സത്യ നാദെല്ലയുടെ മകൻ സെയ്ൻ അന്തരിച്ചു
Mail This Article
വാഷിങ്ടൻ∙ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യ നാദെല്ലയുടെയും അനുപമ നാദെല്ലെയുടെയും മകൻ സെയ്ൻ (26) മരിച്ചു. സെറിബ്രൽ പാൾസി ബാധിതനായിരുന്ന സെയ്നിനു ചലന, കാഴ്ച പരിമിതികളും ഉണ്ടായിരുന്നു. ജീവിതത്തിന്റെ നല്ലൊരു പങ്കും ചക്രക്കസേരയിലാണു കഴിച്ചുകൂട്ടിയത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുള്ള പദ്ധതികളിലും അവർക്കായുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിനും നേതൃത്വം നൽകാൻ സത്യ നാദെല്ലയ്ക്കു സെയ്ൻ പ്രചോദനമേകിയിരുന്നു. സെയ്നിനു കുട്ടിക്കാലത്തു ചികിത്സ നൽകിയിരുന്ന ആശുപത്രിയിൽ ‘സത്യ നാദെല്ല എൻഡോവ്ഡ് ചെയർ’ എന്ന വിഭാഗവും മസ്തിഷ്ക, ന്യൂറോ ഗവേഷണത്തിനായി സ്ഥാപിച്ചു.
പ്രകാശം പരത്തുന്ന ചിരിയും സംഗീതത്തിനോടുള്ള പ്രിയവും ചുറ്റുമുള്ളവരിൽ സന്തോഷം പരത്തുന്ന സ്വഭാവവുമായിരുന്നു സെയ്നിന്റെ സവിശേഷതകളെന്നു ആശുപത്രി അധികൃതർ അനുസ്മരിച്ചു. ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല 2014ൽ ആണ് മൈക്രോസോഫ്റ്റിന്റെ സിഇഒയായി ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. മറ്റു മക്കൾ: ദിവ്യ, താര. വാഷിങ്ടനിലെ ക്ലൈഡ് ഹില്ലിലാണു താമസം.
English Summary: Satya Nadella's Son Zein Nadella Passes Away