സോളർ സമരം തീർത്തത് രണ്ടു മുന്നണികളുടെയും താൽപര്യത്താൽ: ചെറിയാൻ ഫിലിപ്
Mail This Article
തിരുവനന്തപുരം ∙ സോളർ സമരം തീർക്കാൻ ആരു മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ലെന്നും അത് രണ്ടു മുന്നണികളുടെയും ആവശ്യമായിരുന്നെന്നും ചെറിയാൻ ഫിലിപ്. വി.എസ്.അച്യുതാനന്ദന്റെ പിടിവാശിക്കു വഴങ്ങിയാണ് എൽഡിഎഫ് സോളർ സമരം പ്രഖ്യാപിച്ചതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
‘‘സമരത്തിന്റെ കാര്യത്തിൽ രണ്ടു മുന്നണികളും പ്രതിസന്ധി നേരിട്ടു. സമരം നടന്നാൽ തലസ്ഥാനം കുരുതിക്കളമായി മാറുമെന്ന ആശങ്കയായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്. സമരത്തിന് ലക്ഷക്കണക്കിന് ആളുകള്‍ വന്നാൽ എവിടെ താമസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിൽ എൽഡിഎഫിലും ചർച്ചയുണ്ടായി. രണ്ടു മുന്നണികളും വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
13-ാം തീയതി രാവിലെ മന്ത്രിസഭായോഗം ചേരുകയും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോൾത്തന്നെ എൽഡിഎഫ് യോഗം ചേർന്ന് സമരം ഉപേക്ഷിച്ചു. സമരം തീർക്കാൻ ആര് മുൻകൈ എടുത്തു എന്നത് പ്രസക്തമല്ല. അത് രണ്ടുപേരുടെയും ആവശ്യമായിരുന്നു. രണ്ടു കൂട്ടരും ഒരുമിച്ച് മുൻകൈ എടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയപ്പോൾ അതിൽനിന്നു തലയൂരേണ്ടത് ആഭ്യന്തരമന്ത്രിയുടെയും യുഡിഎഫിന്റെയും ആവശ്യമായിരുന്നു. സമരത്തിൽനിന്ന് ഊരിക്കൊണ്ടു പോവേണ്ടത് എൽഡിഎഫിന്റെയും ആവശ്യമായിരുന്നു’’– ചെറിയാൻ ഫിലിപ് വിശദീകരിച്ചു. അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണനും ജോൺ ബ്രിട്ടാസും തമ്മിൽ സംസാരിക്കാനുള്ള സന്ദർഭം ഒരുക്കിയത് താനാണെന്നും ചെറിയാൻ ഫിലിപ് വ്യക്തമാക്കി.