ADVERTISEMENT

അർധ രാത്രി.

തൃശൂർ മണ്ണുത്തിയിലെ വീട്ടിൽ സ്വപ്നം കണ്ടുറങ്ങുകയാണ് വെറ്ററിനറി കോളജിലെ പ്രഫസർ ഡോ.ശോശാമ്മ. സ്വപ്നത്തിൽ കുട്ടനാട്ടിലെ ബാല്യം. ശോശാമ്മയും സഹോദരങ്ങളും ഓട്ടു ടംബ്ലറുമായി (ഗ്ലാസ്) തൊഴുത്തിനരികിൽ കാത്തു നിൽക്കുന്നു. കുട്ടികളോളം ചെറിയ വെച്ചൂർ പശുവിനെ കറന്ന് അമ്മ നല്ല പതയുന്ന പാൽ ടംബ്ലറിലേക്ക് ഒഴിച്ചു നൽകുന്നു.കുട്ടികൾ ആർത്തിയോടെ മൊത്തിക്കുടിക്കുന്നു. ലോകത്തിൽ അമ്മയുടെ മുലപ്പാൽ കഴിഞ്ഞാൽ മനുഷ്യനു കുടിക്കാവുന്ന ഏറ്റവും ശുദ്ധമായ പാൽ.കുടിച്ചു കഴിയുമ്പോൾ സഹോദരങ്ങളുടെ മുഖത്തു നോക്കുന്നു. മേൽച്ചുണ്ടിൽ പാൽപ്പത.

‘ ദേ മീശ... മീശ.. നരച്ച മീശ...’

നിനക്കുമുണ്ട് മീശയെന്നു സഹോദരങ്ങൾ.പെട്ടെന്നു ശോശാമ്മ കോളിങ് ബെൽ കേട്ട് ഞെട്ടി ഉണരുന്നു.പാലിന്റെ രുചി നുണയാനായില്ലെന്ന നഷ്ടബോധത്തിൽ നിന്നു പെട്ടെന്നു ഭയത്തിലേക്ക് ബോധം ഉണരുന്നു. ഈ പാതിരാത്രിയിൽ ആരാണ് ബെല്ലടിച്ചത്. പുറത്ത് കനത്ത ഇരുട്ട്. ജനലിലൂടെ നോക്കുമ്പോൾ ഗേറ്റ് അടഞ്ഞുകിടക്കുകയാണല്ലോ!  ശോശാമ്മ പതിയെ അടുക്കളയിലേക്കു നീങ്ങി. അവിടെ ഒരു കൊച്ചു ജനാലയുണ്ട്. അതിലൂടെ നോക്കി.സിറ്റൗട്ടിൽ ഒരു നിഴലനക്കം. ദൈവമേ, ആരാണത്? ഈ രാത്രി, മതിൽ ചാടിക്കടന്ന് അകത്തൊരാൾ. സിറ്റൗട്ടിന്റെ നേരിയ വെളിച്ചത്തിൽ ഒരു മിന്നൽ പോലെ കണ്ടു ആ മുഖം.

‘ അനിൽ സക്കറിയ ’.

മണ്ണുത്തി വെറ്ററിനറി കോളജിലെ തന്റെ വിദ്യാർഥി. അമ്പടാ.. ഇവനോ..

ആശ്വാസത്തോെട വാതിൽ തുറന്നു.

അനിൽ നിന്നു കിതയ്ക്കുന്നു. ‘‘കിട്ടി, ടീച്ചറേ, ഞാൻ കണ്ടു; കി‌ട്ടി’’!

കിതപ്പിൽ അത്രമാത്രമേ പുറത്തു വരുന്നുള്ളു.

പിന്നെ പതിയെ ആ ശബ്ദം വന്നു: കിട്ടി ടീച്ചറേ, നല്ല ഒന്നാന്തരം വെച്ചൂർ പശു. വൈക്കത്ത് ചെത്തുകാരൻ മനോഹരന്റെ പറമ്പിലുണ്ട്. ! സന്തോഷം കൊണ്ടും മതിൽ ചാടിയതിന്റെ ഹൃദയമിടിപ്പുകൊണ്ടും അവന്റെ വാക്കുകൾ മുറിഞ്ഞു. ടീച്ചറുടെ മുഖം സന്തോഷം കൊണ്ടു വിരിഞ്ഞു. നാളുകളായി ഉറക്കമിളച്ചും നാടുതോറും അലഞ്ഞും നടത്തിയ അന്വേഷണത്തിനു ഫലം കണ്ടിരിക്കുന്നു!

vechoor-2
ആദ്യം കണ്ടെത്തിയ വെച്ചൂർ പശു അനിലയ്‌ക്കൊപ്പം അനിൽ സക്കറിയ (ഫയൽചിത്രം), വെച്ചൂർ പശുവിനെ കറക്കുന്ന കുട്ടി.

കയർ അഴിഞ്ഞു പോയ ഇനം

കുട്ടനാട്ടിലെ ആ വെച്ചൂർ ബാല്യം കയറു പൊട്ടിച്ച് ഓടിപ്പോയി. നിരണം കോട്ടയിൽ ശോശാമ്മ ഐപ്പ് പഠിച്ചു വൈറ്ററിനറി സയൻസിൽ ഡിഗ്രിയെടുത്തു. പിജിയും പിഎച്ച്ഡിയുമെടുത്ത് മണ്ണുത്തി വെറ്ററിനറി കോളജിലെത്തി. മണ്ണുത്തി ഇന്ദിരാനഗറിൽ ഭർത്താവ് ഡോ. സി. ഏബ്രഹാം വർക്കിയുമൊത്തു താമസമാക്കി.വൈകുന്നേരമായാൽ 12 വിദ്യാർഥികളെങ്കിലും ശോശാമ്മയുടെ വീട്ടിൽ കാണും. വല്ലതും വച്ചുണ്ടാക്കിത്തിന്നും വർത്തമാനം പറഞ്ഞുമിരിക്കും.  അത്തരമൊരു ദിവസമാണു പഴയ വെച്ചൂർ പശുവിന്റെ പാൽ കുടിച്ച കഥ ശോശാമ്മ പറയുന്നത്.

‘എന്റെ നാട്ടിൽ, മധ്യ തിരുവിതാംകൂറിൽ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കുമ്പോൾ ഒപ്പം ഒരു വെച്ചൂർ പശുവിനെയും കൊടുത്തുവിടും. മകൾ അമ്മയാകുമ്പോഴേക്കും പശുവും പ്രസവിച്ചിട്ടുണ്ടാകും. കുഞ്ഞിന് ഔഷധഗുണമുള്ള വെച്ചൂർ പാൽ ഉറപ്പ്’’

‘‘ എന്തു ചെയ്യാനാ..?ഇപ്പോൾ വെച്ചൂരിനെ കാണാൻ കിട്ടാനില്ല. സിന്ധി കാളകളുടെയും മുറാ പോത്തുകളുടെയും ബീജം ഉപയോഗിച്ച് കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു ലാഭം കൂട്ടാനുള്ള വഴിയേ അല്ലേ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പോലും‌? ഇതിനിടയിൽ എവിടാ നമ്മുടെ ഇത്തിരിപ്പോന്ന വെച്ചൂര് പശുവിനു വില?

‘‘പക്ഷേ, നമുക്ക് വെച്ചൂരിനെ കണ്ടെത്തി സംരക്ഷിച്ചാലോ? ’’

‘‘ശരിയാ സർവകലാശാലയിൽ ‌കൊണ്ടുവന്നു വളർത്താം’’

‘‘എന്നിട്ടുപെറ്റു പെരുകുമ്പോൾ നാട്ടുകാർക്കു വളർത്താൻ കൊടുക്കാം..’’

ആ ചർച്ച ആശയങ്ങൾ ‘ചുരത്തി’

vechoor1
വെച്ചൂർ ഗോശാലയിലെത്തിച്ച ആദ്യതലമുറ പശുക്കൾക്കൊപ്പം ശോശാമ്മ ഐപ്പ് (ഫയൽ ചിത്രം)

ഗോവേഷകരുടെ യാത്ര

സങ്കരയിനമല്ലാത്ത ‘ഒറിജിനൽ’ വെച്ചൂർ പശുവിനെ കണ്ടെത്തണം. കോട്ടയം, വൈക്കം, ചേർത്തല, കുട്ടനാട് ഭാഗത്തൊക്കെ അലഞ്ഞു നടക്കേണ്ടിവരും.ടീച്ചറും സംഘവും അവധി ദിവസങ്ങളിൽ അതിരാവിലെ തെക്കോട്ടു പുറപ്പെടും. വൈക്കത്തോ, വെച്ചൂരോ ഒക്കെ ചെന്നിറങ്ങും. പാടവരമ്പുകളിലൂടെയും ഗ്രാമങ്ങളിലൂടെയും നടന്നലയും. ‘വെച്ചൂർ പശുവുണ്ടോ?’ എന്നന്വേഷിച്ചാണു പോക്ക്. വയ്ക്കോൽ കൂനയിൽ നഷ്ടപ്പെട്ടുപോയ സൂചി തപ്പുന്നതു പോലെ.അനിൽ സഖറിയ പറഞ്ഞ ദിക്കുവച്ച് ഒരു കള്ളുഷാപ്പിൽ നിന്നു ചെത്തുകാരൻ മനോഹരനെ കണ്ടെടുത്തു. മനോഹരന്റെ വീട്ടിൽ ചെന്നപ്പോൾ നല്ല ലക്ഷണമൊത്തൊരു വെച്ചൂർ പശു. മരോട്ടി നിറക്കാരി. കൂടെയൊരു വെച്ചൂർ കാളക്കുട്ടിയുമുണ്ടായിരുന്നു. പക്ഷേ, സങ്കരയിനം.മനോഹരനോടു ലക്ഷ്യം പറഞ്ഞു.

ഈ സങ്കരയിനം കാളയിൽ നിന്നാവും ഇനി ഇവിടെ വെച്ചൂർ പശുക്കൾ ഉണ്ടാകുക. അടുത്ത തലമുറയ്ക്ക് വെച്ചൂരിന്റെ ഗുണമുണ്ടാവില്ല. ഞങ്ങൾക്കു തന്നാൽ എവിടെ നിന്നെങ്കിലുമൊരു വെച്ചൂർ കാളയെ തപ്പിപ്പിടിച്ച് വംശം നിലനിർത്തും. ’മനോഹരനും ഭാര്യ മേദിനിയും വെച്ചൂർ പശുവിന്റെ അടുത്തുപോയി. തലയിലും താടിയിലും തലോടി. എന്നിട്ടു പറഞ്ഞു: ‘‘ നല്ലൊരു കാര്യത്തിനല്ലേ..കൊണ്ടുപൊയ്ക്കോ’ കരച്ചിലടക്കിയാണതു പറഞ്ഞത്. പറഞ്ഞുറപ്പിച്ചു സംഘം പോന്നു.ഒന്നുകൊണ്ട് എന്താവാൻ?. കൂടുതൽ പശുക്കളെ കിട്ടണം. അതിലേറെ പ്രധാനം ഒറിജിനൽ വെച്ചൂർ കാളക്കുട്ടനെ കിട്ടണം..ആഴ്ചകളോളം ടീച്ചറും സംഘവും നാടു മുഴുവൻ കറങ്ങി. ചിലയിടങ്ങളിൽ നാട്ടുകാരും കൂടും.അവർ പറയുന്നതനുസരിച്ചു കാതങ്ങൾ താണ്ടി ഏതെങ്കിലും വീട്ടിൽ ചെല്ലും. കാണുന്നത് വെച്ചൂർ പശു ആയിരിക്കില്ല. പിന്നെ തിരിച്ചു നടക്കും. തനി ‘ഗോവേഷണം.’

മാസങ്ങളോളം ടീച്ചറും കുട്ട്യോളും മധ്യകേരളത്തിൽ നടത്തിയ ഈ അലച്ചിലിൽ വൈക്കത്തെ വെറ്ററിനറി ഡോക്ടറും സുഹൃത്തുമായ ഡോ. രവീന്ദ്രനും ശോശാമ്മയുടെ ഭർത്താവ് ഏബ്രഹാം വർക്കിയും ഒപ്പമുണ്ടായിരുന്നു. ചിലയിടത്തു നിന്നു പശുക്കളെ കിട്ടി. കാള അപ്പോഴും ഇവരുടെ സ്വപ്നത്തിന്റെ കയർ പൊട്ടിച്ചു കറങ്ങി നടന്നു.ഒരുനാൾ വെച്ചൂരിൽ നിന്നു തുടങ്ങിയ നടത്തം കുടവെച്ചൂരിലെത്തി. അയ്മനം ദിക്കിലാണു നടത്തം.

കിലോമീറ്ററുകൾ താണ്ടി. ഒരിടത്ത് വിശാലമായ പാടം. ചിറ നിറച്ചും മുട്ടറ്റം ചേറ്. ചെരുപ്പ് വഴിയിൽ തെങ്ങിൻ ചുവട്ടിൽ ഊരിയിട്ട് മുന്നോട്ട്. നടന്നു നടന്ന് വലിയൊരു നദിയുടെ അറ്റത്ത് യാത്രമുറിഞ്ഞു.

നിരാശരായി മടങ്ങാനൊരുങ്ങുമ്പോൾ ഒരു വീട്ടുമുറ്റത്ത് നിൽക്കുന്നു, ഒരു വെച്ചൂർ പശു.. അരികിലൊരു വെച്ചൂർ കാള!

ആർപ്പുവിളിയും ആരവവും ഉയർന്നു!

മാസങ്ങൾ നീണ്ട അലച്ചിലിനും നടപ്പിനുമിടയിൽ ആകെ കിട്ടിയത് എഴു പശുക്കളും ഒരു കാളയും. അടുത്തത് എന്ത് എന്ന ചോദ്യമുണ്ടായി.

‘യൂണിവേഴ്സിറ്റിയിൽ കൊണ്ടുപോയി പാർപ്പിച്ചു വളർത്തണം’‘ അനുവദിച്ചില്ലെങ്കിൽ ടീച്ചറുടെ വീട്ടുമുറ്റത്തു കെട്ടിയിടാം’

‘തീറ്റേം വെള്ളോം കൊടുത്ത് ഞങ്ങളു നോക്കിക്കോളാം ടീച്ചറേ..’

വെച്ചൂരിന്റെ നെറുകയിലിട്ട ഒപ്പ്

ശോശാമ്മ ഐപ്പ് മണ്ണുത്തി വെറ്ററിനറി കോളജിന്റെ ‍ഡീൻ രാധാകൃഷ്ണക്കൈമളിന്റെ അടുത്തെത്തി. 25,000 രൂപ വെച്ചൂർ പശുവിന്റെ സംരക്ഷണത്തിന് അനുവദിക്കണമെന്ന അപേക്ഷ നീട്ടി.അദ്ദേഹം പദ്ധതിക്കു ശുപാർശ ചെയ്ത് ഒപ്പുവച്ചു കയ്യിൽത്തന്നു. അതുമായി വൈസ് ചാൻസലർ ഇ.ജി. സൈലാസിന്റെ അടുത്തെത്തി. വിവരം പറഞ്ഞയുടൻ പേപ്പർ വാങ്ങിനോക്കി.

എത്രയാ എസ്റ്റിമേറ്റ്?

25,000...

vechoor-3
സാധാരണ കാളയ്‌ക്കൊപ്പം വെച്ചൂർ കാളയും പശുവും

അപ്പോൾ പശുവിന് തീറ്റയൊന്നും കൊടുക്കണ്ടേ..? അതിനുള്ള കാശ് വയ്ക്കാത്തതെന്ത്? പുതിയ എസ്റ്റിമേറ്റ് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിത്തരാൻ വിസി പറഞ്ഞു. ആൾ ഡൽഹിക്കു പോകാൻ തിരക്കിട്ടു നിൽക്കുന്നു. ക്ഷണനേരം കൊണ്ടു പാഞ്ഞു. പുതിയ എസ്റ്റിമേറ്റ് വച്ചുനീട്ടി. മൊത്തം 65,000 രൂപ. (1989ൽ അതൊരു വൻ തുകയാണ്)തുക അനുവദിച്ച് ഒറ്റ ഒപ്പിട്ട് വിസി ഡ‌ൽഹിക്കുപോയി. വെച്ചൂർ പശു എന്ന നാടൻ ഇനത്തിന്റെ നെറുകയിലായിരുന്നു ആ ഒപ്പ്!

പശു വേട്ട!

1980 ജൂലൈ 26. ശോശാമ്മയുടെ വിദ്യാർഥി സംഘം രണ്ടായി തിരിഞ്ഞു. എട്ടുപേർ ടീച്ചർക്കും ഭർത്താവ് ഡോ. ഏബ്രഹാം വർക്കിക്കുമൊപ്പം വെച്ചൂർ, അയ്മനം ഭാഗത്തേക്കു പോകുന്നു. ഒരു വെറ്ററിനറി ആംബുലൻസ്, ഒരു ജീപ്പ്. ബാക്കിയുള്ളവർ കോളജ് ക്യാംപസിൽ ഉപയോഗിക്കാതെ കിടന്ന പഴയ തൊഴുത്ത് വൃത്തിയാക്കാൻ തുടങ്ങി.  ആംബുലൻസ് സംഘം നേരെ പോയത് അയ്മനത്തേക്കാണ്. ആദ്യം കാളക്കുട്ടനെ പൊക്കണം. അതടക്കം രണ്ടെണ്ണത്തെ അവിടെ നിന്നു കയറ്റി വണ്ടി ഓണന്തുരുത്തിലേക്കു വിട്ടു. അവിടെ ചിന്നമ്മയുടെ പശുവിനെ വാങ്ങുമ്പോൾ മകൾ 11 വയസ്സുകാരി കരച്ചിൽ. ആശ്വസിപ്പിച്ചു പോരുകയല്ലാതെന്തു ചെയ്യാൻ. മനോഹരന്റെ വീട്ടിൽ നിന്ന് ഒരു പശുവിനെയും കുട്ടിയെയും കയറ്റി. അദ്ദേഹത്തിന്റ ഭാര്യവീട്ടിൽ ഈ പശുവിന്റെ അനുജത്തിയുണ്ടത്രേ. അതിനെയും വണ്ടിയിൽ കയറ്റി. രാത്രി ആംബുലൻസും സംഘവും കോളജ് ക്യാംപസിലെത്തുമ്പോൾ കുട്ടികൾ ഉറങ്ങിയിട്ടില്ല. തൊഴുത്തിന്റെ ചുമരിൽ വെള്ള പൂശി നിൽക്കുന്നു. 4 മുതിർന്ന പശുക്കൾ, 3 കിടാങ്ങൾ, ഒരു കാളക്കുട്ടൻ! 900 രൂപ മുതൽ1500 രൂപ വരെ നൽകി വാങ്ങിയവ. 3 പതിറ്റാണ്ടു മുൻപ്, കെട്ടുപൊട്ടിച്ചോടിയ ഒരു ‘ഭ്രാന്തൻ ആശയ’ത്തിനു പിന്നാലെ പാഞ്ഞ ഒരധ്യാപികയും വിദ്യാർഥികളും ആ സ്വപ്നത്തെ പിടിച്ചു കുറ്റിയിൽ കെട്ടിയ നിമിഷം!

കാലിക്കാനേഷുമാരി!

കേരളത്തിന്റെ പല ഭാഗത്ത് അവശേഷിച്ച 28 പശുക്കൾ മണ്ണുത്തിയിലെ ഫാമിലെത്തി. പെറ്റുപെരുകി നൂറായി ആയിരമായി. തിരികെ നമ്മുടെ മണ്ണിലേക്കു തന്നെയെത്തി. ഇപ്പോൾ വെച്ചൂർ പശുക്കളുടെ എണ്ണം 5000–6000 എങ്കിലും കവിഞ്ഞിട്ടുണ്ടാകുമെന്നാണ് കണക്ക്.

‘ഇന്ത്യയിലെ നാടൻ പശു ഇനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) പോലും ചിന്തിച്ചു തുടങ്ങും മുൻപ് നിങ്ങൾക്കിത് എങ്ങനെ സാധിച്ചു? ’ഐസിഎആറിന്റെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ആർ.എം. ആചാര്യ വെച്ചൂർ പശുക്കളെ മണ്ണുത്തിയിലെത്തി നേരിട്ടു കണ്ടശേഷം പറഞ്ഞ ആ വാക്കുകളാണ് ശോശാമ്മയ്ക്കു കിട്ടിയ ഏറ്റവും വലിയ പുരസ്കാരം.

തൊഴുത്തിൽകുത്ത്

‘വെച്ചൂർ പശു പുനർജന്മം’ എന്നൊരു പുസ്തകം ശോശാമ്മ ഐപ്പ് എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ സർവകലാശാലകളിൽ പാരപണിയിലും (കൃഷിക്കുപയോഗിക്കുന്ന പാരയല്ല) തൊഴുത്തിൽകുത്തിലും ‘ഗവേഷണം’ നടത്തുന്നവരുണ്ടെന്ന് ശോശാമ്മ ഈ പുസ്തകത്തിൽ വിശദമാക്കുന്നു.പാടുപെട്ടു സംരക്ഷിച്ചെടുത്ത വെച്ചൂർ പശുവിനെ ‘ അത് ഒറിജിനൽ അല്ല, ഭക്ഷണം കിട്ടാതെ വളർച്ച മുരടിച്ചുപോയതാണെന്നു’ ചില സഹപ്രവർത്തകർ പ്രചരിപ്പിച്ചു.‘പദ്ധതി രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയപ്പോൾ ഇവയെ കൊന്നൊടുക്കാൻ ശ്രമം നടന്നു. ഫാമിലെ കുളമ്പുരോഗം വന്ന സങ്കരയിനം പശുവിനെ ആരുമറിയാതെ വെച്ചൂർ പശുക്കളുടെ തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടി. രോഗം വന്ന പശുവിനെ മാറ്റാൻ മേലധികാരികൾ തയാറായില്ല.എല്ലാ വെച്ചൂർ പശുക്കളെയും തൊഴുത്തിൽ നിന്നു മാറ്റിക്കെട്ടി സംരക്ഷിക്കേണ്ടി വന്നു.’

പിന്നെ നേരിട്ടുള്ള കൊന്നൊടുക്കലായി എന്നു ശോശാമ്മ എഴുതുന്നു.

പാമ്പുകടിച്ചാണു ചത്തതെന്നായിരുന്നു വെറ്ററിനറി കോളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 18 വെച്ചൂർ പശുക്കളാണ് അങ്ങനെ ഇല്ലാതായത്.

ഒടുവിൽ, മരണകാരണം പുല്ലിലെ വിഷമാണെന്നു കണ്ടെത്തിയത് ‘ശാസ്ത്രജ്ഞരല്ല’ അന്വേഷണത്തിനെത്തിയ പൊലീസാണെന്നും ശോശാമ്മ പറയുന്നു.

‘‘ പശുക്കൾക്കു വിഷം കൊടുത്തു കൊന്ന് സംരക്ഷണ പദ്ധതി തകർക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ വിദേശത്തേക്കു ഭ്രൂണക്കടത്ത്, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങളുമായി ചിലർ മുന്നോട്ടു വന്നു. ’’ ശോശാമ്മ പറയുന്നു.വെച്ചൂർ പശുക്കളുടെ പേറ്റന്റ് റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് കരസ്ഥമാക്കിയെന്ന വ്യാജ വെളിപ്പെടുത്തലുമായി പരിസ്ഥിതി പോരാളി വന്ദന ശിവ തന്നെ എത്തി. അതു തെളിയിക്കാനാവാതെ അവർ ഒടുവിൽ മുട്ടുമടക്കി. അന്വേഷണക്കമ്മിഷനുകളുടെ വിചാരണകളും വൃഥാവിലായി’ .

‘ഒരു പറ്റം നല്ല മേലധികാരികൾ ഒപ്പം നിന്നു. ഇല്ലായിരുന്നെങ്കിൽ ഭ്രാന്തു പിടിച്ചേനെ ’ – വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് ഇറക്കിയ പുസ്തകത്തിൽ ശോശാമ്മ എഴുതുന്നു. ഒരു ചെറിയ പശു ഉണ്ടാക്കിയ വലിയ ഭൂമികുലുക്കം!

English Summary: Sunday pecial story about Dr. Sosamma iype

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com