‘വിദ്യാർഥിയുടെ മരണം ചികിത്സാപിഴവ് മൂലം’: ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ പ്രതിഷേധം, പൊലീസുകാരന് പരുക്ക്

Mail This Article
പത്തനംതിട്ട∙ ആറുവയസ്സുകാരന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്കൂൾ വിദ്യാർഥി ആരോൺ വി. വർഗീസ് കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കിടെ മരിച്ചത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തുംതള്ളുമുണ്ടായി.
Read Also: റാന്നിയിൽ സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റു; ചികിത്സയിലിരിക്കേ വിദ്യാർഥി മരിച്ചു, കേസ്
ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ബോസിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നു കുഞ്ഞിനു ശാരീരിക അവശത നേരിട്ടുവെന്നാണു ആശുപത്രിയുടെ വിശദീകരണം. എന്നാൽ അനസ്തീഷ്യ കൊടുത്തതിലെ പിഴവാണു മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ആംബുലൻസിൽ പറഞ്ഞുവിട്ടതിനു ശേഷമാണ് മരണം സംഭവിച്ചതെന്നാണു വിവരം.
സ്കൂളിൽ കളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ പി.വർഗീസിന് (6) വീണു പരുക്കേറ്റത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി കുട്ടിക്ക് അനസ്തേഷ്യ നൽകിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.