‘എവിടെയാണ് കേരളത്തിൽ വന്ന 3 ലക്ഷം സംരംഭങ്ങൾ?’; ആക്രമണം മുഖ്യമന്ത്രിയിലേക്ക് തിരിച്ച് വി.ഡി.സതീശൻ

Mail This Article
കൊച്ചി∙ തെറ്റായ കണക്കുകളാൽ ഏച്ചുകെട്ടിയ വിവരങ്ങളിലാണ് സർക്കാർ മേനി നടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത് കള്ളക്കണക്കാണ്.
ലോകബാങ്ക് ഇടപെട്ട് നിർത്തലാക്കിയ വ്യവസായ സൗഹൃദ സൂചിക ഉപയോഗിച്ചുള്ള പിആർ വെള്ളപൂശലാണ് നടക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ തെറ്റായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ലോകബാങ്ക് ഈ സൂചിക നിർത്തലാക്കിയത്. 3 വര്‍ഷം കൊണ്ടു കേരളത്തിൽ 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ട് ശരിയാവണമെങ്കിൽ ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് 2000 സംരംഭങ്ങള്‍ വരണം. ഇത്രയും സംരംഭങ്ങളിലൂടെ സംസ്ഥാനത്തിലേക്ക് വന്ന നിക്ഷേപം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
3 ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ വീതം മുതല്‍ മുടക്കിയാല്‍ 30,000 കോടി രൂപയുടെ വളര്‍ച്ച കേരളത്തിലുണ്ടാകും. ഇത് രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ സംസ്ഥാന വിഹിതം 2022 ലും 2023 ലും മാറ്റമില്ലാതെ തുടരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ജിഡിപിയിലേക്ക് കേരളത്തിന്റെ സംഭാവന കുറവാണ്. 40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കു ജിഎസ്ടി റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പ്രകാരം കേരളത്തില്‍ ഈ കാലയളവില്‍ 30,000 ഓളം പുതിയ ജിഎസ്ടി റജിസ്‌ട്രേഷന്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ എത്ര എണ്ണം പൂട്ടിയെന്ന കണക്കും ലഭ്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഏക ജാലക സംവിധാനത്തിലെ കണക്കുകൾ പറയുന്നത് 64,528 എംഎസ്എംഇകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ്. വ്യവസായ സൗഹൃദമായി കേരളത്തെ മാറ്റാന്‍ രാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് പ്രതിപക്ഷം നൽകുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം മാറണമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. കാരണം ഇപ്പോൾ തൊഴിലിനായി കേരളത്തിൽ നിന്നും ആളുകൾ പുറത്തേക്ക് പോവുകയാണ്. യുഡിഎഫിന്റെ കാലത്ത് ഐടി കമ്പനികളുടെ എണ്ണത്തിലുണ്ടായ വളർച്ച എൽഡിഎഫ് കാലത്തുണ്ടായിട്ടില്ല.
കൊച്ചു കേരളം കോവിഡിനെ പിടിച്ചുകെട്ടി എന്ന ലേഖനം ഓർമയില്ലേ? പിആർ ഏജൻസിയെ വച്ചാണ് അതുണ്ടാക്കിയത്. പിന്നീട് കോവിഡ് മരണം സംബന്ധിച്ച വിവരങ്ങൾ കേരളം മറച്ചുവച്ചു എന്ന വിവരങ്ങൾ പുറത്തായിരുന്നു'. ഇതുപോലെയാണ് ഇപ്പോഴത്തെ വ്യാവസായിക വളർച്ച സംബന്ധിച്ച റിപ്പോർട്ടെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. അതേസമയം ശശി തരൂരിന്റെ അഭിപ്രായം ചേർത്തുള്ള ചോദ്യങ്ങളോട് സതീശൻ പ്രതികരിച്ചില്ല. അദ്ദേഹത്തിനുള്ള മറുപടി നേരത്തെ പറഞ്ഞുവെന്നും, മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമുള്ള മറുപടിയാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെരിയ കേസില്‍ കുറ്റക്കാരായ പ്രതികൾക്ക് പരോൾ കൊടുക്കാനുള്ള നീക്കം ക്രിമിനലുകൾക്കുള്ള സർക്കാർ പ്രോത്സാഹനത്തിന്റെ തെളിവാണെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വി.ഡി. സതീശൻ പറഞ്ഞു. ജയിലിൽ കിടക്കുന്നവർക്ക് വിവിഐപി സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ഭക്ഷണം, മദ്യം, ലഹരി, ഫോൺ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുന്നു. പ്രതികളെ ഭയന്നാണ് നേതാക്കൾ കഴിയുന്നത്.