ADVERTISEMENT

ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ.എസ്. ശർമിളയും തമ്മിലുള്ള സ്വത്തുതർക്കം നിയമപോരാട്ടത്തിലേക്കു നീങ്ങുന്നു. അമ്മ വൈ.എസ്. വിജയമ്മയ്ക്കും ശർമിളയ്ക്കുമെതിരെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) ഹർജി നൽകിയിരിക്കുകയാണ് ജഗൻ. സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഹർജി. ഇരുവരും തമ്മിലെത്തിച്ചേർന്ന ധാരണാപത്രത്തെ ബഹുമാനിക്കാതെയുള്ള നീക്കങ്ങളാണ് ശർമിള നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ജഗൻ അവർക്കു കത്ത് അയയ്ക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ഊഷ്മളത നഷ്ടമായെന്നു ജഗൻ മോഹൻ പറയുമ്പോൾ അന്തരിച്ച വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ ആഗ്രഹത്തിന് അനുസരിച്ചു നാലു കൊച്ചുമക്കൾക്കായി സ്വത്തുക്കൾ തുല്യമായി പങ്കുവയ്ക്കണമെന്നതു നടപ്പാക്കുന്നില്ലെന്നാണ് ശർമിളയുടെ ആരോപണം. ഇരുവരും പരസ്പരമെഴുതിയ കത്തുകൾ പുറത്തുവന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസിന്റെ വളർച്ചയിൽ തങ്ങൾ നിർണായക പങ്കുവഹിച്ചുവെന്നാണ് ജഗനും ഭാര്യ ഭാരതി റെഡ്ഡിയും വാദിക്കുന്നത്. സെപ്റ്റംബർ പത്തിനാണ് ഇരുവരും എൻസിഎൽടിയിൽ ഹർജി നൽകിയത്. വൈ.എസ്. വിജയമ്മ തന്റെ ഓഹരി മകൾ ശർമിളയ്ക്കു നൽകാൻ തീരുമാനിച്ചതാണ് തർക്കത്തിനു കാരണമായതെന്നാണു സൂചന. ഹർജിയിൽ ബന്ധപ്പെട്ട വ്യക്തികൾക്ക് ട്രൈബ്യൂണൽ നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് നവംബർ 8ന് പരിഗണിക്കും.

പിതാവിന്റെ മരണശേഷം സഹോദരനുമായി തെറ്റിയ ശർമിള സ്വന്തമായി വൈഎസ്ആർ തെലങ്കാന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലേക്ക് പാർട്ടി ലയിച്ചു. ആന്ധ്ര പ്രദേശ് കോൺഗ്രസിന്റെ അധ്യക്ഷയായി ചുമതലയേറ്റെടുത്തു. പിന്നാലെ കടപ്പ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

English Summary:

YS Jagan vs. YS Sharmila: Family Feud Over Property Reaches Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com