ADVERTISEMENT

താമരശ്ശേരി∙ ഈങ്ങാപ്പുഴ കക്കാട് കൊല്ലപ്പെട്ട ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷം. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതൽ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് ചെയ്യിച്ചത്. എന്നാൽ കൂട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഇവർ വിവാഹം റജിസ്റ്റർ ചെയ്തു.

കക്കാട് നക്കലമ്പാട് പ്രദേശത്ത് അയൽവാസികളായിരുന്നു യാസിറും ഷിബിലയും. അവിടെ വച്ചാണ് ഇവർ ഇഷ്ടത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം നക്കലമ്പാട് നിന്നുപോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും അടിവാരത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയിൽ ജോലി ചെയ്തിരുന്ന യാസിർ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു. തട്ടുകടയുടെ പിന്നിൽ ലഹരി ഇടപാട് ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

LISTEN ON

വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഷിബിലയെ യാസിർ മർദിച്ചിരുന്നുവെന്ന് അയൽവാസിയായ ബിജു പറഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലാതെ യാസിറിനൊപ്പം ഇറങ്ങിപ്പോയതിനാൽ തിരികെ വീട്ടിലേക്ക് വരാനോ പ്രശ്നങ്ങൾ പറയാനോ ഷിബിലയ്ക്ക് സാധിച്ചിരുന്നില്ല. കുട്ടിയുണ്ടായി കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് ഷിബില സ്വന്തം വീട്ടിലേക്ക് വരാൻ തുടങ്ങിയത്. സഹോദരിയുടെ വിവാഹശേഷം ഷിബിലയുടെ സ്വന്തം വീട്ടിൽ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രവാസിയായിരുന്ന അബ്ദുറഹ്മാൻ വീടിനോട് ചേർന്ന് കട നടത്തുകയായിരുന്നു.

ഷിബിലയും യാസിറും തമ്മിൽ പ്രശ്നം രൂക്ഷമായതോടെ വാർഡ് മെമ്പർ അടക്കം പ്രശ്നപരിഹാരത്തിന് ഇടപെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ തിരിച്ചു കൊടുത്തശേഷം വൈകിട്ട് വരാമെന്നും സലാം പറഞ്ഞ് പിരിയാം എന്നും അറിയിച്ചാണ് യാസിർ പോയത്. അബ്ദുറഹ്മാൻ എതിർക്കുന്നതുകൊണ്ടാണ് ഷിബില തന്റെ കൂടെ വരാത്തതെന്ന് കരുതിയ യാസിർ അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് വൈകുന്നേരം കത്തിയുമായി വീണ്ടും എത്തിയത്.

ആദ്യം വീട്ടിൽ നിന്നിറങ്ങി വന്നത് ഷിബിലയായതിനാൽ ഷിബിലയെ കുത്തുകയായിരുന്നു. ഷിബിലയുെട കരച്ചിൽ കേട്ടാണ് അബ്ദുറഹ്മാൻ എത്തിയത്. അബ്ദുറ്മാനെയും പിന്നാലെ എത്തിയ ഹസീനയേയും കുത്തിയ ശേഷം യാസിർ കാർ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. യാസിർ ഉൾപ്പെടുന്ന വലിയൊരു ലഹരി മരുന്ന് സംഘം അടിവാരം, ഈങ്ങാപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

English Summary:

Shibila Murder: The crime, allegedly committed by her estranged husband Yasir, is linked to domestic abuse and suspected drug trafficking.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com