മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതർ; മൂന്നാമത്തെ എൻഡിആർഎഫ് സംഘം ഉടൻ പുറപ്പെടും

Mail This Article
ന്യൂഡൽഹി∙ ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി 4 നാവികസേന കപ്പലുകളും 2 വിമാനങ്ങളുംകൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻഡിആർഎഫ് സംഘം ഉടൻ പുറപ്പെടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താൽക്കാലിക ആശുപത്രി സ്ഥാപിക്കും. അതിനായി 118 അംഗ മെഡിക്കൽ സംഘം ആഗ്രയിൽനിന്നു പുറപ്പെട്ടു. കഴിഞ്ഞദിവസം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേന വിമാനം യാങ്കൂണിൽ എത്തിയിരുന്നു.
മ്യാൻമറിനു സാധ്യമായ എല്ലാ സഹായവും നൽകാൻ തായാറാണെന്നു കഴിഞ്ഞദിവസം എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘‘മ്യാന്‍മറിലും തായ്‌ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയാറാണ്. മ്യാന്‍മറിലും തായ്‌ലൻഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്’’– മോദി എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. 2,376 പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്.