ഭർതൃ സഹോദരൻ തീകൊളുത്തി; ഗുരുതര പൊള്ളലേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു

Mail This Article
ചങ്ങനാശേരി ∙ ഭർത്താവിന്റെ സഹോദരൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പറാൽ പ്രിയാ നിവാസിൽ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന (62) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേണുഗോപാലിന്റെ സഹോദരൻ രാജുവാണു കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനു ശേഷം വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ രാജു മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. വേണുഗോപാലിന്റെ കുടുംബവുമായി അകന്നുകഴിയുന്ന രാജു ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9ന് ഇവരുടെ വീട്ടിലെത്തി. പ്രസന്നയുടെ ശരീരത്തിലേക്കു കൈയിൽ കരുതിയ ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രസന്നയെ രക്ഷിക്കാൻ ശ്രമിച്ച വേണുഗോപാലിനും പൊള്ളലേറ്റു. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ നിലയിലാണു പ്രസന്നയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേണുഗോപാലിന്റെ പരുക്ക് ഗുരുതരമല്ല. മുൻവൈരാഗ്യവും കുടുംബത്തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.