ഡി സോൺ കലോത്സവത്തിനിടെ കെഎസ്‌യു–എസ്എഫ്ഐ സംഘർഷം; ‘വിദ്യാർഥികളുമായി പോയ ആംബുലൻസ് ആക്രമിച്ചു’

Mail This Article
തൃശൂർ∙ മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലയുടെ ഡി – സോൺ കലോത്സവത്തിനിടെ സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് കെഎസ്‌യു – എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാർഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് മാള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം പരുക്കേറ്റ കെഎസ്‌യു വിദ്യാർഥികളുമായി പോയ ആംബുലൻസ്, എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു. ഡി–സോൺ കലോത്സവം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചില വിദ്യാർഥികൾക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.നാടക അവതരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കലോത്സവം തുടരുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടക്കുകയാണ്.