ADVERTISEMENT

നാടകഅരങ്ങിലും ബോളിവുഡിലും ജയിംസ് ബോണ്ട് ചിത്രത്തിലും ഹോളിവുഡ് ഹിറ്റുകളിലും യൂറോപ്പിന്റെ മനം കവർന്ന ‘സാൻഡോക്കൻ’ ടിവി പരമ്പരയിലും അഭിനയിച്ച രാജ്യാന്തര പ്രശസ്തനായ ഇന്ത്യൻ താരം; കബീർ ബേദി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ബ്രിട്ടിഷുകാരിയുടെ മകന് അമ്മയെക്കുറിച്ചും വിപ്ലവകാരിയായ അച്ഛനെക്കുറിച്ചും പ്രക്ഷുബ്ധമായ സ്വന്തം പ്രണയ, വിവാഹ കാലങ്ങളെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു പറയാൻ ഏറെയുണ്ട്. സിനിമക്കഥകളെ നിഷ്പ്രഭമാക്കുന്ന ആ ജീവിതകഥകളുടെ കടലിൽ മനസ്സെഴുത്തിന്റെ കപ്പലിറക്കി കബീർ ആ പുസ്തകത്തിനു പേരിട്ടു: സ്റ്റോറീസ് ഐ മസ്റ്റ് ടെൽ. പറയാതിരിക്കാൻ കഴിയാത്ത കഥകൾ.

കബീർ ബേദി കഥ പറയുമ്പോൾ

1966 ജൂലൈ 7ന്, ഇരുപതു വയസ്സിന്റെ ചോരത്തിളപ്പിൽ ബീറ്റിൽസ് ഗായകരെ മുഖാമുഖം കണ്ടു സംസാരിച്ചതിന്റെ ടേപ്പ് അന്വേഷിച്ച ഫ്രീലാൻസ് റിപ്പോർട്ടർ കബീർ ബേദിയോട് ആകാശവാണി ജീവനക്കാർ സത്യം തുറന്നു പറഞ്ഞു: ബീറ്റിൽസ് ടേപ്പിൽ വേറെ പരിപാടി റിക്കോർഡ് ചെയ്തു പോയി. പുതിയ ടേപ്പ് വാങ്ങാൻ പണം എവിടെയിരിക്കുന്നു!

കബീർ ഞെട്ടി; ബ്രിട്ടനിലെ ബീറ്റിൽസ് ഗായകസംഘം ഇന്ത്യയിൽ നൽകിയ ഏക അഭിമുഖത്തിന്റെ ടേപ്പ് ഓൾ ഇന്ത്യ റേഡിയോ നശിപ്പിച്ചുകളഞ്ഞു! മുൻപും വലിയ നിരാശകൾ സമ്മാനിച്ച ആ ജോലിയുപേക്ഷിച്ച്, രോഷവും നൊമ്പരവും നിറഞ്ഞ ഭാരിച്ച മനസ്സോടെ കബീർ ഓഫിസിൽനിന്നിറങ്ങി. ഡൽഹി നഗരത്തോടു യാത്ര പറഞ്ഞ്, ആകെയുണ്ടായിരുന്ന എഴുന്നൂറു രൂപയും പോക്കറ്റിലിട്ട് സിനിമയെന്ന സ്വപ്നവുമായി ട്രെയിൻ കയറിയത് ബോംബെയ്ക്കാണ്. അന്നു പുതിയ ട്രാക്കിലേക്ക് ഓടിക്കയറിയ ജീവിതം വിസ്മയിപ്പിക്കുന്ന ലോകസിനിമ അനുഭവങ്ങളും പ്രണയവിപ്ലവങ്ങളും പരാജയങ്ങളും ദുരന്തമുഹൂർത്തങ്ങളും കടന്ന് ആഴമേറി നിൽക്കുന്നു.

ഇന്ത്യയുടെ രാജ്യാന്തര പ്രതിഭയും ഇറ്റലിയുടെ കണ്ണിലുണ്ണിയുമാണു കബീർ ബേദി. കടൽകൊള്ളക്കാരനായ ഏഷ്യൻ രാജകുമാരന്റെ കഥ പ്രമേയമായ സാൻഡോക്കൻ എന്ന പരമ്പര കണ്ട് ഇറ്റാലിയൻ മാഫിയ തലവന്മാർ കബീർ ആരാധകരായി. 1990കളിൽ അധോലോകം വാണ ഫ്രാൻസെസ്‌കോ സ്‌കിയവൊണെ എന്ന മാഫിയരാജാവിനു കബീർ ബേദിയുമായുള്ള രൂപസാദൃശ്യം കാരണം സാൻഡോക്കൻ എന്ന വിളിപ്പേരു വരെ വീണു. എമിഗ്‌ലിയോ സൽഗാരി രചിച്ച സാൻഡോക്കൻ കഥകൾ ആധാരമാക്കി സെർജിയോ സോളിമ സംവിധാനം ചെയ്ത സീരീസിലാണു കബീർ അഭിനയിച്ചത്. ഇറ്റലിയിലെ ജനപ്രിയ സാഹിത്യകൃതിയുടെ ടെലിവിഷൻ പതിപ്പ് കബീറിനു ഭാഗ്യം കൊണ്ടുവന്നു. റോമിലെ ഗ്രാൻഡ് ഹോട്ടലിൽ കബീറിനു വിരുന്നു നൽകിയ ഇറ്റാലിയൻ ചലച്ചിത്രകാരൻ ഫെഡറിക്കോ ഫെല്ലിനി അവിടത്തെ വെയ്റ്റർമാരും ഭക്ഷണം കഴിക്കാനെത്തിയവരുമെല്ലാം സാൻഡോക്കൻ താരത്തെ ആരാധനയോടെ നോക്കുന്നതു കണ്ടു വിസ്മയിച്ചു പോയി. സാൻഡോക്കന്റെ തുടർ പരമ്പരകൾ ഉൾപ്പെടെ അവസരങ്ങൾ പിന്നാലെയെത്തി. പ്രിയതാരത്തിനു പരമോന്നത ബഹുമതി നൽകി ഇറ്റലി ആദരിക്കുകയും ചെയ്തു.

തിയറ്റർ, പരസ്യകല ഇതിഹാസം അലിഖ് പദംസിയുടെ പ്രിയശിഷ്യനായി പരസ്യമെഴുത്തിലും മോഡലിങ്ങിലും നാടകത്തിലും ഉജ്വലമായൊരിടം സ്വന്തമാക്കിയായിരുന്നു കബീറിന്റെ കരിയർ തുടക്കം. ഏത് ആൾക്കൂട്ടത്തിലും ആരും തിരിച്ചറിയുന്ന വശ്യതയും തലയെടുപ്പും. രേഖയ്‌ക്കൊപ്പം അഭിനയിച്ച ഖൂൻ ഭരീ മാംഗാണ് കബീറിനു ബോളിവുഡിൽ പേരു നേടിക്കൊടുത്തത്. വിദേശസിനിമകളിൽ അവിസ്മരണീയം ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസിയാണ്. റോജർ മൂർ ബോണ്ടായി അഭിനയിച്ച സിനിമ ഇന്ത്യയിലും ചിത്രീകരിച്ചിരുന്നു. മൈക്കൽ കെയ്‌നൊപ്പം അശാന്തി, റോഡി മക്ഡവലിനൊപ്പം ദ് തീഫ് ഓഫ് ബഗ്ദാദ് എന്നിങ്ങനെ വേറെയും ശ്രദ്ധേയ ചിത്രങ്ങൾ. സ്റ്റോറീസ് ഐ മസ്റ്റ് ടെൽ എന്ന ആത്മകഥയിൽ ആ താര ജീവിതം മുഴുവനുമുണ്ട്.

kabir-2

ബുദ്ധന്റെ വഴിയേ

പുലരിപ്പൊൻവെട്ടം പരന്ന മ്യാൻമറിലെ തെരുവിൽ ഒരു കൊച്ചു ബുദ്ധഭിക്ഷു. തല മുണ്ഡനം ചെയ്ത്, കയ്യിൽ ഭിക്ഷാപാത്രവുമായി നിൽക്കുകയാണ്.

മുന്നിലായി ബുദ്ധഭിക്ഷുക്കളുടെ വലിയ നീണ്ടൊരു നിര. ഭിക്ഷയർപ്പിക്കാനായി ആളുകൾ അതിരാവിലെ മുതൽ ക്ഷമയോടെ കാത്തുനിൽക്കുന്നു. ഏറ്റവും മുന്നിലുള്ള മുതിർന്ന ഭിക്ഷുവിന്റെ കയ്യിലെ പാത്രം നിറഞ്ഞതിനു ശേഷം മാത്രം പിന്നിലുള്ളവർക്കു കിട്ടും. വരിയിൽ ഏറ്റവും ഒടുവിലായിപ്പോയ കുട്ടിയുടെ കണ്ണു നിറഞ്ഞു. അവസാനം നിൽക്കുന്ന തന്റെ കയ്യിലെ ഭിക്ഷാപാത്രം ശൂന്യമായിത്തന്നെയിരിക്കുമോ! പക്ഷേ അങ്ങനെ സംഭവിച്ചില്ല. കബീർ എന്ന ഒൻപതുവയസ്സുകാരന്റെ ഭിക്ഷാപാത്രവും നിറഞ്ഞു കവിഞ്ഞു.

ഓക്സ്ഫഡിലെ അനുരാഗം

ബ്രിട്ടൻ ഇന്ത്യ ഭരിക്കുന്ന കാലത്ത് ഓക്സ്ഫഡിൽ പഠിക്കാൻ പോകുകയും ഫ്രീഡ ഹൂൾസ്റ്റൺ എന്ന ബ്രിട്ടിഷ് വിദ്യാർഥിനിയെ പ്രണയിച്ചു വിവാഹം കഴിക്കുകയും ചെയ്തു ബാബ പ്യാരെ ലാൽ ബേദി. കല്യാണത്തോടെ ഫ്രീഡ പൂർണമായും ഇന്ത്യക്കാരിയായി. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ജയിലിൽ പോയി. ഗാന്ധിജിയുടെ പ്രിയ അനുയായിയായി, പിന്നെ സായുധ വിപ്ലവകാരിയായി, ഒടുവിൽ ഏറ്റവും ഉന്നത സന്യാസിനീപദവിയിലെത്തിയ ബുദ്ധഭിക്ഷുണിയായി.

ഓക്‌സ്ഫഡ് സർവകലാശാലയിലെ റജിസ്ട്രി ഓഫിസിൽ 1933ലാണ് ഫ്രീഡയും ബി.പി.എൽ ബേദിയും വിവാഹിതരായത്. ആ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1946 ജനുവരി 16നു ലഹോറിലാണ് കബീർ ജനിച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ആരാധിച്ചിരുന്ന കബീർ ദാസിന്റെ പേരു തന്നെ മാതാപിതാക്കൾ തിരഞ്ഞെടുത്തു. ഓക്സ്ഫഡിലെ അവരുടെ അപൂർവ പ്രണയവിവാഹത്തിന് എല്ലാ പിന്തുണയും നൽകിയ ഹിന്ദു പത്രാധിപർ രംഗസ്വാമി അയ്യങ്കാരുടെ പേരാണ് ഫ്രീഡയും ബാബയും മൂത്ത മകനു നൽകിയത് ;രംഗ. കശ്മീരിൽ വച്ചു പിറന്ന മകൾക്ക് ഗുൽഹിമ എന്നും പേരിട്ടു; മഞ്ഞിൽ വിരിഞ്ഞ പനിനീർപ്പൂവ്.

കശ്മീരിൽ ഫ്രീഡയുടെ സായുധ വിപ്ലവ കാലത്ത് കബീർ കൈക്കുഞ്ഞാണ്. ഒരു കയ്യിൽ തോക്കും മറുകയ്യിൽ കബീറുമായി അവർ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ നേർച്ചിത്രമായി. ഷെയ്ഖ് അബ്ദുല്ലയുടെ ആത്മമിത്രങ്ങൾ ആയിരുന്നു ബിപിഎൽ ബേദിയും ഫ്രീഡയും. നവ കശ്മീർ ഭരണഘടനയുടെ ശിൽപിയായി കരുതപ്പെടുന്നത് കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ബേദിയാണ്. സായുധ വിപ്ലവത്തിനു പകരം പരിഷ്‌കാരനയങ്ങൾ മുന്നോട്ടു വച്ചതിന് അദ്ദേഹത്തെ പാർട്ടി പുറത്താക്കി. ഇതിലും മണ്ടത്തരം നിറഞ്ഞ മറ്റൊരു നിലപാട് കണ്ടിട്ടില്ലെന്നു പറഞ്ഞ് അച്ഛൻ വളരെയേറെ ദുഖിച്ചെന്ന് കബീർ ബേദി കുറിച്ചിട്ടുണ്ട്. ഷെയ്ഖ് അബ്ദുല്ല സ്വതന്ത്രകശ്മീർ ആശയവുമായി മുന്നോട്ടു പോയപ്പോൾ ബേദിക്കു പൊരുത്തപ്പെടാനായില്ല. സൗഹൃദം അവസാനിപ്പിച്ച് ബേദി കുടുംബം കശ്മീർവിട്ടു ഡൽഹിയിൽ താമസമാക്കി. പിൽക്കാലത്ത് ആത്മീയവഴികളിലേക്കും ദാർശനികതയിലേക്കും തിരിഞ്ഞ ബാബ ബേദി ഇറ്റലിയിലേക്കു കുടിയേറി ആരാധകരെ നേടിയെടുത്തു. ഫീഡ അതിനോടകം ബുദ്ധമതത്തിൽ പുതുജന്മം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

പുല്ലു മേഞ്ഞ മൂന്നു കുടിലുകൾ ചേർന്ന വീടായിരുന്നു ലഹോറിലെ ബാല്യകാല വസതി. ദാരിദ്ര്യം പ്രതിഫലിപ്പിക്കുന്ന ലാളിത്യവുമായി ദ് ഹട്‌സ് എന്ന പേരിൽ ആ വാസസ്ഥലം പേരെടുത്തു. അക്കാലത്തൊരിക്കൽ ഫ്രീഡ ബേദിക്ക് കത്തെഴുതിപ്പോൾ നെഹ്‌റു വിലാസം വച്ചത് ‘ദ് ഹട്‌സ്, മോഡൽ ടൗൺ, ലഹോർ’ എന്നു മാത്രമായിരുന്നു. സ്വാതന്ത്ര്യസമരസേനാനികളും ഇടതുപക്ഷചിന്തകരുമെല്ലാം ഒത്തുകൂടുന്നയിടമായി കുടിൽവീട് മാറി. പൊലീസിന്റെ നിരീക്ഷണത്തിലുമായി. ഗ്യാനി സെയിൽസിങ്, ഐ.കെ. ഗുജ്‌റാൾ, ഹർകിഷൻ സിങ് സുർജിത്, പ്രാൺ ചോപ്ര, സതീഷ് ഗുജ്‌റാൾ, ബൽറാജ് സാഹ്നി, ഹഫീസ് ജുല്ലന്ധാരി, ഖുശ്വന്ത് സിങ് തുടങ്ങിയവർ നിത്യസന്ദർശകരായിരുന്നു.

കൈനീട്ടിയ പൃഥിരാജ് കപൂർ

അഭിനയത്തിന്റെ അരങ്ങിലേക്കു കബീർ ബേദിയെ കൊളുത്തിവലിച്ച ആദ്യത്തെ അനുഭവം കശ്മീരിൽ വച്ച് ആറാം വയസ്സിൽ പൃഥിരാജ് കപൂറിന്റെ പഠാൻ നാടകം കണ്ടതാണ്. നാടക അഭിനേതാക്കൾ കാര്യമായ വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്ന കാലം. പഠാൻ നാടകത്തിന്റെ തിരശീല വീണതിനു ശേഷം മതാപിതാക്കൾക്കൊപ്പം കബീർ സ്റ്റേജിനു പുറത്തെ വരാന്തയിലേക്കു ചെന്നു. അവിടെ, അരങ്ങുവേഷമഴിക്കാതെ പഠാൻ ഗോത്രക്കാരനായി ഷാളും പുതച്ച് പൃഥിരാജ് കപൂർ നിൽപ്പുണ്ടായിരുന്നു. കണ്ണുകൾ ഇറുക്കിയടച്ച് അദ്ദേഹം കൈനീട്ടി ഭിക്ഷയാചിക്കുകയായിരുന്നു.

കബീർ ബേദി, പർവീൺ ദുസാൻജ് വിവാഹ വേളയിൽ.

ഇന്ദു ആന്റി, രാജീവ്, സഞ്ജയ്

കുടുംബം കശ്മീരിൽനിന്നു ‍ഡൽഹിയിലേക്കു മടങ്ങിയെത്തിയപ്പോൾ ഇന്ദിര ഗാന്ധിയുടെ മക്കളായ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും കബീറിന്റെ സഹപാഠികളും കളിക്കൂട്ടുകാരുമായി. ബേദി കുടുംബത്തിനു നെഹ്റുവും ഇന്ദിരയുമായി ദീർഘകാലത്തെ അടുപ്പമുണ്ടായിരുന്നു. ഇന്ദു ആന്റിയുടെ വീട്ടിൽ കബീറും സഹോദരങ്ങളും നിത്യസന്ദർശകരായി. ഇന്ദിര കൊല്ലപ്പെട്ടതോടെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ കാണാൻ പോയ രംഗം കബീർ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. തീർത്തും അപ്രതീക്ഷിതമായി ചുമലിലേറ്റിയ രാജ്യഭാരത്തിന്റെ അങ്കലാപ്പോടെ നിന്ന രാജീവിനെ കെട്ടിപ്പിടിച്ചപ്പോൾ ബുള്ളറ്റ് പ്രൂഫ് കുപ്പായം അടിയിലുണ്ടെന്നു മനസ്സിലായി. ആശങ്കയോടെ നോക്കിയ കബീറിനു രാജീവ് ഗാന്ധി ഒരു പുഞ്ചിരി സമ്മാനിച്ചു.

കബീർ ബേദി താരജീവിതം 

ഗുരു നാനാക് പരമ്പരയി‍ൽപെട്ട പഞ്ചാബി സിഖ് കുടുംബത്തിലെ ബാബ പ്യാരേ ലാൽ ബേദിയുടെയും ബ്രിട്ടിഷുകാരി ഫ്രീഡയുടെയും മകനായി 1946 ജനുവരി 16നു ലഹോറിൽ ജനിച്ചു. നൈനിറ്റാളിലെ ഷെർവുഡ് കോളജ്, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 

മലയാളത്തിൽ സച്ചി സംവിധാനം ചെയ്ത അനാർക്കലി (2015) യിൽ അഭിനയിച്ചു. 1990കളുടെ തുടക്കത്തിൽ ദൂരദർശനു വേണ്ടി നവോദയ അപ്പച്ചൻ നിർമിച്ച് ജിജോ സംവിധാനം ചെയ്ത ബൈബിൾ പരമ്പരയിലും വേഷമിട്ടിരുന്നു. ഗൺസ് ആൻഡ് ഗ്ലോറി, ഡയറക്ടേഴ്സ് കട്ട് തുടങ്ങിയ ടിവി പരിപാടികളുടെ അവതാരകനായി. ഓസ്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ 1982 മുതൽ വോട്ടിങ് മെമ്പറാണ്. 

മോഡലും ഒഡീസി നർത്തകിയുമായിരുന്ന പ്രൊതിമ ഗൗരിയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തിൽ പൂജ ബേദി, സിദ്ധാർഥ് എന്നീ മക്കൾ. 1997ൽ 25ാം വയസ്സിൽ സിദ്ധാർഥ് ജീവനൊടുക്കി. പ്രശസ്ത ബോളിവുഡ് നടി പർവീൺ ബാബി ഇടക്കാലത്ത് ജീവിതപങ്കാളിയായിരുന്നു.  ഇക്സ്ചൽ ലീയുമായുള്ള വിവാഹത്തിൽ പിറന്ന മകൻ ആദം ബേദി മോഡലും നടനുമാണ്. നിക്കി ബേദിയാണ് മൂന്നാമത്തെ ഭാര്യ(1992–2005). 2016ൽ പർവീൺ ദുസാൻജിനെ വിവാഹം ചെയ്തു. മുംബൈയിലെ ജുഹുവിൽ താമസം. 

പ്രധാന സിനിമകൾ, പരമ്പരകൾ

സാൻഡോക്കൻ (1976) 

ദ് ബ്ലാക്ക് പൈററ്റ് (1976) 

തീഫ് ഓഫ് ബഗ്ദാദ് ( 1977) 

അഷാന്റി(1979) 

ഒക്ടോപ്പസി (1983) 

ഖൂൻ ഭരീ മാംഗ് (1988)

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ (1994 – 1995)

നാടകവേദിയിൽ

തിയറ്റർ ഗ്രൂപ്പിനു വേണ്ടി അലിഖ് പദംസി സംവിധാനം ചെയ്ത ഒഥല്ലോയിലെ നായകവേഷം 

ലണ്ടനിലെ വെസ്റ്റ് എൻഡിൽ കളിച്ച ‘ഫാർ പെവില്യൻസി’ലെ കഥാപാത്രം 

ജോൺ മുറലിന്റെ ‘താജി’ലെ ഷാജഹാൻ ചക്രവർത്തി 

തുഗ്ലക് 

English Summary : Sunday Special about Indian actor Kabir Bedi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com