന് അർഹനായിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് സി.രാധാകൃഷ്ണൻ പ്രതികരിച്ചു. ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിൽ മാത്രമേ താൻ മത്സരിച്ചിട്ടുള്ളൂ. ആ മത്സരം വീറുറ്റതായിരുന്നു. പക്ഷേ, അതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി മേഖലയിൽ നിന്നുള്ള സാഹിത്യകാരൻമാരുടെ എണ്ണത്തിലെ വർധനവാണ് സി.രാധാകൃഷ്ണന്റെ തോൽവിയിലേക്കു നയിച്ചതെന്നാണ് വിലയിരുത്തൽ.

അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക്  (ചിത്രം: The Tribune)
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക് (ചിത്രം: The Tribune)

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുന്നതിലേക്ക് വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് എത്തേണ്ടതായിരുന്നുവെങ്കിലും, സംഘ പരിവാര്‍ പാനല്‍ എത്തിയതോടെ മല്‍സരത്തിന് വഴിയൊരുങ്ങുകയായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്കു മത്സരിക്കാൻ അവസാന നിമിഷമാണ് ഇവർ പത്രിക സമർപ്പിച്ചത്.

ചന്ദ്രശേഖര കമ്പാർ സ്ഥാനമൊഴിയുമ്പോൾ നിലവിലെ വൈസ് പ്രസിഡന്റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളത്തിൽ നിന്നു സി.രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തുമെന്നായിരുന്നു മുൻധാരണ. ഇതിനിടെയാണ് മത്സരത്തിനു വഴിയൊരുങ്ങിയത്.

English Summary: Kendra Sahitya Akademi Election - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com