ഗാസയിലെ പള്ളിക്കും സ്കൂളിനും നേരെ ഇസ്രയേൽ വ്യോമാക്രമണം; 26 പേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരുക്ക്
Mail This Article
ജറുസലം∙ ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാ പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. ഇസ്രയേലിന്‍റെ ക്രൂരത വ്യക്തമാക്കുന്നതാണ് സ്കൂളിനും പള്ളിക്കും നേരെ നടത്തിയ ആക്രമണമെന്ന് ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു.
അതേസമയം, മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് അംഗങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ പറഞ്ഞു.
ലബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ലബനനിലെ ആശുപത്രികൾ പൂട്ടുന്നുവെന്ന വിവരം പുറത്തുവന്നു. തെക്കൻ ലബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിനു പുറത്ത് ഇസ്രയേൽ ആക്രമണത്തിൽ ഏഴ് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.