മധുവധക്കേസ്: ഒന്നാംപ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു, 12 പ്രതികളുടെ ഹർജി തള്ളി
Mail This Article
കൊച്ചി∙ അട്ടപ്പാടി മധുവധക്കേസിൽ ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി മരവിപ്പിച്ചു. അപ്പീലിൽ വിധി പറയും വരെ ഒന്നാം പ്രതിക്കു ജാമ്യത്തിൽ പുറത്തിറങ്ങാം. സംഘം ചേർന്നുള്ള മർദ്ദനത്തിൽ ഹുസൈൻ പങ്കാളിയല്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇതു പരിഗണിച്ചാണു ശിക്ഷ മരവിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചു.
മറ്റു 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർകാട് എസ്‍സി,എസ്‍ടി കോടതി വിധിക്കെതിരെയാണു പ്രതികൾ അപ്പീല്‍ നൽകിയത്. പ്രതികളെ 7 വർഷം തടവിനാണു വിചാരണ കോടതി ശിക്ഷിച്ചത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിൽ ഹൈക്കോടതി 2024 ജനുവരിയിൽ വാദം കേൾക്കും. ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ചു പ്രതികൾ മർദിച്ചു കൊലപ്പെടുത്തി എന്നാണു കേസ്.