ഇറാന്റെ തടവിൽ മലയാളികളുൾപ്പെടെ 23 ഇന്ത്യക്കാർ, കേന്ദ്രം ഇടപെടണം: കുടുംബങ്ങൾ

Mail This Article
മലപ്പുറം∙ ഇറാൻ സേന തടങ്കലിലാക്കിയ കപ്പല്‍ ജോലിക്കാരെ വിട്ടയയ്ക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് തടവിലായ മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന്റെ കുടുംബം. തടങ്കലിലാക്കിയശേഷം വിവരങ്ങൾ ഒന്നുമില്ലെന്നും തടങ്കലിൽ ആകുന്നതിന് അൽപസമയം മുന്‍പാണ് ഒടുവില്‍ സംസാരിച്ചതെന്നും കുടുംബം പറഞ്ഞു.
നാലു മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാരാണ് ഇറാന്‍ തടങ്കലിലുള്ളത്. സാം സോമനെ കൂടാതെ കൊച്ചി കൂനമ്മാവ് സ്വദേശി എഡ്വിൻ ജോൺസൻ, കടവന്ത്ര സ്വദേശി ജിബിൻ ജോസ്, ജിസ്മോൻ എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്. കുവൈത്തിൽനിന്ന് യുഎസിലെ ഹൂസ്റ്റണിലേക്ക് പോവുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് ഒമാൻ – ഇറാൻ സമുദ്രാതിർത്തിയിൽ വച്ച് പിടിച്ചെടുത്തത്.
വ്യാഴാഴ്ച 1.15ന് കുവൈത്തിൽനിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രാമധ്യേയാണു കപ്പൽ പിടിച്ചെടുത്തത്. ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ നടപടി. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ പിടിച്ചെടുത്തതായാണു വിവരം. ഇറാൻ നേവിയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും യുഎസ് വ്യക്തമാക്കി.
English Summary: Malayalees in Tanker seized by train