തരൂരിനെ കൈവിടാതെ തീരമേഖല; പ്രകാശിനു പിടിവള്ളിയായത് പൂവച്ചലും കുറ്റിച്ചലും
Mail This Article
തിരുവനന്തപുരം ∙ കൈവിട്ടു പോകുമെന്നുറപ്പായ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശശി തരൂർ തിരിച്ചു പിടിച്ചത് തീരദേശ മേഖലയിലെ വോട്ടർമാരിലൂടെ. വിജയവും പരാജയവും ഒളിച്ചു കളിച്ച് ഫോട്ടോഫിനിഷിലെത്തിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പൂവച്ചൽ, കുറ്റിച്ചൽ മേഖലകളിലെ വോട്ടുകളാണ് അടൂർ പ്രകാശിന്റെ വിജയത്തിന് ഹൈവോൾട്ടേജ് തിളക്കം സമ്മാനിച്ചത്. വേലിയേറ്റവും വേലിയിറക്കവും പോലെയായിരുന്നു തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ. പ്രവചനം അസാധ്യമായ ഘട്ടങ്ങളായിരുന്നു പലപ്പോഴും. അതിശക്തമായ ത്രികോണ മത്സരം നടന്ന രണ്ടു മണ്ഡലങ്ങളിലും വോട്ടെണ്ണൽ അവസാന റൗണ്ടിലെത്തിയപ്പോഴാണ് വിജയ സൂചിക തെളിഞ്ഞത്.
∙ നഗരമണ്ഡലങ്ങൾ തരൂരിനെ കൈവിട്ടു, ചേർത്തുപിടിച്ച് തീരദേശം
യുഡിഎഫിന്റെ ശക്തമായ കോട്ടയായിരുന്ന തലസ്ഥാന നഗരത്തിലെ മണ്ഡലങ്ങൾ കൈവിട്ടതാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ പിന്നിലാകാൻ കാരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ വിചാരിച്ചത്ര വോട്ടുകൾ കിട്ടിയില്ലെന്നു മാത്രമല്ല, യുഡിഎഫിന്റെ ശക്തമായ അടിത്തറകളിൽ ഇളക്കവുമുണ്ടായി. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഒന്നാമത് എത്തി. നഗരമേഖലകളിൽ തരൂർ ഏറെ പിന്നിൽപ്പോയെന്നാണ് പ്രാഥമിക നിഗമനം. വലിയതുറ, ബീമാപ്പള്ളി മേഖലകളിൽ വോട്ടുകൾ കൂടുതലായി ലഭിച്ചു.
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ശശി തരൂർ മുന്നിലായിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ രാജീവ് ചന്ദ്രശേഖറിന്റെ മുന്നേറ്റമായി. കാൽലക്ഷത്തോളം ഭൂരിപക്ഷം നേടിയ രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് പിന്നീട് കുത്തനെ കുറഞ്ഞു. കോവളം, പാറശാല, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ശശി തരൂരിന്റെ വിജയത്തിൽ ഏറെ നിർണായകമായത്. കോവളത്തുനിന്ന് 16,666, പാറശാലയിൽനിന്ന് 13,069, നെയ്യാറ്റിൻകരയിൽനിന്ന് 22,613 എന്നിങ്ങനെ ലീഡാണ് ശശി തരൂരിന് ലഭിച്ചത്. ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് ഇടതു കോട്ടകളിൽ പോലും കാര്യമായ വോട്ടുകൾ ലഭിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. പാറശാലയിൽ മാത്രമാണ് പന്ന്യൻ രണ്ടാമത് എത്തിയത്.
∙ പൂവച്ചലും കുറ്റിച്ചലും പൂക്കൾ ചൊരിഞ്ഞു, പിടിച്ചു കയറി അടൂർ പ്രകാശ്
ആവേശവും ആകാംക്ഷയും കത്തിക്കയറിയ വോട്ടെണ്ണലിന്റെ അവസാന റൗണ്ടിൽ പൂവച്ചലും കുറ്റിച്ചലും യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ വിജയത്തിന്റെ പ്രകാശം ഇരട്ടിയിലേറെയാക്കി. വിജയത്തോട് അടുക്കുകയായിരുന്ന ഇടതു സ്ഥാനാർഥി വി.ജോയിക്ക് കടിഞ്ഞാണിട്ടതും പൂവച്ചൽ, കുറ്റിച്ചൽ എന്നിവിടങ്ങളിലെ യുഡിഎഫ് വോട്ടുകളായിരുന്നു. ആറ്റിങ്ങൽ നഗരപ്രദേശത്തും പോത്തൻകോടും അടൂർ പ്രകാശിന് വോട്ടുകൾ ഗണ്യമായി കുറഞ്ഞുവന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ.
ആറ്റിങ്ങൽ നഗരപ്രദേശം, കാട്ടാക്കട, ചിറയിൻകീഴ് എന്നിവിടങ്ങളിലും ബിജെപി സ്ഥാനാർഥി വി.മുരളീധരൻ മുന്നിലെത്തി. ഇവിടങ്ങളിലെല്ലാം അടൂർ പ്രകാശ് രണ്ടാം സ്ഥാനത്തായിരുന്നു. വാമനപുരം, അരുവിക്കര, നെടുമങ്ങാട് മേഖലകളിൽനിന്ന് അടൂർ പ്രകാശിന് വോട്ടുകൾ കൂടുതലായി കിട്ടി. ലീഡ് നില മാറിയും മറിഞ്ഞും നിന്ന വോട്ടെണ്ണലിൽ പലപ്പോഴും 500, 1000, 1500 എന്നീ നിലകളിലായിരുന്നു ഇടത്–വലത് സ്ഥാനാർഥികളുടെ ലീഡ്. പലപ്പോഴും ഇത് 2000 കവിഞ്ഞില്ല. ഒരു ഘട്ടത്തിൽ വി.ജോയി 5,000 വോട്ടുകൾക്ക് മുന്നിലെത്തിയെങ്കിലും പിന്നീട് രണ്ടായിരത്തിലേക്ക് ലീഡ് താഴ്ന്നു. അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട് എന്നിവിടങ്ങളിലെ വോട്ടർമാരും അടൂർ പ്രകാശിനെ തുണച്ചെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ അടൂർ പ്രകാശിന് മേൽക്കൈ നേടാനും കഴിഞ്ഞു.