ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും കർശനമാക്കുന്നതു നീളുന്നു. പുതിയ മോട്ടർ വാഹന നിയമപ്രകാരം ജനുവരി 1 മുതൽ ഇതു നടപ്പാക്കാൻ ഗതാഗത സെക്രട്ടറിക്കു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി മാർച്ച് 31 വരെ സമയം നീട്ടിചോദിച്ചു. കോടതി നിർദേശം നടപ്പാക്കുക തന്നെ ചെയ്യുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നെങ്കിലും ഇതു സംബന്ധിച്ച സർക്കുലർ ഇനിയും ഇറങ്ങിയിട്ടില്ല.

∙ പുതിയ സംവിധാനം എന്തിന്?

വാഹനങ്ങൾ എവിടെയാണെന്ന് അധികൃതർക്കു കണ്ടെത്താൻ സഹായിക്കുന്നതാണു വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം. അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്താൻ യാത്രക്കാർക്ക് ആവശ്യപ്പെടാനും പൊലീസ്, ആംബുലൻസ് ഉൾപ്പെടെ അധികൃതർക്ക് അറിയിപ്പു നൽകാനും എമർജൻസി ബട്ടൺ സംവിധാനം സഹായകമാണ്.

∙ ഏതെല്ലാം വാഹനങ്ങൾക്ക്?

1 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ, സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ
2 ടൂറിസ്റ്റ് വാഹനങ്ങൾ (13 സീറ്റിൽ കൂടുതലുള്ളത്)
3 കെഎസ്ആർടിസി ബസുകൾ
4 സ്വകാര്യ ബസുകൾ
5 ചരക്കു വാഹനങ്ങൾ
6 ഓൺലൈൻ ടാക്സി ഉൾപ്പെടെ ടാക്സി സേവനങ്ങൾ

∙ പശ്ചാത്തലം

നിർഭയ സംഭവത്തെ തുടർന്നു പൊതുതാഗത സംവിധാനങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്കു 2014ൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. തുടർന്ന് കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പൊതുസേവന വാഹനങ്ങളിൽ ഈ സംവിധാനങ്ങൾ നിർബന്ധമാക്കി 151 എ ചട്ടം ഉൾപ്പെടുത്തി. തുടർന്ന് 6 വിഭാഗം വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും പിടിപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് 2019 നവംബർ 28നു വിജ്ഞാപനവും ഇറക്കി. കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും ചരക്കു വാഹനങ്ങൾക്കും പിന്നീടു സമയം നീട്ടിനൽകിയിരുന്നു. മറ്റു വാഹനങ്ങളുടെ സമയപരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആരോപിച്ച് റോഡ് ആക്സിഡന്റ് ഫോറം ഉപദേശക സമിതിയംഗം ജാഫർഖാൻ സമർപ്പിച്ച ഹർജിയിലാണു കോടതി ഇടപെടലുണ്ടായത്.

∙ 2020 നവംബർ 23ലെ കോടതിവിധി

സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ യാത്രക്കാരുടെ സുരക്ഷയെ കരുതിയുള്ള കേരള മോട്ടോർ വാഹന ചട്ട ഭേദഗതി 2018 ഏപ്രിലിൽ നിലവിൽ വന്നിട്ട് ഇത്രയും കാലമായി. ഉദ്യോഗസ്ഥർക്കു നിരീക്ഷണ ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രം 13 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചട്ടവും വിജ്ഞാപനങ്ങളും നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു കോടതി പറ‍ഞ്ഞു.

∙ സംസ്ഥാനത്തെ സ്ഥിതി

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളിലും സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലും ഇതു നടപ്പാക്കി. ട്രാക്കിങ് സംവിധാനം നടപ്പാക്കാൻ നോഡൽ ഓഫിസർമാരെ നിയോഗിച്ചുവെന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 50% യാത്രാ വാഹനങ്ങളും 30% ചരക്കുവാഹനങ്ങളും ഇതു ഘടിപ്പിച്ചു. കർശനമാക്കിക്കൊണ്ടുള്ള സർക്കുലർ പിന്നാലെയുണ്ടാകും. സംസ്ഥാന ചട്ടമനുസരിച്ച് ചരക്കുവാഹനങ്ങൾക്ക് ഇതു ബാധകമാക്കിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുവാഹനങ്ങളെ കൂടി ഉൾപ്പെടുത്താൻ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്. പുറമെ നിന്നെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കും നടപ്പാക്കാൻ തടസം നേരിടുന്നു.

∙ കെഎസ്ആർടിസിയുടെ പ്രതിസന്ധി

6200 ബസുകൾ ഉള്ള കെഎസ്ആർടിസിക്കു പുതിയ സംവിധാനം ഘടിപ്പിക്കാൻ വൻതുക ചെലവു വരും. കോവിഡ്‌കാല ലോക്ഡൗണും സർവീസ് വെട്ടിച്ചുരുക്കലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. 2020 സെപ്റ്റംബർ 28നു ആദ്യഘട്ട ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരുന്നു. ഘട്ടംഘട്ടമായി പുതിയ സംവിധാനം നടപ്പാക്കാൻ സാവകാശം വേണമെന്നാണു നിലപാട്.

English Summary: Location Tracking System in state run vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com