ജൂൺ 8 ലോക സമുദ്ര ദിനമാണത്രെ. ഇനി അതിന്റെ കുറവു വേണ്ട. തൊട്ടതിനും പിടിച്ചതിനു മൊക്കെ ദിവസങ്ങളുണ്ട്. പരിസ്ഥിതി ദിനം, കാൻസർ ദിനം, പത്ര ദിനം, പ്രവാസി ദിനം, പെൺകുട്ടികളുടെ ദിനം, ആ ദിനം , ഈ ദിനം , മറ്റേ ദിനം -അങ്ങനെ 365 ദിവസവും ഓരോ പ്രത്യേക ദിനമായി നമ്മൾ കൊണ്ടാടുന്നു . നായ്ക്കൾക്കു പോലും ഒരു ദിവസമുണ്ട്. ഡോഗ് സ് ഡേ. (Every dog has its day എന്ന് കേട്ടിട്ടില്ലേ ?) പിന്നെ സമുദ്രത്തിനും വേണ്ടേ ഒരു ദിനം !
കടലിന്റെ സൗന്ദര്യം ഒരു ഹരം തന്നെയാണ്. എത്ര കണ്ടാലും മതി വരാത്ത അഗാധ നീലിമ. അതിനെ സൗന്ദര്യം എന്ന് പറയാമോ? കടലിനെപ്പറ്റിയും തിരമാലകളെ പറ്റിയും. കവികളല്ലാത്തവർ പോലും വർണിക്കാറുണ്ട്. കടൽ ഒരു കഥാപാത്രമാകുന്നതും കടലിനെക്കുറിച്ചൊരു ഗാനവും കടൽതീരത്തൊരു പ്രണയരംഗവും എത്രയോ സിനിമകളിലുണ്ട്. കഥകളിലും കവിതകളിലും കടലുണ്ടാവും. എന്നാലും ഒരു സമ്പൂർണ കടൽ കഥ (നോവൽ ) ചെമ്മീൻ മാത്രമാണ്.
എന്റെ ഓർമകളിൽ നിറം മങ്ങാത്ത ഒരു കടൽത്തീരമുണ്ട്. തിരുവനന്തപുരംകാർക്ക് സുപരിചിതമായ ശംഖുംമുഖം ബീച്ച്. കുട്ടികളുടെ ഉല്ലാസത്തിനു പ്രാധാന്യം കല്പിച്ചിരുന്ന എന്റെ അച്ഛനമ്മമാർ ഒഴിവു ദിവസങ്ങളിൽ, മിക്കവാറും ഞായറാഴ്ചകളിൽ, ഞങ്ങൾ മക്കളെ ബീച്ചിൽ കൊണ്ടു പോകുമായിരുന്നു.നന്നായി പഠിച്ചാൽ ,നല്ലകുട്ടികളായി കുസൃതി കാട്ടാതെ അനുസരണയോടെ ഇരുന്നാൽ ,നിറയെ ഭക്ഷണം കഴിച്ചാൽ ഒക്കെ കിട്ടുന്ന ഒരു റിവാർഡാണ് വൈകുന്നേരമുള്ള ബീച്ചിൽ പോക്ക് .അറബിക്കടലിന് അന്നിത്ര രൗദ്ര ഭാവമില്ല. അതി വിശാലമായ കടപ്പുറം, പഞ്ചസാര മണൽ, കരയിലേക്കോടിയെത്തി കളിച്ചു ചിരിച്ചു മടങ്ങുന്ന സൗമ്യമായ തിരമാലകൾ. കടലിനു ജീവനുണ്ടെന്നും അതാണ് തിരമാലകൾ ഉണ്ടാവുന്നതെന്നും കുട്ടിക്കാലത്ത് ഞാൻ വിശ്വസിച്ചിരുന്നു. ജീവനില്ലാത്ത ഒരു വസ്തു ഇങ്ങനെ ചലിക്കുന്നതെങ്ങിനെ? അദ്‌ഭുതം തന്നെ .
ബാല്യത്തിലും കൗമാരത്തിലും എത്രയോ സായാഹ്നങ്ങളിൽ ഞാനും എന്റെ ഇളയ കുട്ടികളും ആ മണൽപ്പുറത്ത് ഓടിക്കളിച്ചിട്ടുണ്ട് . തിരമാലകളിൽ കാൽ നനച്ചു രസിച്ചിട്ടുണ്ട്. എന്റെ അമ്മയ്ക്ക് നേരിയ ഭയമുള്ള കൂട്ടത്തിലാണ്. ‘‘മതി മതി കേറ്’’ എന്ന് വിളിച്ചു കൊണ്ടേയിരിക്കും. ആര് കേൾക്കാൻ, ഞങ്ങൾ മുട്ടോളം നനഞ്ഞ് കളിച്ചു തിമർക്കും. ഒടുവിൽ അച്ഛന്റെ വിളി വരണം തിരയിൽ നിന്ന് കയറിപ്പോരാൻ. അപ്പോഴേയ്ക്കും മടങ്ങാൻ നേരമായിട്ടുണ്ടാവും കപ്പലണ്ടിയും കടലയും മാത്രമല്ല അന്ന് മറ്റൊരു വിശിഷ്ട വിഭവം കൂടി ശംഖുംമുഖത്തു കിട്ടുമായിരുന്നു. ആവി പറക്കുന്ന പുഴുങ്ങിയ കടല കടുക് വറുത്ത് അല്പം മുളകുപൊടി തൂവി - ,വാഴയിലയിലാണ് തരുന്നത്. ചൂണ്ടൽ എന്നാണ് അന്നതിനു പറഞ്ഞിരുന്നത്. എന്തൊരു സ്വാദായിരുന്നെന്നോ? ഇന്നത്തെപ്പോലെ വൃത്തികേടും മായവും ഒന്നുമില്ല. ടൂറിസം ഒന്നും ഇത്ര വളർന്നിട്ടില്ലാത്തതിനാൽ തിരക്കും കുറവായിരുന്നു .
നവരാത്രിപൂജ സമയത്ത് ഓരോ ദിവസം ഓരോ നിവേദ്യം ഉണ്ടാക്കുമ്പോൾ കൂട്ടത്തിൽ ചൂണ്ടലും വരാറുണ്ട്. പക്ഷേ പണ്ടത്തെ ആ കടപ്പുറം ചൂണ്ടലിന്റെ രുചി പിന്നീട് തോന്നിയിട്ടില്ല .
അസ്തമയം കാണുന്നതായിരുന്നു ഏറ്റവും സുന്ദരമായ അനുഭവം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തു കൂടി മെല്ലെ പടിഞ്ഞാട്ടേക്കു നീങ്ങി ചക്രവാളത്തിലെത്തി കടലിൽ മുങ്ങുന്ന ചുവന്ന സൂര്യൻ ! (മേഘങ്ങൾ ഉണ്ടെങ്കിൽ ആ കാഴ്ച നഷ്ടമാകും.) സൂര്യൻ പൂർണമായി മറയുന്ന ആ നിമിഷം ആശിക്കുന്നതെന്തും നടക്കുമെന്ന് കൂട്ടുകാരാരോ പറഞ്ഞു തന്നിരുന്നു. അനുജത്തിയും ഞാനും നിർനിമേഷരായി നോക്കി നിൽക്കും, ആ മുഹൂർത്തം നഷ്ടപ്പെട്ടു പോകാതിരിക്കാൻ. എന്തെല്ലാം ആഗ്രഹിച്ചിട്ടുണ്ടെന്നോ ? അങ്ങനെ ആശിച്ചതെന്തെങ്കിലും ലഭിച്ചുവോ ? ഇപ്പോൾ ഓർമ്മയില്ല. ഞങ്ങൾ ഏറെ മുതിർന്നിട്ടും ആ കടപ്പുറം യാത്രകൾ തുടർന്നിരുന്നു. കളിക്കുട്ടി പ്രായമൊക്കെ കഴിഞ്ഞത് കൊണ്ട് മണൽ പുറത്തിരുന്ന് എത്രയോ നേരം കടലിനെയും തിരമാലകളെയും നോക്കിയിരുന്നിട്ടുണ്ട്.
കാലം കഴിഞ്ഞപ്പോൾ കടൽത്തീരമാകെ കടലെടുത്തു പോയി. ഞങ്ങളും പല വഴിക്കു തിരിഞ്ഞു. ഇന്നവിടെ ബീച്ചുണ്ടോ? ഒരുപാടു ശോഷിച്ചു പോയിരിക്കുന്നു .കുറച്ചു മാത്രം മണൽപ്പുറം ഉണ്ടെന്നു തോന്നി. പണ്ടത്തെപ്പോലെ ജനങ്ങൾ വൈകുന്നേരം ചെലവഴിക്കാൻ അവിടെ പോകാറുണ്ടോ? അതും അറിയില്ല .
ചെറുപ്പത്തിൽ കടലിന്റെയും കടൽപ്പുറത്തിന്റെയും തിരകളുടെയും മനോഹാരിത അവർണനീയമായി തോന്നിയിരുന്ന മറ്റൊരിടം കന്യാകുമാരിയായിരുന്നു. അവിടെയും എത്രയോ തവണ പോയി ഉദയവും അസ്തമയവും കണ്ടു. ഇന്നത്തെ കന്യാകുമാരിയല്ല അന്ന്. ഒരു സ്വപ്നതീരം. വിവേകാനന്ദ പാറ പോലും വെറും പാറയായിരുന്നു അന്ന്. മനോഹരമായ മണൽക്കുന്നുകളും തിരമാലകൾ തല്ലിയാർക്കുന്ന പാറക്കെട്ടുകളും, ദേവിയുടെ ക്ഷേത്രവും, മുത്തുകളും ചിപ്പികളും ശംഖും വിൽക്കുന്ന ചെറിയ ഒന്നോ രണ്ടോ കടകളും. അത്രയേ ഉള്ളു. ഇന്നത്തെപോലെ കാഴ്ചകൾ ഒന്നുമില്ല. പിന്നീട് അവിടെ പോയിട്ടുമില്ല.
പിന്നെയും എത്രയോ ബീച്ചുകൾ കണ്ടു. ചെന്നൈയിൽ മെറീന ബീച്ച്, മുംബൈയിൽ ജുഹു, കേരളത്തിലെ തന്നെ (കേരളം മൊത്തത്തിൽ ഒരു കടൽത്തീരദേശമാണല്ലോ ) കോവളം , ചെറായി ,ഫോർട്ട് കൊച്ചി , മുനമ്പം ... പക്ഷേ ഒന്നിനും ആ ചെറുപ്പ കാലത്തെ ശംഖുംമുഖത്തിന്റെ ഭംഗി തോന്നിയില്ല .
ഒരിടത്തും കടൽ അന്നത്തെപ്പോലെ ശാന്തമല്ല എന്ന് തോന്നി . ഏതോ ഭീകരത്വം കൈവരിച്ചതുപോലെ. ഏതു സമയത്തും കരയിലേക്കോടി കയറാനും എല്ലാം തല്ലിത്തകർക്കാനും മനുഷ്യന്റെ ജീവനും സ്വത്തുക്കളും അപഹരിച്ചു കൊണ്ടുപോകാനും തയാറെടുത്തു നിൽക്കുംപോലെ . ആഞ്ഞടിക്കുന്ന തിരകൾ ഭയാനകമായി തോന്നി .
ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്നത്തെക്കുറിച്ചു കൂടി പറയട്ടെ. കടൽത്തീരത്ത് നിൽക്കുമ്പോൾ പലപ്പോഴും കട്ടമരത്തോണിയിൽ കടലിൽ മീൻ പിടിക്കാൻ പോകുന്നവരെ കണ്ടിട്ടുണ്ട്. എങ്ങനെയാണവർ ആ തടിയിലിരുന്ന് തിരമാലയിലൂടെ പൊങ്ങിയും താഴ്ന്നും തുഴഞ്ഞു പോകുന്നത് ? വിസ്മയിപ്പിക്കുന്ന കാഴ്ച ! കട്ടമരത്തിൽ കയറി അവരോടൊപ്പം കടലിൽ പോകണമെന്ന് വല്ലാത്ത മോഹം തോന്നി. എന്റെ ആ സ്വപ്നത്തെക്കുറിച്ച് കേട്ടവരൊക്കെ മോഹൻ ലാൽ സ്റ്റൈലിൽ എന്നോട് ചോദിച്ചു, ‘‘വട്ടാണല്ലേ ?’’ (എന്നാലും ആ മോഹം ഇന്നും മനസ്സിലുണ്ട് .)
ഇതുവരെ സാധിക്കാതെപോയ മറ്റൊരു സ്വപ്നം കൂടി ഉണ്ട്. കടലിനെ
പേനത്തുമ്പിൽ ആവാഹിച്ച് ഒരു കഥയോ, നോവലോ എഴുതണം. നടക്കുമോ എന്തോ ?
English Summary: Web Column Kadhaillayimakal on experiences on seashore