‘ബിജെപിക്ക് സമൂഹമാധ്യമ അക്കൗണ്ട് വിറ്റു, 18 കോടി എഴുതിത്തള്ളി’; കോൺഗ്രസ് വിമർശനം ഗോസിപ്പെന്ന് പ്രീതി സിന്റ

Mail This Article
മുംബൈ ∙ ബോളിവുഡ് നടി പ്രീതി സിന്റയ്ക്കെതിരെ ഉയർന്ന 18 കോടി രൂപയുടെ വായ്പാ വിവാദത്തിൽ പ്രതികരണവുമായി നടി. താരം തന്റെ സമൂഹമാധ്യമ അക്കൗണ്ട് ബിജെപിക്ക് വിറ്റെന്നും അതിനാൽ അവർ ന്യൂ ഇന്ത്യ കോർപറേറ്റീവ് ബാങ്കിൽ നിന്നെടുത്ത വായ്പ എഴുതിത്തള്ളിയെന്നുമാണ് കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിൽ ഉയർന്ന ആരോപണം. പ്രചരിക്കുന്നത് ‘വെറും ഗോസിപ്പുകൾ’ ആണെന്ന് പറഞ്ഞ് കോൺഗ്രസിനെ രൂക്ഷഭാഷയിൽ വിമർശിച്ച താരം, വായ്പയെല്ലാം പത്തു വർഷം മുൻപ് തിരിച്ചടച്ചെന്നും പറഞ്ഞു.
പ്രീതി സിന്റ ബിജെപിക്ക് തന്റെ സമൂഹമാധ്യമ അക്കൗണ്ട് നൽകിയെന്നും അതിന് പിന്നാലെ അവരുടെ 18 കോടി രൂപ എഴുതിത്തള്ളിയെന്നും തിങ്കളാഴ്ചയാണ് കോൺഗ്രസ് കേരള ഘടകം ആരോപിച്ചത്. പ്രീതിയുടെ കടം എഴുതിത്തള്ളിയ ന്യൂ ഇന്ത്യ കോർപറേറ്റീവ് ബാങ്ക് കഴിഞ്ഞ ആഴ്ച തകർന്നെന്നും നിക്ഷേപകരെല്ലാം പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണെന്നും കോൺഗ്രസ് പറയുന്നു. പ്രീതി സിന്റെയുടെയും മറ്റു ചിലരുടെയും കടങ്ങൾ എഴുതിത്തള്ളിയെന്ന മാധ്യമവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു കോൺഗ്രസിന്റെ ആരോപണം.
കോൺഗ്രസ് കേരള ഘടകം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് പ്രീതി സിന്റ പ്രതികരിച്ചു. ‘എന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിങ്ങൾക്ക് നാണമില്ലേ. എന്റെ ഒരു വായ്പയും ആരും എഴുതിതള്ളിയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുയായികൾ ഇത്തരം വ്യാജ വാർത്തകർ പ്രചരിപ്പിക്കുന്നതും ഗോസിപ്പുകളിൽ ഏർപ്പെടുന്നതും എന്നെ ശരിക്കും ഞെട്ടിച്ചു. ഞാൻ എടുത്ത വായ്പ പത്തു വർഷം മുൻപ് തിരിച്ചടച്ചിരുന്നു. ഇനി ഇതിന്മേൽ ഭാവിയിലും ഒരു തെറ്റിധാരണ ഉണ്ടാകില്ല എന്ന് കരുതുന്നു’– പ്രീതി സിന്റ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രീതി സിന്റയുടെ പോസ്റ്റ് കോൺഗ്രസിന്റെ കേരള ഘടകവും പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയാറാണെന്നും കോൺഗ്രസ് കേരളഘടകം എക്സിൽ കുറിച്ചു.
എന്താണ് ന്യൂ ഇന്ത്യ കോർപറേറ്റീവ് ബാങ്കിലെ ക്രമക്കേട്?
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ന്യൂ ഇന്ത്യ കോർപറേറ്റീവ് ബാങ്കിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 13ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഈ ബാങ്ക് വാർത്തകളിൽ ഇടംനേടിയത്. പുതിയ വായ്പകൾ അനുവദിക്കുന്നതിലും നിലവിലെ വായ്പകൾ പുതുക്കുന്നതിലും വിലക്ക് ഏർപ്പെടുത്തി. പുതിയ നിക്ഷേപങ്ങൾ, ഡിപ്പോസിറ്റുകൾ എന്നിവ സ്വീകരിക്കുന്നതിലും വിലക്കുണ്ടായി.
ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ തൽസ്ഥാനത്തുനിന്ന് 12 മാസത്തേക്ക് നീക്കി പകരം എസ്ബിഐയുടെ മുൻ ചീഫ് ജനറൽ മാനേജറെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഇന്ന് പുറത്തിറങ്ങിയ റിസർവ് ബാങ്കിന്റെ പുതിയ നിർദേശത്തിൽ ഫെബ്രുവരി 27 മുതൽ നിക്ഷേപകർക്ക് 25,000 രൂപ വരെ പിൻവലിക്കാമെന്നുണ്ട്. പ്രസ്തുത ബാങ്കിന് 28 ബ്രാഞ്ചുകളുണ്ട്, മിക്കതും മുംബൈ മെട്രോപൊലിറ്റൻ മേഖലയിലാണ്.