വിദ്യാരംഭം
Mail This Article
പത്രമാപ്പീസിന്റെ മുൻപിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരുന്നു. പക്ഷേ, താഴിട്ടിരുന്നില്ല. രാമചന്ദ്രൻ ഒരു ‘കീറ്റ്’ തള്ളി നീക്കി ഓട്ടോ ഉള്ളിലേക്കെടുത്തു. പോർട്ടിക്കോയിൽ വണ്ടി നിർത്തിയപ്പോൾ വൃദ്ധൻ പതുക്കെ പുറത്തേക്കിറങ്ങി ചുറ്റും നോക്കി.
അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. രാമചന്ദ്രൻ എന്തോ പറയാൻ നോക്കിയപ്പോൾ അയാൾ പറഞ്ഞു:
‘‘നീ റിസപ്ഷനിൽ ചെന്നു നോക്ക്... ആരെങ്കിലുമുണ്ടാകാതിരിക്കില്ല.’’
അയാളുടെ ഊഹം ശരിയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ രാമചന്ദ്രന്റെ കൂടെ ഒരു ചെറുപ്പക്കാരൻ പുറത്തേക്കു വന്നു.
ചെറുപ്പക്കാരൻ ഭവ്യതയോടെ വൃദ്ധനോടു ചോദിച്ചു: ‘‘ആരാ... ആരെക്കാണാനാ?’’
അപ്പോൾ തെല്ലു മടിയോടെ അയാൾ പറഞ്ഞു:
‘‘ഞാൻ... രാധാകൃഷ്ണന്റെ പരിചയക്കാരനാണ്. രാധാകൃഷ്ണനില്ലേ ഇവിടെ?’’
ചെറുപ്പക്കാരൻ പറഞ്ഞു: ‘‘സാറ് വരാൻ അൽപം വൈകും. അകത്തിരിക്കാം... പിന്നെ, ആരാണെന്നു പറഞ്ഞാൽ ഞാൻ അദ്ദേഹത്തെ ഫോൺ ചെയ്ത് അറിയിക്കാം...’’
വൃദ്ധൻ അപ്പോൾ പറഞ്ഞു: ‘‘ഏയ്, അതൊന്നും വേണ്ട... എനിക്കു തിരക്കൊന്നുമില്ല. ഞാൻ ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ട്, അതുകൊണ്ടു രാധാകൃഷ്ണൻ വരുന്നതുവരെ ഞാൻ ഇവിടെയൊക്കെ ചുറ്റിനടന്ന് അങ്ങനെ...’’ വൃദ്ധന്റെ മുഖത്ത് അപ്പോൾ നേർത്തൊരു പുഞ്ചിരിയുണ്ടായിരുന്നു.
ചെറുപ്പക്കാരൻ പിന്നീടൊന്നും പറഞ്ഞില്ല.
വൈകുന്നേരത്തെ പോക്കുവെയിലിൽ പത്രമാപ്പീസിന്റെ വിശാലമായ മുറ്റം മയങ്ങിക്കിടന്നു. പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ അയാൾ മുറ്റത്തൂടെ നടന്നു. രാമചന്ദ്രൻ അയാളുടെ കൈപിടിച്ചിട്ടുണ്ടായിരുന്നു. പ്രായത്തിന്റെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും അയാളുടെ കാൽവയ്പുകൾ ഉറച്ചതായിരുന്നു.
നടുവളയാതെ, തലയുയർത്തിപ്പിടിച്ച് എന്നും നടക്കുന്നതു പോലെ തന്നെ അയാൾ നടന്നു.
ഒടുവിൽ മുറ്റത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലെ സിമന്റ് ബെഞ്ചിൽ അയാളിരുന്നു.
രാമചന്ദ്രൻ പറഞ്ഞു: ‘‘എനിക്ക് ഒന്നും മനസ്സിലാകുന്നില്ല... മഹാമാരി നിമിത്തം ഇത്തവണ വിജയദശമി ദിവസം കുട്ടികളുടെ എഴുത്തിനിരുത്ത് ഉണ്ടാകില്ലെന്നു പത്രാധിപരുടെ കത്തു വന്നിരുന്നുവെന്ന് എന്നോടു പറഞ്ഞിരുന്നു. രാവിലെ വീട്ടിൽ വന്നപ്പോൾ ഈ വരവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നിട്ട്, ഉച്ചയ്ക്ക് എന്നെ വിളിച്ച് വളരെ കാര്യമായി പറയുന്നു, എടോ മൂന്നു മണിക്ക് നീ ഇങ്ങോട്ടു വരണം. ഇന്നു വിജയദശമിയല്ലേ? കുട്ടികളെ എഴുത്തിനിരുത്തുന്ന ദിവസം... എല്ലാ കൊല്ലവും നമ്മൾ പത്രമാപ്പീസിൽ പോകാറുള്ളതല്ലേ, അതുകൊണ്ട് ഞാൻ വിചാരിക്കുകയാ... നമുക്കൊന്ന് അത്രത്തോളം പോയാലെന്താ? ഒന്നിനും വേണ്ടിയല്ല, വെറുതേ ഒരു രസത്തിന്... എന്നിട്ട് ഇവിടെ വന്നപ്പോൾ ആളുമില്ല, അനക്കവുമില്ല. ഇല്ല, എനിക്കൊന്നും മനസ്സിലാകുന്നില്ല’’
അപ്പോൾ അയാൾ ചിരിച്ചുകൊണ്ട്, പാതി തന്നോടും പാതി രാമചന്ദ്രനോടുമായി പറഞ്ഞു:
‘‘ഇല്ലെടോ, എനിക്കും ഒന്നും മനസ്സിലാകുന്നില്ല...’’
അൽപനേരത്തെ മൗനത്തിനു ശേഷം അയാൾ തന്നോടുതന്നെ വളരെ പതുക്കെ പറഞ്ഞു.
‘‘ഞാനെന്താണ് ഇവനോടു പറഞ്ഞത്. ഒരു ‘രസ’ത്തിനു പോകാമെന്നോ? പ്രാണന്റെ കാര്യമല്ലേ? നിലനിൽപിന്റെ തന്നെ കാര്യം. അപ്പോൾ എവിടെയാണ് വെറുതേയുള്ള രസത്തിനു സ്ഥാനം ? ഇല്ല, ഇല്ല, ഒരിക്കലുമില്ല.’’
അയാൾ പതുക്കെ പതുക്കെ ഓർമയുടെ കയങ്ങളിലേക്ക് ആണ്ടുപോയി.
കഴിഞ്ഞ കൊല്ലം...
പത്രമാപ്പീസിന്റെ മുറ്റമടച്ച് പന്തലായിരുന്നു. വെള്ളത്തുണി കൊണ്ടുള്ള മേലാപ്പിനു താഴെ പല നിറത്തിലുള്ള കൊച്ചുകൊച്ചു ബൾബുകൾ, ചന്ദനത്തിരികളിൽനിന്ന് ഉയരുന്ന സുഗന്ധം. മന്ത്രസ്ഥായിയിലുള്ള ദേവീസ്തുതികൾ...
മുറ്റം നിറയെ, അടുത്തു നിന്നും അകലെ നിന്നും കുട്ടികളെയും കൊണ്ടുവന്ന രക്ഷിതാക്കൾ. പല ജാതിക്കാർ, മതക്കാർ. നല്ല ചുറ്റുപാടുകളിൽനിന്നു വരുന്നവർ, അങ്ങനെ എടുത്തുപറയാൻ നിലയൊന്നുമില്ലാത്തവർ. ഇവരുടെയൊക്കെ ഇടയിലൂടെ, വേണ്ടുന്ന സഹായങ്ങൾ ചെയ്തും നിർദേശങ്ങൾ നൽകിയും ഓടിനടക്കുന്ന പത്രജീവനക്കാർ...
പിന്നെ, പല ദിക്കുകളിൽ നിന്നും വന്ന ബഹുമാന്യരായ ഗുരുനാഥന്മാർ.
കുട്ടികൾ ഉറക്കെ ശബ്ദമുണ്ടാക്കി. അവരിൽ ചിലരെങ്കിലും ഗുരുനാഥന്മാരുടെ മടിയിൽനിന്നു കുതറിയോടാൻ ശ്രമിച്ചു. ചിലർ വലിയവായിൽ നിലവിളിക്കുന്നുണ്ടായിരുന്നു. മറ്റു ചിലരാകട്ടെ, തേങ്ങുക മാത്രം ചെയ്തു. എന്നാൽ, അപ്പോഴും തേനിന്റെയും ചോക്ലേറ്റിന്റെയും പായസത്തിന്റെയും വലിയ വർണപ്പകിട്ടുള്ള ബലൂണുകളുടെയും പ്രലോഭനങ്ങളൊന്നുമില്ലാതെ തന്നെ രക്ഷിതാക്കളുടെയും ഗുരുനാഥന്മാരുടെയും വാക്കുകളനുസരിച്ചു പെരുമാറിയ സുന്ദരക്കുട്ടന്മാരുമുണ്ടായിരുന്നു.
ഇവരുടെയൊക്കെയിടയിൽ, അവരിലൊരാളായി...
രാമചന്ദ്രൻ അയാളെ തട്ടിവിളിച്ചു.
‘‘പോകണ്ടേ? നേരം കുറെയായി’’
അയാൾ പറഞ്ഞു.
‘‘ പോകാം... പോകാം...’’
പോർട്ടിക്കോവിന്റെ മുൻപിൽ അപ്പോൾ ആരുമുണ്ടായിരുന്നില്ല.
ഗേറ്റ് കടന്ന് തായത്തെരു റോഡിലൂടെ ഹൈവേയിലെത്തിയപ്പോൾ രാമചന്ദ്രൻ ചോദിച്ചു.
‘‘ വീട്ടിലേക്കല്ലേ?’’
അൽപനേരം ഒന്നും പറയാതിരുന്നതിനു ശേഷം ഒരു രണ്ടാം വിചാരത്തിലെന്ന പോലെ അയാൾ പറഞ്ഞു.
‘‘നീ ടൗണിലേക്കു പോ. എത്രയോ ദിവസമായി ഒന്നു പുറത്തിറങ്ങിയിട്ട്; ആളുകളെ കണ്ടിട്ട്. നീ, പണ്ടു നമ്മൾ പോകാറുണ്ടായിരുന്ന സ്ഥലങ്ങളിലൂടെയൊക്കെ ഓടിച്ച്... നമുക്കു പതുക്കെ വീട്ടിലെത്തിയാൽ മതി. പിന്നെ, ഇന്നത്തെ നിലയിൽ, ചെയ്യുന്നതു തെറ്റാണെന്നറിയാം. എന്നാലും നീ പോ. പൊലീസോ മറ്റോ നിർത്തി ചോദിച്ചാൽ ഞാൻ പറഞ്ഞുകൊള്ളും...’’
രാമചന്ദ്രൻ പിന്നീടൊന്നും പറഞ്ഞില്ല. അവന്റെ വണ്ടി കടൽക്കരയിലെ കോട്ട, കോട്ടയുടെ മുൻപിലെ വിശാലമായ മൈതാനം, മിലിറ്ററി ബാരക്സ്, പയ്യാമ്പലം, ടൗണിലെ പഴയ പാർക്ക് എന്നീ സ്ഥലങ്ങളൊക്കെ പിന്നിട്ടുകൊണ്ടു നീങ്ങി. ഇടയ്ക്കൊക്കെ അവൻ എന്തൊക്കെയോ അയാളോടു പറയുന്നുമുണ്ടായിരുന്നു. എന്നാൽ, അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാൾ തന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് അരിയിൽ ആദ്യാക്ഷരങ്ങൾ കുറിച്ചു കൊടുക്കുന്നതിന്റെ തിരക്കിലായിരുന്നു. ഓരോരുത്തരെയായി മടിയിലിരുത്തി അവരുടെ വിരലുകൾ കൂട്ടിപ്പിടിച്ച് മുന്നിലെ തളികയിലെ ഉണക്കലരിയിൽ...
‘ഹരിശ്രീ ഗണപതയേ നമഃ;
അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ’
കുട്ടികൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, അയാൾക്കു ക്ഷീണമേ ഉണ്ടായിരുന്നില്ല; സന്തോഷം വർധിച്ചു വന്നതേയുള്ളൂ...
ഒരു ഘട്ടത്തിൽ പഴയ ചങ്ങാതി അനിൽ വന്നു ചോദിച്ചു:
‘‘ഇനി അൽപം വിശ്രമിച്ചിട്ടു പോരേ?’’
അയാൾ ധൃതിപ്പെട്ടു പറഞ്ഞു.
‘‘വേണ്ട, വേണ്ട; എനിക്കു ക്ഷീണമൊന്നുമില്ല... കുട്ടികളെ കാത്തുനിർത്തിക്കരുത്. അതു പാപമാണ്.’’
അനിൽ ചിരിച്ചുകൊണ്ടു മടങ്ങിയപ്പോൾ അയാൾ വീണ്ടും കുട്ടികളെ എഴുതിക്കാൻ തുടങ്ങി. മീന, ശ്രീകല, മാധവൻ, ശ്രീവിദ്യ, ശ്രീലളിത, മാത്യു, മരയ, അൻവർ, ഉമ്മുക്കൊലുസു...
അയാളുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.
വീടെത്തിയിരുന്നു.
രാമചന്ദ്രൻ വണ്ടിയിൽ നിന്നിറങ്ങി പറഞ്ഞപ്പോഴാണ് – അപ്പോൾ മാത്രമാണ് – അയാൾ അതറിഞ്ഞത്.