‘സച്ചിദാനന്ദൻ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവി; എന്റെ വരികൾ എപ്പോഴും കേൾക്കുന്നതിൽ ദുഃഖമുണ്ടാകും’
Mail This Article
തൃശൂര്‍∙ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ.സച്ചിദാനന്ദനെതിരെ രൂക്ഷ വിമർശനവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സച്ചിദാനന്ദന്‍ പ്രതികാരം തീര്‍ക്കുകയാണെന്നും അദ്ദേഹം സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി' ആണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അക്കാദമിയിലുള്ള മറ്റു ഭാരവാഹികളുമായി പോലും സച്ചിദാനന്ദന് നല്ല ബന്ധമില്ല. എന്റെ വരികൾ എപ്പോഴും കേൾക്കുന്നതിനാൽ അദ്ദേഹത്തിനു ദുഃഖമുണ്ടാകും. സച്ചിദാനന്ദന്റെ ഏതെങ്കിലും വരികൾ 50 വർഷം കഴിഞ്ഞ് ആരെങ്കിലും ഓർമിച്ചു പാടുമോ എന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
സർക്കാരിനായി ശ്രീകുമാരൻ തമ്പി എഴുതിയ കേരളഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളുണ്ടെന്ന സച്ചിദാനന്ദന്റെ പ്രതികരണത്തിനു പിന്നാലെയാണ് ശ്രീകുമാരൻ തമ്പി വിമർശനവുമായി രംഗത്തുവന്നത്.
‘‘ശ്രീകുമാരൻ തമ്പിയുടെ പാട്ട് ക്ലീഷേ ആയതുകൊണ്ടാണ് പരിഗണിക്കാത്തതെന്ന് ഇന്ന് സച്ചിദാനന്ദൻ പറയുന്നു. എന്തുകൊണ്ട് ഇത് ഇന്നലെ വരെ എന്നോടു പറഞ്ഞില്ല? ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്നതുവരെ എന്തുകൊണ്ട് സാഹിത്യ അക്കാദമി ഇക്കാര്യം അറിയിച്ചില്ല? അക്കാര്യം അറിയിക്കാനുള്ള കടമ അവർക്കുണ്ട്. അത് ചെയ്തിട്ടില്ല. പല്ലവി അൽപം മാറ്റിയാൽ നന്നാവും, ബാക്കിയെല്ലാം നന്നായിട്ടുണ്ട് എന്നായിരുന്നു അബൂബക്കർ എന്നോട് പറഞ്ഞത്. എന്നാൽ വരികൾ നന്നായിട്ടുണ്ടെന്ന് സച്ചിദാനന്ദൻ മെസേജ് അയച്ചിരുന്നു. പിന്നീട് മാറ്റിയെഴുതി നൽകി.
‘‘ഞാൻ എന്ത് എഴുതിയാലും ക്ലീഷേ എന്നാണ് സച്ചിദാനന്ദൻ പറയുന്നത്. എന്നാൽ ജനങ്ങൾ അങ്ങനെ പറയുന്നില്ലല്ലോ. സച്ചിദാനന്ദന് പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമാണ്. ഉമ്പായിയുടെ പിന്നാലെ നടന്ന് ഒരു പാട്ടെഴുതി പാടിച്ച് ആസ്വദിച്ച ആളാണ്. എന്നാൽ ഏതുഭാഗത്തേക്കു തിരിഞ്ഞാലും ശ്രീകുമാരന്റെ പാട്ടുകേള്‍ക്കുമ്പോൾ അദ്ദേഹത്തിനു ദുഃഖം വരും. സിനിമയ്ക്ക് പാട്ടെഴുതാത്ത മഹാരഥന്മാർ മുൻപ് ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും അതിനായി ആഗ്രഹിക്കുന്നു. പ്രശസ്തി ആരാണ് ആഗ്രഹിക്കാത്തത്? എന്റെ വരികൾ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഏറ്റുപാടുന്നുണ്ട്. സച്ചിദാനന്ദന്റെ ഏതെങ്കിലും വരികൾ 50 വർഷം കഴിഞ്ഞ് ആരെങ്കിലും ഓർമിച്ചു പാടുമോ?
‘‘അബൂബക്കറും സച്ചിദാനന്ദനും രമ്യതയിലല്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പാട്ട് സ്വീകരിച്ചില്ലെന്ന വിവരം അബൂബക്കറാണ് എന്നെ അറിയിക്കേണ്ടതെന്ന് സച്ചിദാനന്ദൻ പറയുന്നു. അവർ തമ്മിൽ ചർച്ച നടത്തുന്നില്ല എന്നാണ് അതിന്റെ അർഥം. അക്കാദമിയുടെ ചില പുസ്തകങ്ങളിൽ എൽഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങൾ കൊടുത്തിരുന്നു. അതിനേക്കുറിച്ച് ആരേപണം വന്നപ്പോൾ തനിക്ക് അറിയില്ലെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. എന്താണപ്പോൾ അദ്ദേഹം അവിടെ ചെയ്യുന്നത്?
‘‘കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാവുന്ന തരത്തിലാണ് വരികൾ എഴുതിയത്. ‘ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം, സഹ്യഗിരിതൻ ലാളനയിൽ വിലസും കേരളം, ഇളനീരിൻ മധുരമൂറും എൻ മലയാളം, വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം’ എന്നിങ്ങനെയാണ് കവിതയുടെ തുടക്കം. ഇതിൽ ഏതാണ് ക്ലീഷേ? ഇളനീരാണോ? എങ്കിൽ സച്ചിദാനന്ദൻ മലയാളിയല്ല. ചില വരികൾ ക്ലീഷേ ആണെന്നാണ് അവർ പറയുന്നത്. അധികം വൈകാതെ യൂട്യൂബിൽ വരും. അപ്പോൾ ജനം തീരുമാനിക്കട്ടെ.’’ –ശ്രീകുമാരൻ തമ്പി പറഞ്ഞു.