നെഞ്ചുവരെ മണ്ണ് മൂടി, രക്ഷിക്കാൻ കയറുവാങ്ങാൻ പോയപ്പോൾ ടൗണില്ല: ദുരിതം കണ്ട ‘ലാസ്റ്റ് ബസിലെ’ കണ്ടക്ടർ പറയുന്നു
Mail This Article
കൽപ്പറ്റ∙ ‘‘വീടിനടുത്തു പുഴയായതിനാൽ മഴക്കാലത്തു വെള്ളം കയറാറുണ്ട്. അങ്ങനെയാണു കരുതിയത്. മുറിക്കു പുറത്തു ഭയാനകരമായ ദൃശ്യമായിരുന്നു. ബസ് പോകുന്ന വഴിയിൽ അമ്പലമുണ്ട്, അത് ഒലിച്ചു പോയി. ഞങ്ങൾ താമസിക്കുന്നതിനു പുറകിൽ 18 കുടുംബങ്ങൾ താമസിച്ചിരുന്നു. അതുമില്ല’’– വർഷങ്ങളായി കൽപ്പറ്റയിൽനിന്നു മുണ്ടക്കൈയിലേക്ക് ഓടുകയും രാത്രി ചൂരൽമലയിൽ നിർത്തിയിടുകയും ചെയ്യുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ സി.കെ.മുഹമ്മദ് കുഞ്ഞി പറയുന്നു. ഉരുൾപൊട്ടലിൽ പാലം തകർന്നതോടെ ബസ് പുഴയുടെ അപ്പുറത്തു കുടുങ്ങി. ആറു ദിവസത്തിനുശേഷം, ഇന്നലെ ഉച്ചയോടെ ചെളി നീക്കി വഴിയൊരുക്കിയാണു ബസ് ബെയ്‌ലി പാലം കടന്നു കൽപ്പറ്റയിലെത്തിച്ചത്. ദുരന്തത്തിന്റെ ദൃശ്യങ്ങൾ ആദ്യം കണ്ടതു ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ്.
ഒരു വർഷമായി കൽപ്പറ്റ–മുണ്ടക്കൈ റൂട്ടിൽ കണ്ടക്ടറാണു കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കുഞ്ഞി. ചൂരൽമലയിലേക്കു രണ്ടും മുണ്ടക്കൈയിലേക്കു മൂന്നു ട്രിപ്പുമാണ് ഒരു ദിവസമുള്ളത്. രാത്രി 8.30ന് അവസാന ട്രിപ്പ് കൽപ്പറ്റയിൽനിന്ന് ആരംഭിക്കും. പത്തു മണിയോടെ ചൂരൽമലയിലെത്തും. ചൂരൽമല ടൗണിൽനിന്നു 50 മീറ്റർ മാറിയാണു ഡ്രൈവറും കണ്ടക്ടറും താമസിക്കുന്നത്. ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് അപ്പുറമാണിത്. 29നു രാത്രി ഒന്നരയോടെയാണ് ഉരുൾപൊട്ടിയത്. രാത്രി 9.45ന് ബസ് ചൂരൽമലയിലെത്തി. ഇരുവരും ഉറങ്ങാനായി മുറിയിലേക്കു പോയി. ചൂരൽമല ക്ഷേത്രത്തിനു സമീപമുള്ള ക്ലിനിക്കിന് മുൻപിൽ ബസ് പാർക്ക് ചെയ്ത്, ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണു ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്.
‘‘പുലർച്ചെ എണീറ്റപ്പോൾ മൂന്നു ഭാഗത്തും വെള്ളമായിരുന്നു. ഇത്രയും ആഘാതമുണ്ടെന്നു ആദ്യം മനസിലാക്കിയില്ല. വെള്ളം കയറി എന്നു മാത്രമാണു കരുതിയത്. അൽപ്പദൂരം മൂന്നോട്ടുപോയപ്പോൾ നെഞ്ചുവരെ മണ്ണ് മൂടി കിടക്കുന്ന ആളെ കണ്ടു. അയാളെ രക്ഷിക്കാൻ മുണ്ടക്കൈയിൽ കയറു കിട്ടുമോ എന്ന് അന്വേഷിക്കാൻ പോയപ്പോൾ ടൗൺ കാണാനില്ല’’–മുഹമ്മദ് കുഞ്ഞി വേദനയോടെ പറഞ്ഞു. ‘‘ ക്ലിനിക്കിന്റെ മുൻവശം പൂട്ടും. പുറകിലൂടെയാണു മുറിയിൽ കയറുന്നത്. എണീറ്റപ്പോൾ ശുചിമുറിയുടെ ഭാഗത്തൊക്കെ വെള്ളം നിറഞ്ഞു. വൈദ്യുതി ഇല്ലായിരുന്നു. നാലു മീറ്റർ കൂടി മാറി വെള്ളം ഒഴുകിയിരുന്നെങ്കിൽ ഞങ്ങൾ താമസിച്ച കെട്ടിടം ഒലിച്ചു പോയെനേ. പുഴ മുറിച്ചുകടന്നു വൈകിട്ടോടെ ഇപ്പുറത്തെത്തി’’–ഡ്രൈവർ പി.ബി.സജിത്ത് പറഞ്ഞു.