ADVERTISEMENT

ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന.

മുൻമുഖ്യമന്ത്രി ജയലളിതയെ കുറിച്ചു വിവാദ പരാമർശം ഉന്നയിച്ചതിനെത്തുടർന്നാണു കഴിഞ്ഞ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അണ്ണാഡിഎംകെ എൻഡിഎ സഖ്യം വിട്ടത്. എന്നാൽ വേർപിരിഞ്ഞു മത്സരിച്ച അണ്ണാഡ‍ിഎംകെയ്ക്കും ബിജെപിക്കും തമിഴ്നാട്ടിലെ ഒറ്റ സീറ്റിൽപ്പോലും വിജയിക്കാനായില്ല. മാത്രമല്ല, ഡിഎംകെയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പുതുച്ചേരി ഉൾപ്പെടെയുള്ള 40 സീറ്റുകളിൽ വൈറ്റ്‌വാഷ് പ്രകടനം നടത്തുകയും ചെയ്തു.

∙ വെറുതെയാകില്ല മടക്കം

സ്ഥാനം ഒഴിയുന്ന അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയിലേക്ക് എടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കർണാടക കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽനിന്നുള്ള എൽ.മുരുകൻ മോദി മന്ത്രിസഭയിൽ അംഗമാണ്. അണ്ണാമലൈയെ കേന്ദ്രമന്ത്രിയാക്കുന്നതു വഴി തമിഴ്നാട്ടിൽനിന്നു രണ്ടു പേർക്കു കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യം ഉറപ്പിക്കാന്‍ ബിജെപിക്കു കഴിയും. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാമേശ്വരത്ത് പാമ്പൻ പാലം ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദി, അണ്ണാമലൈ അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കളുമായി ഭാവികാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.

∙ ചാട്ടവാറടിയും ഡിഎംകെ ഫയൽസും

സംഭവബഹുലമായിരുന്നു അണ്ണാമലൈ ബിജെപി അധ്യക്ഷസ്ഥാനത്തെത്തിയശേഷമുള്ള തമിഴ്നാട്ടിലെ നാലു വർഷങ്ങൾ. ഡിഎംകെയ്‌ക്കെതിരെ പ്രത്യേകിച്ച് സ്റ്റാലിൻ കുടുംബത്തിനെതിരെ വലിയ സാമ്പത്തിക ആരോപണങ്ങൾ ഇക്കാലയളവിൽ അണ്ണാമല‌ൈ ഉന്നയിച്ചു. ഡിഎംകെ ഫയൽസ് എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തുവിട്ട രേഖകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾക്കാണു വഴിവച്ചത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മകൻ ഉദയനിധി സ്റ്റാലിൻ തുടങ്ങി ഡിഎംകെ മന്ത്രിസഭയിലെ ഓരോരുത്തരെയും അണ്ണാമലൈ ലക്ഷ്യമിട്ടു. ഇടയ്ക്ക് ഡിഎംകെ മന്ത്രി പളനിവേൽ ത്യാഗരാജന്റെതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം ചില്ലറ പുകിലല്ല ഡിഎംകെ ക്യാംപിൽ സൃഷ്ടിച്ചത്. അതിനു പിന്നിലും അണ്ണാമലൈ ആയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് ‘എൻ മൺ, എൻ മക്കൾ’ പദയാത്രയുമായി തമിഴകത്ത് അണ്ണാമലൈ കളം നിറഞ്ഞെങ്കിലും സഖ്യകക്ഷിയായ അണ്ണാഡിഎംകെയുമായി കൊമ്പുകോർത്തത് ബിജെപിക്കു തിരിച്ചടിയായി. ഒടുവിൽ ചാട്ടവാറടിയും ശപഥവുമെല്ലാം വൃഥാവിലാകുന്ന കാഴ്ചയാണു സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറുമ്പോൾ ബാക്കിയാകുന്നത്.

Edappadi-K-Palaniswami-K-Annamalai-1710
എടപ്പാടി പളനിസ്വാമി, കെ.അണ്ണാമലൈ

∙ ‘തല’ മാറുമ്പോൾ

2021ൽ അധ്യക്ഷ പദവിയിലെത്തിയെങ്കിലും ‘കമലാലയ’ത്തിലെ കസേര അത്ര സുഖകരമായിരുന്നില്ല അണ്ണാമലൈയ്ക്ക്. പ്രധാനമായും മുതിർന്ന ബിജെപി നേതാക്കളുമായി സ്വരചേർച്ചയിൽ പോകാൻ അണ്ണാമലൈയ്ക്കു സാധിച്ചില്ല. ഇതോടെ ‘പഴയ പടക്കുതിരകൾ’ അണ്ണാമലൈയ്ക്കെതിരെ രംഗത്തെത്തി. ഇതിന്റെ മുൻനിരയിൽ ആയിരുന്നു മുൻ തെലങ്കാന ഗവർണറായിരുന്ന തമിഴിസൈ സൗന്ദർരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് തമിഴിസൈയും അണ്ണാമലൈയും കൊമ്പുകോർത്തതു കേന്ദ്ര നേതൃത്വത്തെ പോലും അസ്വസ്ഥരാക്കിയിരുന്നു. ഇതിന്റെ പേരിൽ പൊതുവേദിയിൽ വച്ച് കേന്ദ്രമന്ത്രി അമിത് ഷാ തമിഴിസൈയോടു രൂക്ഷമായി പ്രതികരിച്ചതും ചർച്ചയായി.

∙ തിരുനെൽവേലിയുടെ നൈനാർ

അണ്ണാമലൈ മാറുമ്പോൾ പ്രധാനമായും രണ്ടുപേരുടെ പേരുകളാണു കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുൻമന്ത്രിയും തിരുനെൽവേയിൽനിന്നുള്ള നിയമസഭാംഗവുമായ നൈനാർ നാഗേന്ദ്രനാണ് ഇവരിൽ മുന്നിൽ. സംസ്ഥാന രാഷ്ട്രീയത്തിലുള്ള പരിചയവും അണ്ണാഡിഎംകെ അടക്കമുള്ള പാർട്ടികളുമായുള്ള ബന്ധവും നൈനാറിനു ഗുണകരമാകുമെന്നാണു സൂചന. മുൻ അണ്ണാ ഡിഎംകെ നേതാവ് കൂടിയാണ് നൈനാർ നാഗേന്ദ്രൻ.

എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച താംബരം കുഴൽപ്പണകേസ് നൈനാറിനു തിരിച്ചടിയാണ്. നൈനാറിന്റെ ഹോട്ടലിലെ ജീവനക്കാരെയാണ് താംബരം റെയിൽവേസ്റ്റേഷനിൽനിന്നു കള്ളപ്പണവുമായി പിടികൂടിയത്. തിരുനെൽവേലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ നൈനാറിനു വേണ്ടിയാണു പണം കൊണ്ടുപോയതെന്നാണ് ഡിഎംകെയുടെ ആരോപണം.

∙ കോയമ്പത്തൂരിന്റെ വാനതി

വനിതാ അധ്യക്ഷ എന്ന തീരുമാനം വന്നാൽ വാനതി ശ്രീനിവാസനായിരിക്കും സംസ്ഥാന അധ്യക്ഷ പദവിയിലേക്കു മുൻഗണന ലഭിക്കുക. ബിജെപിയിലെ സൗമ്യ മുഖഭാവമാണ് വാനതി. നിലവിൽ കോയമ്പത്തൂർ സൗത്തിൽനിന്നുള്ള നിയമസഭാംഗമാണ് വാനതി. മഹിളാ മോർച്ചാ ദേശീയ അധ്യക്ഷയായ വാനതിക്ക് ബിജെപി പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമാണ് ഉള്ളത്. തമിഴ്നാട്ടിലെ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുന്ന വേദിയാണ് തമിഴ്നാട് നിയമസഭ. ഡിഎംകെ അധ്യക്ഷനായ എം.കെ. സ്റ്റാലിൻ, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, കോൺഗ്രസ് പിസിസി അധ്യക്ഷൻ കെ.സെൽവപെരുന്തഗൈ എന്നിവർ തമിഴ്നാട് നിയമസഭാംഗങ്ങളാണ്. ഈ ഒരു മേൽക്കെ അണ്ണാമലെയ്ക്ക് ലഭിച്ചിരുന്നില്ല. നൈനാറിനെയോ വാനതിയെയോ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിക്കുന്നതോടെ ഈ കടമ്പ ബിജെപിക്ക് മറികടക്കാം.

അണ്ണാമലൈ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിയുന്നതോടെ എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിക്കും. 2026ൽ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ നയിക്കുന്ന ഇന്ത്യാ മുന്നണിക്കും വിജയ്‌യുടെ ടിവികെയ്ക്കും എതിരെ ശക്തമായ പോരാട്ടം നടത്താൻ എൻഡിഎയ്ക്കു കഴിയുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

English Summary:

Annamalai's resignation as Tamil Nadu BJP President leaves a power vacuum. His successor will face the challenge of strengthening the party's position in the state ahead of crucial elections.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com