‘എന്ത് നുണയും പ്രചരിപ്പിക്കാമെന്ന രീതിയിൽ പ്രതിപക്ഷമെത്തി; വി.ഡി. സതീശന്റെ പ്രതികരണം തരംതാണ രീതിയിൽ’
Mail This Article
നാദാപുരം∙ പൗരത്വ നിയമത്തിൽ രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷമനസ്സോ സംഘപരിവാര്‍ മനസ്സോ എന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി തന്റെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാതി. ന്യായ് യാത്രയ്ക്കു ശേഷം വയനാട്ടില്‍ പത്രിക കൊടുക്കാന്‍ വന്നപ്പോഴെങ്കിലും രാഹുല്‍ പൗരത്വ നിയമത്തിൽ അഭിപ്രായം പറയാന്‍ തയ്യാറായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പുറമേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പ്രകടനപത്രികയില്‍ എല്ലാമുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അത് പെരുംനുണയാണ്. ഞങ്ങള്‍ക്ക് പറയാന്‍ മനസ്സില്ലെന്നാണ് ഈ വിഷയത്തെപ്പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ചുമതല ഉള്ള വ്യക്തി പറഞ്ഞത്. പ്രതിപക്ഷ നേതാവ് എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കി, പഠിച്ച ശേഷം മാത്രം സംസാരിക്കുന്ന ആളാണ് എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍, അടുത്ത കാലത്തായി അദ്ദേഹം പറയുന്ന പല കാര്യങ്ങളിലൂടെയും ആ ധാരണ തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നു. തരംതാണ, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. നുണയ്ക്ക് സമ്മാനം കൊടുത്താല്‍ പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം കൊടുക്കണം. എല്ലാത്തിനും തെളിവുണ്ട്, പിന്നീട് തരാം എന്നാണ് സതീശന്റെ മറുപടി.
‘‘ബിജെപിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്രയുമായി ഉണ്ടാക്കിയ അന്തര്‍ധാര ഇലക്ടറല്‍ ബോണ്ട് വിഷയത്തിനിടയിലാണ് പൊങ്ങിവന്നത്. 170 കോടി രൂപ കൈയില്‍ വാങ്ങിയപ്പോള്‍ ബിജെപിക്കും വാദ്രയ്ക്കും ക്ലീന്‍ ചിറ്റ് ലഭിച്ചു’’ – മുഖ്യമന്ത്രി പറഞ്ഞു.