‘ഒന്നും പറഞ്ഞില്ല, വെള്ളം കൊടുത്തപ്പോൾ ഛർദിച്ചു’; വിദ്യാർഥിയെ മർദിച്ചതിനു പിന്നിൽ ക്വട്ടേഷൻ സംഘം?

Mail This Article
കോഴിക്കോട്∙ താമരശ്ശേരിയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്നു സംശയിക്കുന്നതായി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന ഷഹബാസിന്റെ പിതാവ് താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഇക്ബാൽ. ഷഹബാസ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നു ഡോക്ടർമാർ അറിയിച്ചുവെന്നും ഇക്ബാൽ പറഞ്ഞു.
ഷഹബാസിന്റെ തലയ്ക്കുൾപ്പെടെ പരുക്കുണ്ട്. വിദ്യാർഥികളെ കൂടാതെ പുറത്തുള്ള ആളുകളും ആയുധങ്ങൾ ഉപയോഗിച്ച് ഷഹബാസിനെ മർദിച്ചു. വൈകിട്ട് 5 മണിക്കു ചായയ്ക്ക് കടി വാങ്ങാനായി സുഹൃത്തിനൊപ്പമാണു ഷഹബാസ് പുറത്തുപോയത്. അപ്പോൾ തന്നെ നിരവധി ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂറിനു ശേഷം തിരിച്ചെത്തി ഒന്നും സംസാരിക്കാതെ ഷഹബാസ് കിടക്കുകയായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. വെള്ളം കൊടുത്തപ്പോൾ ഛർദിച്ചു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണു ക്രൂരമായി മർദനത്തിനിരയായ വിവരം അറിഞ്ഞത്. കുട്ടികൾ മാത്രമല്ല മർദിച്ചത്. അതുകൊണ്ടാണ് ഇത്രയും മാരമകമായി പരുക്കേറ്റത്. എല്ലുകൾ തകർന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്ബാൽ പറഞ്ഞു.
സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദനത്തിന് ഇടിവള, നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുവെന്നാണു പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർഥികളുടെ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണു ഷഹബാസിനെ ക്രൂരമായി മർദിക്കുന്നതിലേക്ക് എത്തിയത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഡാൻസ് കളിച്ചു. എന്നാൽ ഫോൺ തകരാറായതിനെ തുടർന്ന് പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. ഈ സമയത്ത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. ഇതിനെത്തുടർന്ന് എളേറ്റിൽ വട്ടോളി സ്കൂളിലെയും താമരശ്ശേരി സ്കൂളിലേയും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് അധ്യാപകർ ഇടപെട്ട് സംഘർഷം ഒഴിവാക്കുകയായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച വൈകിട്ട് എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഷഹബാസിനെ ഒരു സംഘം മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവമുണ്ടായ ഷഹബാസ് വെന്റിലേറ്ററിൽ തുടരുകയാണ്.