വിശ്വാസത്തിന്റെ തലപ്പൊക്കം
Mail This Article
ബനഡിക്ട് മാർപാപ്പയെപ്പറ്റിയുള്ള ഓർമകളുമായി ചങ്ങനാശേരി സ്വദേശി ഫാ. ലൂയിസ് തേവലക്കര
വിനയം കൊടുമുടിയോളം ഉയരത്തിലെത്തിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ഓർത്തെടുക്കുകയാണു കോട്ടയം ചങ്ങനാശേരി സ്വദേശി ഫാ. ലൂയിസ് തേവലക്കര. വത്തിക്കാനിലെ വിശ്വാസത്തിന്റെ കാര്യാലയത്തിൽ ദൈവശാസ്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട് ഫാ. ലൂയിസ്.
1992 സെപ്റ്റംബർ 22: റോമിൽ വിശ്വാസ തിരുസംഘത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്വീകരണ മുറിയിൽ തലവനായ കർദിനാളിനെ കാത്തുനിൽക്കുകയാണു ഫാ. ലൂയിസ് തേവലക്കര. മറ്റുള്ളവർക്കു മുന്നിൽ ഫാ. ലൂയിസിനെ പരിചയപ്പെടുത്തിക്കൊണ്ട് കർദിനാൾ പറഞ്ഞു: ‘ഇതാ നമ്മുടെ പുതിയ ദൈവശാസ്ത്രജ്ഞൻ.’ അന്നു വിശ്വാസ തിരുസംഘത്തിന്റെ തലവനും പിന്നീട് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുമായി മാറിയ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ഇത്ര വിനയത്തോടെ അന്നു തന്നോടു സംസാരിച്ചതെന്നു ഫാ. ലൂയിസ് ഓർമിക്കുന്നു. ഫാ. ലൂയിസിന്റെ വാക്കുകളിലൂടെ...
അടിയുറച്ച വിശ്വാസം
വിശ്വാസമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അടിസ്ഥാനം. ദൈവത്തിൽ വിശ്വസിക്കുന്നപോലെ തന്നെ അദ്ദേഹം മനുഷ്യരെയും വിശ്വസിച്ചു. സഹപ്രവർത്തകർക്കു കൂടുതൽ അവസരങ്ങൾ നൽകി. വിശ്വാസരാഹിത്യമാണു ലോകത്തിലെ പല പ്രശ്നങ്ങൾക്കും കാരണമെന്നു മനസ്സിലാക്കിയ അദ്ദേഹം താൻ മാർപാപ്പയായ വർഷം വിശ്വാസവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തു.
വായന
സ്വന്തമായി വലിയ പുസ്തകശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്. സംസാരത്തിനിടയിലോ സംശയങ്ങളുമായി ആരെങ്കിലും സമീപിച്ചാലോ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലേക്കു വിരൽ ചൂണ്ടും. ആയിരക്കണക്കിനു പുസ്തകങ്ങളിൽ നിന്ന് കൃത്യമായി തനിക്കു വേണ്ടത് അദ്ദേഹം ഓർത്തു പറയുമായിരുന്നു. മാർപാപ്പ ആയതിനു ശേഷം വത്തിക്കാനിലെ പ്രധാന ആശങ്കകളിലൊന്ന് ഈ പുസ്തകശേഖരം എവിടെ വയ്ക്കും എന്നതിലായിരുന്നു. മാർപാപ്പയുടെ വസതിയിലെ 3 മുറികൾ വേണ്ടിവന്നു അത്രയും പുസ്തകങ്ങൾ അടുക്കിവയ്ക്കാൻ.
പെൻസിലുള്ള പാപ്പ
മാർപാപ്പയുടെ ഓഫിസ് റൂമിൽ എപ്പോഴും ഒരു പെൻസിൽ ഉണ്ടാകും. സഹപ്രവർത്തകരോ ജീവനക്കാരോ എഴുത്തിൽ വരുത്തുന്ന തെറ്റുകളെ അദ്ദേഹം ഓർമിപ്പിച്ചിരുന്നത് മാർജിനിൽ പെൻസിൽ കൊണ്ട് ചെറിയ ചോദ്യചിഹ്നം ഇട്ടുകൊണ്ടായിരുന്നു.
മധുരവും തമാശകളും
മധുരപലഹാരങ്ങളും കേക്കും അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു. എന്നാൽ അതു കഴിക്കുന്നതിൽ മിതത്വം പാലിച്ചിരുന്നു. ലളിതമായ തമാശകളും സംഗീതവും അനുഭവകഥകളും അദ്ദേഹം താൽപര്യത്തോടെ കേട്ടുനിൽക്കുമായിരുന്നു.
Content Highlight: Pope Emeritus Benedict XVI