ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. രാത്രിയും അതിതീവ്ര മഴയാണു പ്രവചിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴ പെയ്യും. യെലോ അല‍ർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിലാണു കനത്ത മഴ പെയ്യുന്നത്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്നു മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴ പെയ്തെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയിൽ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂം പ്രവചിക്കുന്നു.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം / ശക്തമായ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത് മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമായേക്കാം. കിഴക്കൻ മേഖലയിൽ ഈ പ്രദേശങ്ങളിൽ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങാതിരിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായാണ് പ്രവചനം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്. 

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണമെന്നും അറിയിപ്പുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകള്‍ സുരക്ഷിതമാണെന്ന് പാടത്തേക്ക് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തണമെന്നും നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

English Summary:

Heavy Rains to Batter Idukki and Malappuram Districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com