ADVERTISEMENT

ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ നേരിട്ട് ഹാജരായ ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവിനും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മാപ്പപേക്ഷ സഹിതം ഇരുവരും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം കോടതി തള്ളിക്കളഞ്ഞു. മാപ്പപേക്ഷ ഹൃദയത്തിൽനിന്നല്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. അങ്ങനെയെങ്കിൽ നേരിട്ട് നിരുപാധികം ക്ഷമ ചോദിക്കാൻ അനുവദിക്കണമെന്ന ബാബ രാംദേവിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു.

കേസ് ഇനി ഏപ്രിൽ 10ന് പരിഗണിക്കും അന്നും നേരിട്ടു ഹാജരാകാൻ സുപ്രീം കോടതി ഇരുവർക്കും നിർദ്ദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകാൻ ഇരുവരോടും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതിയിലുണ്ടായിരുന്ന ഒരു മണിക്കൂറോളം സമയം ഒന്നും പറയാൻ സുപ്രീം കോടതി ഇവരെ അനുവദിച്ചില്ല.

പതഞ്ജലിയുടെ വ്യാജ പരസ്യങ്ങൾ തടയാൻ കേന്ദ്രസർക്കാർ എന്തു ചെയ്തുവെന്ന്, കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കുന്നതായി കോടതി കുറ്റപ്പെടുത്തി. പതഞ്ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യങ്ങൾ നൽകുമ്പോൾ കേന്ദ്ര സർക്കാർ എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.

മാപ്പു പറഞ്ഞുകൊണ്ടുള്ള ആചാര്യ ബാലകൃഷ്ണന്റെ സത്യവാങ്മൂലം ലഭിച്ചെങ്കിലും താമസിച്ച ഫയൽ ചെയ്ത ബാബ രാംദേവിന്റെ സത്യവാങ്മൂലം ലഭിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനമല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്. അതേസമയം, സത്യവാങ്‌മൂലം അംഗീകരിക്കാത്ത സാഹചര്യത്തിൽ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ ബാലകൃഷ്ണ പറഞ്ഞു. ജീവിതശൈലി രോഗങ്ങൾക്കു വേണ്ടി, ആയുർവേദ ഗവേഷണത്തിന്റെ പിൻബലത്തോടെ പതഞ്ജലി നിർമിക്കുന്ന ഉൽപന്നങ്ങൾ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ രാജ്യത്തെ പൗരന്മാരെ ഉദ്‌ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്‌ണ വ്യക്തമാക്കി.

പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതാണു ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇതോടെയാണു കമ്പനി സത്യവാങ്മൂലം നൽകിയത്.

English Summary:

Ramdev Reaches Supreme Court After Summons in Misleading Ads Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com