ADVERTISEMENT

മുംബൈ ∙ ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ ‘എമ്പുരാൻ’ സിനിമയ്ക്കും നടനും സംവിധായകനുമായ പൃഥ്വിരാജിനും എതിരെ വീണ്ടും കടുത്ത വിമർശനം. സനാതന ധർമത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകൾ എടുത്തുപറഞ്ഞുള്ള ലേഖനത്തിലാണ് വിമർശനം. പൃഥ്വിരാജിന്റെ വിവിധ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാലിന്റെ നടപടിയെ അംഗീകരിക്കുന്നുമുണ്ട്. ആധുനികവൽക്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുരോഗമന നടപടികളെ എതിർക്കാൻ ശ്രമിച്ച ‘സേവ് ലക്ഷദ്വീപ്’ എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ് എന്നും ഇതിൽനിന്നു തന്നെ അദ്ദേഹത്തിന്റെ ദേശവിരുദ്ധത വ്യക്തമാണെന്നും ഓർഗനൈസർ ആരോപിക്കുന്നു.  

സിഎഎ പ്രതിഷേധത്തിലും അദ്ദേഹം ശബ്ദമുയർത്തി. സിഎഎയെ എതിർക്കുന്നവരോട് ‘എഴുന്നേൽക്കാൻ’ ആഹ്വാനം ചെയ്തു. സിഎഎ പ്രതിഷേധത്തിനിടെ ജാമിയ മിലിയ വിദ്യാർഥികളെ പിന്തുണക്കുകയും ചെയ്തു. കൂടാതെ, ഡൽഹി പൊലീസിനെ നേരിടുന്ന ആയിഷ റെന്നയെ പിന്തുണച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഇന്ദ്രജിത്ത് സുകുമാരനും രംഗത്തെത്തിയിരുന്നതായി ലേഖനത്തിൽ പറയുന്നു. അതേസമയം, മുനമ്പം കേസ് പോലുള്ള പ്രാദേശിക വിഷയങ്ങളിൽ, വഖവ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോൾ പൃഥിരാജിന്റെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും ലേഖനം ആരോപിക്കുന്നു. സിഎഎയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, പക്ഷേ ബംഗ്ലദേശിലെ ഹിന്ദു പീഡനത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.

എമ്പുരാൻ സിനിമയിലെ പ്രധാന വില്ലനെ ബാബ ബജ്റംഗി എന്ന് വിളിക്കാൻ പൃഥ്വിരാജ് എന്തിനാണ് തീരുമാനിച്ചതെന്ന് ഉത്തരം നൽകണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. അത് ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരാണ്. സിനിമയിൽ ഇത്തരം കാര്യങ്ങൾ കാണിക്കുന്നത് വെറും യാദൃശ്ചികമല്ല, ഇടതുപക്ഷക്കാരുടെയും ഇന്ത്യാ വിരുദ്ധരുടെയും ദുഷ്ടലക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രചാരണ സിനിമ നിർമിക്കുക എന്നതായിരുന്നു പൃഥ്വിരാജിന്റെ ലക്ഷ്യമെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. എമ്പുരാൻ സിനിമയിലെ ഒരു രംഗത്തിൽ, കേന്ദ്രത്തിലെ ഹിന്ദു അനുകൂല പാർട്ടിയിലെ പ്രധാന വില്ലൻ കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശം ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കടത്താൻ ഉപയോഗിക്കാമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. നിലവിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുമായി നോക്കുമ്പോൾ ഇതു സംശയാസ്പദമാണെന്നും ലേഖനം പറയുന്നു. 

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഓർഗനൈസർ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ ലേഖനമാണ് ഇത്. ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജൻഡയാണ് ‘എമ്പുരാന്റേ’തെന്നു കുറ്റപ്പെടുത്തിയായിരുന്നു ആദ്യ ലേഖനം. കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയ അജൻഡയാണ് സംവിധായകൻ പൃഥ്വിരാജ് നടപ്പാക്കിയത്. മോഹൻലാലിനെപ്പോലെ പരിചയസമ്പന്നനായ നടൻ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന കഥ തിരഞ്ഞെടുത്തതു ദുരൂഹമാണ്. ചരിത്ര വസ്തുതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനുപകരം കലാപ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുകയാണു സിനിമ ചെയ്യുന്നതെന്നും ലേഖനത്തിൽ ആരോപിച്ചു. 

രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ കാര്യങ്ങളാണ് ‘എമ്പുരാൻ’ പ്രോത്സാഹിപ്പിക്കുന്നതെന്ന് സിനിമയിലെ നായകനടനായ മോഹൻലാലിന്റെ ഖേദപ്രകടനത്തിനു ശേഷം പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. രാജ്യത്തിന്റെ ദേശീയത, സംസ്കാരം, ഭരണഘടന, ജനാധിപത്യ സ്ഥാപനങ്ങൾ എന്നിവയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ദേശവിരുദ്ധ അജൻഡയുടെ ഭാഗമാണ്. കൊടും ഭീകരരുടെ പേരുകളുമായി സാമ്യമുള്ള കഥാപാത്രങ്ങൾ സിനിമയിൽ ഇടംപിടിച്ചതു യാദൃച്ഛികമായി കരുതാനാകില്ല. ഇസ്‌ലാമിക ഭീകരതയെ വെള്ളപൂശുന്നതിനും ഹിന്ദു സമൂഹത്തെ വില്ലന്മാരായി അവതരിപ്പിച്ചതിനും പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ട്.

രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ അദൃശ്യമായ വിദേശ സ്ഥാപനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പാവകളാണെന്ന ആശയം അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികൾ, നിയമപാലകർ, നീതിന്യായ വ്യവസ്ഥ എന്നിവയെ താറടിക്കാനും ശ്രമമുണ്ട്. ദേശീയധാരയെയും പ്രസ്ഥാനങ്ങളെയും പതിവായി അപകീർത്തിപ്പെടുത്താനുള്ള ശ്രമം പൃഥ്വിരാജിന്റെ മുൻ സിനിമകളിലും കാണാം. ദേശീയ ഐക്യത്തിനു ഭീഷണിയാകുന്ന വിഭജനം പൃഥ്വിരാജിന്റെ സിനിമകളിലുണ്ടെന്ന ആരോപണവും ലേഖനത്തിലുണ്ട്. ആർഎസ്എസിനെയും സംഘപരിവാറിനെയും വിമർശിക്കുന്ന സിനിമകൾ നിർമിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ അത്തരം സിനിമകൾ, സംഘപരിവാർ നേതാക്കളെ നെഗറ്റീവായി ചിത്രീകരിക്കുകയാണെന്നും ഓർഗനൈസർ പറയുന്നു.

English Summary:

Empuraan Controversy: The RSS mouthpiece 'Organiser' has again launched a scathing attack against the movie 'Empuraan' and its actor and director Prithviraj.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com