ഒരുമിച്ചിരുന്ന് മദ്യപാനം, വാക്കുതർക്കത്തിനിടെ കൊലപാതകം; പ്രതിയ്ക്ക് ഏഴുവർഷം കഠിനതടവ് വിധിച്ച് കോടതി

Mail This Article
തിരുവനന്തപുരം ∙ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ക്ഷേത്ര നടയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ അടിച്ച് കൊന്ന പ്രതിയ്ക്ക് ഏഴ് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി. പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
വർക്കല താഴെവെട്ടൂർ മങ്കാട്ട് മാടൻനട വടക്കേവിള വീട്ടിൽ ഷംനാദിനെയാണ് കോടതി ശിക്ഷിച്ചത്. താഴെ വെട്ടൂർ സ്വദേശി അപ്പുവിനെയാണ് പ്രതി കൊലപ്പെടുത്തിയത്. മറ്റൊരു സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷം വെട്ടൂർ മാടൻനട ക്ഷേത്ര നടയിലെത്തിയ ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അവിടെ ഉണ്ടായിരുന്ന തെങ്ങിന്റെ പട്ടിക കൊണ്ട് പ്രതി ഷംനാദ് കൊല്ലപ്പെട്ട അപ്പുവിനെ മർദിക്കുകയുമായിരുന്നു. 2013 ഡിസംബർ 23ന് വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. മർദനമേറ്റ അപ്പുവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണപ്പെട്ടു.