‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം’; റഷ്യക്കെതിരായ ഉപരോധം പരിഗണനയിലെന്ന് ഡോണൾഡ് ട്രംപ്

Mail This Article
വാഷിങ്ടൻ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള വാഗ്വാദത്തിനും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ റഷ്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. റഷ്യയ്‌ക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും ഉയർന്ന താരിഫുകളും പരിഗണനയിലാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു. സെലൻസ്‌കിയുമായുള്ള തർക്കത്തിനു ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് റഷ്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.
‘‘യുദ്ധക്കളത്തിൽ റഷ്യ ഇപ്പോൾ യുക്രെയ്‌നെ പൂർണ്ണമായും ആക്രമിക്കുകയാണ്. വെടിനിർത്തല്‍ കരാറിലേക്ക് റഷ്യ ഉടൻ എത്തിയില്ലെങ്കിൽ അവർക്കെതിരെ വലിയ തോതിലുള്ള ബാങ്കിങ് ഉപരോധങ്ങൾ, താരിഫ് വർധന എന്നിവ പരിഗണനയിലാണ്. വളരെ വൈകുന്നതിന് മുൻപായി തന്നെ ചർച്ചയ്ക്ക് വരൂ’’ – ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതിനു പിന്നാലെ യുഎസ്, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ 21,000ത്തിലധികം ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.