‘അവസരം നഷ്ടപ്പെടുത്തുന്നതു സർക്കാർ നയമല്ല’: സ്കൂളുകളുടെ വിലക്ക് പിന്‍വലിക്കുമെന്ന സൂചനയുമായി ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച കോതമംഗലം മാര്‍ ബേസില്‍, തിരുനാവായ നാവാമുകുന്ദ സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ ഭാവി നഷ്ടപ്പെടാതിരിക്കാനുള്ള തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളിന്റെ വിലക്ക് പിന്‍വലിക്കാനുള്ള നടപടി വേണമെന്ന്, ദേശീയ സ്കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണം നേടിയ നാവാ മുകുന്ദ സ്കൂളിലെ ആദിത്യ അജി മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ആദിത്യയെ അഭിനന്ദിക്കുന്നുവെന്നും കുട്ടിയുടെ ആവശ്യം തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും മന്ത്രി പറഞ്ഞു.
‘‘ഏതു തരത്തില്‍ പ്രശ്നം പരിഹരിക്കാമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവമായി ആലോചിക്കും. കുട്ടികളോട് ഒരു ബുദ്ധിമുട്ടുമില്ല. കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്നതു സര്‍ക്കാരിന്റെ നയമല്ല. പക്ഷേ പാലിക്കേണ്ട അച്ചടക്കം പാലിക്കുക എന്നതു സര്‍ക്കാര്‍ നയമാണ്. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നമാണിത്. അവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. 2 സ്കൂളുടെയും ആവശ്യം പരിഗണിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും’’– മന്ത്രി പറഞ്ഞു.