അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരുമായി എനിക്ക് അടുത്ത ബന്ധം: രാഹുൽ മാങ്കൂട്ടത്തിൽ
Mail This Article
കണ്ണൂർ∙ വ്യാജ തിരഞ്ഞെടുപ്പ് ഐഡി ഉപയോഗിച്ച കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അവർ കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയുമെന്നും രാഹുൽ വ്യക്തമാക്കി. അവർ തന്റെ കാറില്‍ സഞ്ചരിച്ചിരുന്ന സമയത്ത് അവര്‍ക്കെതിരെ കേരളാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു.
‘‘എന്റെ വാഹനം ഈ നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയുള്ള വാഹനമാണ്. ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസുകാരും കയറും. എന്നാൽ അവരെ പൊലീസ് കുറ്റവാളികളായി കണ്ടെത്തിയിട്ടുണ്ടായിരുന്നെങ്കിൽ അത്തരത്തിലൊരു സംഭവം ഉണ്ടാകില്ല. എന്റെ കാറിൽ സഞ്ചരിച്ച സമയത്ത് അവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസുണ്ടായിരുന്നോ എന്ന് പറയാൻ കേരളാ പൊലീസിനെ ഞാൻ വെല്ലുവിളിക്കുകയാണ്’’– രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതു പോലെ ‘എനക്കറിയില്ല’ എന്നൊന്നുമല്ല താൻ പറയുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ‘‘കേരളത്തിലെ എല്ലാ യൂത്ത് കോൺഗ്രസുകാരെയുംപോലെ അവരുമായും എനിക്ക് അടുത്ത സൗഹൃദമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അവർക്ക് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അവർ കുറ്റവാളികളാണെന്നു തെളിഞ്ഞാൽ നിർബന്ധമായും തള്ളിപ്പറയും. ഒരു കുറ്റവാളികളെയും ചേർത്തു പിടിക്കുന്ന പാരമ്പര്യം കോൺഗ്രസ് പ്രസ്ഥാനത്തിനില്ല’’– രാഹുൽ പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. കണ്ണൂരിലൊക്കെ സാധാരണ ചോദ്യം ചെയ്യലിനു വിളിക്കുന്നവർക്ക് നെഞ്ചുവേദന വരാറുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ‘‘കേസ് ഫ്രെയിം ചെയ്യുമ്പോൾ തന്നെ അതിൽ ആരൊക്കെ ഉണ്ടായിരിക്കണമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. കെ. സുരേന്ദ്രനാണല്ലോ ഒരു തെളിവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത്. സുരേന്ദ്രൻ പോകുന്ന റൂട്ടിലൂടെയായിരിക്കുമല്ലോ കേരളാ പൊലീസ് അന്വേഷണം നടത്തുന്നത്. ഏത് അന്വേഷണ ഏജൻസിയും വന്ന് അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് ഒളിക്കാനും മറയ്ക്കാനും ഒന്നും ഇല്ലാത്തതിനാൽ ഏത് അന്വേഷണത്തോടും സഹകരിക്കും’’– രാഹുല്‍ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.