‘രാജീവ് ഗാന്ധിയെ വധിച്ച ക്രെഡിറ്റ് ഞങ്ങൾക്ക്’: സീമാനു കോടതിയിൽനിന്നു തിരിച്ചടി, ഹാജരാകണം

Mail This Article
ചെന്നൈ ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ നാം തമിഴർ കക്ഷി നേതാവും നടനുമായ സീമാനു തിരിച്ചടി. കലാപത്തിന് ആഹ്വാനം ചെയ്തതിനു റജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.
രാജീവ് ഗാന്ധിയെ വധിച്ചതിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന തരത്തിൽ 2019ലെ വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണ് കേസിന്റെ അടിസ്ഥാനം. കേസ് റദ്ദാക്കണമെന്നും വിക്രവാണ്ടി മജിസ്ട്രേട്ട് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു സീമാൻ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ ഹൈക്കോടതി, അറസ്റ്റ് വാറന്റ് ഒഴിവാക്കാൻ വിക്രവാണ്ടി കോടതിയെ തന്നെ സമീപിക്കാനും ഉത്തരവിട്ടു.
∙ വീട് ഉപരോധിക്കാൻ ശ്രമം
പെരിയാറിനെതിരെ പരാമർശം നടത്തിയ നാം തമിഴർ കക്ഷി നേതാവ് സീമാന്റെ വീട് ഉപരോധിക്കാൻ ശ്രമിച്ച മുപ്പതോളം സംഘടനകൾ അടങ്ങിയ പെരിയാർ അലയൻസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപരോധക്കാരെ നേരിടാൻ നാം തമിഴർ കക്ഷി പ്രവർത്തകർ നീലാങ്കരയിലെ സീമാന്റെ വീട്ടിൽ തമ്പടിച്ചിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു.
സീമാന്റെ കോലം കത്തിച്ച പ്രവർത്തകർ പോസ്റ്ററിൽ ചെരുപ്പുകൊണ്ട് അടിച്ചു. സീമാന്റെ വീടിനു സംരക്ഷണമൊരുക്കാൻ ചൊവ്വാഴ്ച രാത്രി തന്നെ നൂറുകണക്കിനു നാം തമിഴർ കക്ഷി പ്രവർത്തകർ നീലാങ്കരയിൽ തമ്പടിച്ചിരുന്നു. ബിരിയാണി വിളമ്പിയും ഗാനമേള നടത്തിയും ആഘോഷാന്തരീക്ഷം ഒരുക്കിയാണു പാർട്ടി പ്രവർത്തകരെ നാം തമിഴർ കക്ഷി നേതാക്കൾ വരവേറ്റത്.