എവിടെ വിലങ്ങാടിനെ വിറപ്പിച്ച കടുവ? വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല

Mail This Article
നാദാപുരം (കോഴിക്കോട്)∙ വിലങ്ങാട് പാനോത്ത് പുല്ലുവാ പുഴയ്ക്ക് സമീപം കടുവയെ കണ്ടെന്നു പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കാണാത്തതിനാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഇന്ന് രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. നിലവിൽ പ്രദേശത്തു ക്യാമറ സ്ഥാപിക്കുന്നതിനോകൂടുവയ്ക്കുന്നതിനോ ഉള്ള സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ രാത്രിയാണ് വിലങ്ങാട് കടുവയെ കണ്ടെന്ന് ഒരു നാട്ടുകാരൻ അറിയിച്ചത്. വെള്ളം എടുക്കാനായി പുഴയുടെ കരയിൽ എത്തിയ വട്ടക്കുന്നേൽ അലക്സിന് കടുവയെ കണ്ടു ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റിരുന്നു. തുടർന്ന് രാത്രി വൈകിയും നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെയും പരിശോധന നടത്തി. അതേസമയം, ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകി.