ADVERTISEMENT

ലോകം മുഴുവന്‍ യുഎസിലേക്കു കണ്ണും കാതും തിരിച്ച വര്‍ഷം, യുഎസിന്റെ 47ാം പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ വര്‍ഷം. ഒരു വനിതയെ നേതാവായി സ്വീകരിക്കാന്‍ ആ രാജ്യം ഇനിയും പാകപ്പെട്ടില്ലെന്നു വീണ്ടും തെളിയിക്കപ്പെട്ട വര്‍ഷം, തിരഞ്ഞെടുപ്പു രാഷ്ട്രീയം ഇനി വേണ്ടെന്ന് ജോ ബൈഡന്‍ പാതിവഴിയില്‍ തീരുമാനിച്ച വര്‍ഷം. സംഭവബഹുലമായിരുന്നു യുഎസിന് 2024.

2024ന് രണ്ടുവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2022 നവംബര്‍ 15ന്, ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രായാധിക്യവും നിലവിലെ സര്‍ക്കാരിന്റെ വീഴ്ചകളും ചേര്‍ന്ന് ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ സംശയമുണ്ടായിരുന്നെങ്കിലും 2024ന്റെ തുടക്കത്തിൽത്തന്നെ ട്രംപ്-ബൈഡന്‍ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍ 7 മാസത്തിനു ശേഷം ജൂലൈ 21ന് ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്മാറി. ഓഗസ്റ്റ് 5ന് ബൈഡനു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി. വൈകിത്തുടങ്ങിയെങ്കിലും കമലയും ട്രംപും ഒപ്പത്തിനൊപ്പമെന്നാണ് വോട്ടെണ്ണലിനു തൊട്ടുമുന്‍പു വരെ തിരഞ്ഞെടുപ്പ് സര്‍വേകളെല്ലാം പ്രവചിച്ചത്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചായി. പ്രവചനങ്ങളെ കാറ്റില്‍പറത്തി 7 സ്വിങ് സ്റ്റേറ്റുകളിലടക്കം ട്രംപിന്റെ ആധികാരിക വിജയം. ജനകീയ വോട്ടിലും ഇലക്ടറല്‍ വോട്ടിലും കമലയെ ട്രംപ് ബഹുദൂരം പിന്നിലാക്കി. ബൈഡന്റെ നയങ്ങള്‍ തുടരുമെന്നു പ്രഖ്യാപിച്ച കമലയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്ന് യുഎസ് ജനതയ്ക്കു തോന്നിയതാവാം കാരണം.

തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് (Photo by SAUL LOEB / AFP)
തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് (Photo by SAUL LOEB / AFP)

2025 ജനുവരി 20ന് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പാള്‍ പുതുവര്‍ഷത്തില്‍ യുഎസിനെയും ലോകത്തിനെയും കാത്തിരിക്കുന്നത് എന്തൊക്കെയാകും? ഇക്കാര്യത്തില്‍ ആശങ്കയും പ്രതീക്ഷയും ഒരുപോലെയാണ്. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അത്രയും അപ്രവചനീയനാണ് ട്രംപ്. രണ്ട്, യുഎസിന്റെ നയവ്യതിയാനങ്ങള്‍ക്ക് ലോകക്രമത്തെ അത്രയേറെ സ്വാധീനിക്കാനുള്ള കെല്‍പുണ്ട്. തീരുവകൾ മുതല്‍ കുടിയേറ്റം വരെ സംബന്ധിക്കുന്ന സകല നയങ്ങളും ട്രംപ് ഉടച്ചുവാര്‍ക്കുമെന്നാണ് സൂചന. കുടിയേറ്റ നയത്തില്‍ ട്രംപ് വരുത്താന്‍ പോകുന്ന മാറ്റങ്ങളാകും ഏറ്റവും പ്രധാനം. കുടിയേറ്റം നിയന്ത്രിക്കാന്‍ അതിര്‍ത്തികൾ അടയ്ക്കുക, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചയയ്ക്കല്‍ നടപടി സാധ്യമാക്കുക എന്നിവയാണ് അജന്‍ഡ47 എന്നു പേരിട്ടിട്ടുള്ള, ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ആദ്യത്തെ രണ്ടു വാഗ്ദാനങ്ങള്‍. അതുകൊണ്ടുതന്നെ കുടിയേറ്റ വിഷയത്തില്‍ ട്രംപ് നയം കടുപ്പിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഷിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടി കൺവൻഷനിൽ വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും. (Photo by Robyn Beck / AFP)
ഷിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടി കൺവൻഷനിൽ വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും. (Photo by Robyn Beck / AFP)

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്നും ഇതിനായി സൈന്യത്തെ ഉപയോഗിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസില്‍ ജനിക്കുന്നയാള്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന ബര്‍ത് റൈറ്റ് സിറ്റിസന്‍ഷിപ്പ്, 16 വയസ്സിനു മുന്‍പ് യുഎസിലെത്തി 2007 മുതല്‍ രാജ്യത്തു തുടരുന്ന അനധികൃത കുടിയേറ്റക്കാരായ കുട്ടികളെ പുറത്താക്കലില്‍നിന്നു സംരക്ഷിച്ച് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവകാശം നല്‍കുന്ന ഡെഫേഡ് ആക്‌ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് (ഡാക) തുടങ്ങിയ നയങ്ങള്‍ റദ്ദാക്കുമെന്നും ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടി കുടിയേറ്റക്കാരെ തടയാനുള്ള നീക്കം രണ്ടാം ട്രംപ് സര്‍ക്കാരും തുടര്‍ന്നേക്കാം. ഒരു വര്‍ഷം പത്തുലക്ഷം അനധികൃത കുടിയേറ്റക്കാരെയെങ്കിലും പുറത്താക്കുമെന്നാണ് നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ പ്രഖ്യാപനം. 18,000 ത്തോളം ഇന്ത്യക്കാരും ഇതിലുള്‍പ്പെടും.

ഇസ്രയേല്‍- ഹമാസ്- ഇറാന്‍- ലെബനന്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധങ്ങള്‍, സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ സംഘര്‍ഷ വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നയങ്ങളും 2025 ന്റെ ഭാവി നിശ്ചയിക്കും. ജനുവരി 20ന് താന്‍ അധികാരമേറ്റെടുക്കും മുൻപ് ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും ഇസ്രയേല്‍ അനുകൂലമായിരുന്നു ആദ്യ ട്രംപ് സര്‍ക്കാര്‍. ഏബ്രഹാം കരാറും ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതും ഉള്‍പ്പെടെ ട്രംപിന്റെ തീരുമാനങ്ങളെല്ലാം ഇസ്രയേലിനു ഗുണം ചെയ്തു. എന്നാല്‍ രണ്ടാം ട്രംപ് ഭരണകൂടമെത്തുമ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇസ്രയേലും ഹമാസും യുദ്ധം തുടങ്ങി, ലബനനെ ഇസ്രയേല്‍ നേരിട്ടാക്രമിച്ചു, ഇറാനിലും സിറിയയിലും ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിനെ പഴയതുപോലെ ട്രംപ് ചേര്‍ത്തുപിടിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

 (Photo by Omar AL-QATTAA / AFP)
(Photo by Omar AL-QATTAA / AFP)

യുദ്ധങ്ങളെ എതിര്‍ക്കുന്നതാണ് ട്രംപിന്റെ രീതി. അതിനു പിന്നിലെ മനുഷ്യനാശം കൊണ്ടല്ല. യുദ്ധം ചെലവേറിയതെന്ന കാരണത്താലാണത്. ആഗോള സംഘര്‍ഷങ്ങള്‍ക്കായി യുഎസ് പണം ചെലവഴിക്കുന്നതിനെയും ട്രംപ് അനുകൂലിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിനും ലബനനുമായി ധാരണയിലെത്താനും ഇസ്രയേലിനുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയേക്കും. എന്നാല്‍ ഹമാസിന്റെ അവസാനം കണ്ടേ യുദ്ധം അവസാനിപ്പിക്കൂവെന്ന് പ്രഖ്യാപിച്ച നെതന്യാഹു ഇതിനോട് പ്രതികരിക്കുന്നുവെന്നത് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ മാത്രമല്ല ഇസ്രയേല്‍-യുഎസ് ബന്ധത്തിന്റെ ഭാവിയും നിശ്ചയിക്കും.

യുക്രെയ്നിലും സമാനസ്ഥിതി തുടരുന്നു. മൂന്നുവര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തിനായി ഇനിയും പണം മുടക്കുന്നതെന്തിനെന്ന് യുഎസ് ജനത ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ ആയുധങ്ങള്‍ യുക്രെയ്ന്‍ റഷ്യയ്ക്കുനേരെ ഉപയോഗിക്കുന്നതിനെ ട്രംപ് തന്നെ വിമര്‍ശിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പുട്ടിനോടും സെലന്‍സ്‌കിയോടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച യുക്രെയ്ന്റെ ഇഷ്ടപ്രകാരമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയത്തില്‍നിന്നു മാറി, യുഎസ് മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകള്‍ക്കു ട്രംപ് തുടക്കമിടാനാണ് സാധ്യത. യുക്രെയ്നിന്റെ നാറ്റോ പ്രവേശനം നീട്ടിവച്ചും സൈനികരഹിത മേഖല സൃഷ്ടിച്ചും താല്‍കാലിക യുദ്ധവിരാമത്തിനാണ് ട്രംപിന്റെ പദ്ധതിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. യുക്രെയ്ന്‍ വിഷയത്തില്‍ ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ പെട്ടെന്ന് തട്ടിക്കൂട്ടുന്ന ഇത്തരം പരിഹാരങ്ങള്‍ ഗുണത്തേക്കാളേറെ രാജ്യത്തിനു ദോഷം ചെയ്യുമെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ത്തന്നെ യുക്രെയ്ന്‍ അനുകൂലികള്‍ ആരംഭിച്ചിട്ടുമുണ്ട്.

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടം.  (Photo by Genya SAVILOV / AFP)
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടം. (Photo by Genya SAVILOV / AFP)

യുഎസില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന 2025 ഇന്ത്യയും ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രതിരോധ സഹകരണം ട്രംപിനു കീഴില്‍ ശക്തമാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. ഇന്തോ-പസിഫിക്കിലും ക്വാഡ് അടക്കമുള്ള സഖ്യങ്ങളിലും ശക്തമായ ഇടപെടലും പുതിയ നീക്കങ്ങളും ഉണ്ടാകും. യുഎസും ഇന്ത്യയും ഒരുപോലെ ചൈനയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്നതിനാല്‍ ഇന്തോ-പസിഫിക്കില്‍ തന്ത്രപ്രധാന നീക്കങ്ങള്‍ നടത്താന്‍ യുഎസ് പരമാവധി ശ്രദ്ധ ചെലുത്തും. കുടിയേറ്റം, തീരുവ വിഷയങ്ങളാണ് ഇന്ത്യയും ഭയക്കേണ്ടത്. ഇരട്ടി തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് യുഎസില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നതിനാല്‍ അത്ര വേഗത്തില്‍ തീരുവ കൂട്ടല്‍ നടപ്പാകില്ലെന്നു വേണം കരുതാന്‍.

നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം നേടാനൊരു സുവർണാവസരം. കൂടുതൽ അറിയാനും റജിസ്റ്റർ ചെയ്യാനും ‘മനോരമ ഓൺലൈൻ എലിവേറ്റ്'

English Summary:

Yearender 2024: Trump Returns, India-US Ties Remain 'In A Very Strong Place'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com