യാത്രക്കാരിയുടെ ബാഗ് തുറന്ന ജീവനക്കാർ ഞെട്ടി; കണ്ടെത്തിയത് അപൂർവ ഇനം ഓന്തുകളും കുരങ്ങുകളും

Mail This Article
ചെന്നൈ ∙ ക്വാലാലംപുരിൽനിന്ന് എത്തിയ മലേഷ്യൻ സ്വദേശിയായ വനിതാ യാത്രക്കാരിയുടെ ബാഗേജിൽനിന്ന് അപൂർവ ഇനത്തിൽപ്പെട്ട ജീവികളെ പിടികൂടി. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
യാത്രക്കാരിയിൽനിന്ന് വിവിധയിനത്തിൽപ്പെട്ട 56 എണ്ണം വന്യജീവികളെയാണ് കണ്ടെത്തിയത്. ഇതിൽ 4 എണ്ണം സിയാമങ് ഗിബ്ബണുകളും (വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുവർഗം), 52 എണ്ണം ഗ്രീൻ ഇഗ്വാനകളും (ഓന്തുവർഗം) ആണെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരിയെയും ഇവരെ സ്വീകരിക്കാനെത്തിയ വ്യക്തിയെയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പിടികൂടിയ വന്യജീവികളെ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം മലേഷ്യയിലേക്ക് തിരികെ അയച്ചു.