‘കേന്ദ്രത്തിന്‍റേത് മര്യാദകേട്; എയർലിഫ്റ്റിങ്ങിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടും’
Mail This Article
തിരുവനന്തപുരം∙ 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. തിരിച്ചടയ്ക്കണമെന്ന് വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്‌ഡിആർഎഫിൽനിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുഖത്തെ എയര്‍ ലിഫ്റ്റിന് 132.62 കോടി കേരളത്തോട് ചോദിച്ചത് കടുത്ത വിവേചനമാണ്. തുക ഒഴിവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ദുരന്ത മുഖത്ത് കേന്ദ്രം നൽകുന്ന സേവനങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലത്. അതല്ലാതെ സംസ്ഥാന എസ്‍ഡിആര്‍എഫിൽ നിന്ന് എടുത്ത് കേന്ദ്രത്തിന് നൽകാൻ പറയുന്നത് പ്രയോഗികമായി ശരിയായ നടപടിയല്ല. അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിനു തുല്യമായ തുക കേന്ദ്രം നൽകേണ്ടതാണെന്നും കെ. രാജൻ പറഞ്ഞു.
കേരളത്തിന്‍റെ എസ്‌ഡിആര്‍എഫ് ഫണ്ട് പല രീതിയിൽ ഉപയോഗിക്കേണ്ടതുള്ളതിനാൽ അതിൽ നിന്ന് ഇത്രയും ഭീമമായ തുക കേന്ദ്രത്തിന് നൽകേണ്ടത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും രാജൻ പറഞ്ഞു.